'ചുംബിക്കാനൊരുങ്ങുന്ന ട്രംപും പുട്ടിനും'; ആംസ്റ്റർഡാം പ്രൈഡ് പരേഡിൽ വൈറലായി രാഷ്ട്രീയ ആക്ഷേപഹാസ്യം

'ചുംബിക്കാനൊരുങ്ങുന്ന ട്രംപും പുട്ടിനും'; ആംസ്റ്റർഡാം പ്രൈഡ് പരേഡിൽ വൈറലായി രാഷ്ട്രീയ ആക്ഷേപഹാസ്യം


നയതന്ത്ര ബന്ധങ്ങളെ പരിഹസിച്ച കലാസൃഷ്ടി; സോഷ്യൽ മീഡിയയിൽ ചർച്ചയും വിവാദവും

രാഷ്ട്രീയ വിമർശനങ്ങളും ആക്ഷേപഹാസ്യവും കലയുടെ ഭാഷയിൽ അവതരിപ്പിക്കുന്നതിന് പേരുകേട്ട ആംസ്റ്റർഡാം പ്രൈഡ് കനാൽ പരേഡിൽ ഇത്തവണ ശ്രദ്ധാകേന്ദ്രമായത് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെയും റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനെയും ആസ്പദമാക്കിയ ഭീമൻ ഫ്‌ളോട്ടാണ്. ഇരുവരും പരസ്പരം ചുംബിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത ഇൻഫ്‌ളേറ്റബിൾ ശിൽപം പ്രദർശിപ്പിച്ചതോടെ പരിപാടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

'ദ കിസ്സിങ് കപ്പിൾ' എന്ന പേരിൽ അവതരിപ്പിച്ച കലാസൃഷ്ടിയിൽ പുടിനെ ഓവറോൾ ധരിച്ചും ട്രംപിനെ റെട്രോ ശൈലിയിലുള്ള വസ്ത്രധാരണത്തിലുമാണ് ചിത്രീകരിച്ചത്. പൂക്കൾ കൈയിൽ പിടിച്ച് പരസ്പരം ചുംബിക്കാൻ ഒരുങ്ങുന്ന രീതിയിലുള്ള അവതരണം, സംഗീതവും നൃത്തവും നിറഞ്ഞ പ്രൈഡ് ആഘോഷങ്ങൾക്കിടയിൽ രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന്റെ ഭാഗമായി പ്രദർശിപ്പിക്കുകയായിരുന്നു.

ഈ കലാസൃഷ്ടി ട്രംപും പുടിനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വർഷങ്ങളായി ഉയരുന്ന രാഷ്ട്രീയ വിമർശനങ്ങളിലേക്കുള്ള പരോക്ഷ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ട്രംപിന്റെ ആദ്യ പ്രസിഡൻഷ്യൽ കാലം മുതൽ റഷ്യയോടും പുടിനോടും അദ്ദേഹം മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന ആരോപണം അമേരിക്കൻ രാഷ്ട്രീയത്തിൽ ശക്തമായി ഉയർന്നിരുന്നു. അതിന്റെ പ്രതിഫലനമാണ് ഈ ഫ്‌ളോട്ടെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ, റഷ്യ-യുക്രൈൻ യുദ്ധം തുടരുന്നതിനിടെ യുക്രൈനിന് കൂടുതൽ സൈനിക പിന്തുണ നൽകുമെന്ന് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്. അതിനാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ കലാസൃഷ്ടിക്ക് കൂടുതൽ പ്രസക്തി ലഭിച്ചിരിക്കുകയാണ്.

അതേസമയം, ഫ്‌ളോട്ട് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ വ്യത്യസ്ത പ്രതികരണങ്ങളാണ് ഉയർന്നത്. ചിലർ ഇതിനെ രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന്റെ മികച്ച ഉദാഹരണമെന്നാണ് വിശേഷിപ്പിച്ചത്. മറ്റുചിലർ സങ്കീർണമായ അന്തർദേശീയ നയതന്ത്ര ബന്ധങ്ങളെ അമിതമായി ലഘൂകരിച്ചാണ് അവതരിപ്പിച്ചതെന്നും വിമർശിച്ചു.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഒഴിവാക്കി പുടിനെ മാത്രം ചിത്രീകരിച്ചതെന്തുകൊണ്ടാണെന്ന ചോദ്യവും ചിലർ ഉയർത്തി. ഇറാൻ വിഷയത്തിൽ ട്രംപും നെതന്യാഹുവും പരസ്പരം സമ്മർദം ചെലുത്തിയെന്ന ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ വിമർശനം.

രാഷ്ട്രീയ വിഷയങ്ങളെ കലയുടെ ഭാഷയിൽ അവതരിപ്പിക്കുന്ന ദീർഘകാല പാരമ്പര്യമാണ് ആംസ്റ്റർഡാം പ്രൈഡ് പരേഡിനുള്ളത്. ഇത്തവണ ട്രംപ്-പുടിൻ ഫ്‌ളോട്ട് ആ പാരമ്പര്യം തുടരുന്നതിനൊപ്പം അന്തർദേശീയ രാഷ്ട്രീയത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള പുതിയ ചർച്ചകൾക്കും വഴിതെളിച്ചിരിക്കുകയാണ്.