ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ്; 'വലിയ നാവികസേനാ വ്യൂഹം ആ ദിശയിലേക്ക്'

ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ്; 'വലിയ നാവികസേനാ വ്യൂഹം ആ ദിശയിലേക്ക്'


വാഷിംഗ്ടൺ: അമേരിക്ക ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കാനിടയുണ്ടെന്ന സൂചനയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇറാനിലേക്കായി വലിയ നാവികസേന  നീങ്ങുകയാണെന്നും, സാഹചര്യം അമേരിക്ക അതീവ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത ശേഷം എയർഫോഴ്‌സ് വണ്ണിൽ വാഷിംഗ്ടണിലേക്ക് മടങ്ങുന്നതിനിടെയാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.

'ഇറാനെ ഞങ്ങൾ നിരീക്ഷിക്കുകയാണ്. ആവശ്യമുണ്ടെങ്കിൽ ഉപയോഗിക്കാനായി നിരവധി കപ്പലുകൾ ആ ദിശയിലേക്ക് പോകുന്നുണ്ട്. എന്ത് സംഭവിക്കുമെന്ന് നമുക്ക് കാത്തിരിക്കാം,' ട്രംപ് വ്യക്തമാക്കി. എന്നാൽ സൈനിക ആക്രമണം ഉറപ്പാണെന്ന് അദ്ദേഹം തുറന്ന് പറഞ്ഞില്ല.

ഇറാനിലെ പ്രതിഷേധങ്ങളെ തുടർന്ന് നൂറുകണക്കിന് പേരുടെ വധശിക്ഷ നടപ്പാക്കാനിരുന്ന തീരുമാനം അമേരിക്കയുടെ ശക്തമായ മുന്നറിയിപ്പിനെ തുടർന്നാണ് ഇറാൻ പിൻവലിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. 'വധശിക്ഷകൾ നടപ്പാക്കിയിരുന്നെങ്കിൽ, ഇതുവരെ കണ്ടിട്ടില്ലാത്ത ശക്തിയോടെ പ്രതികരിക്കുമായിരുന്നു,' എന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, അമേരിക്കൻ യുദ്ധക്കപ്പലുകൾ മിഡിൽ ഈസ്റ്റിലേക്കുള്ള നീക്കം ശക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. സൗത്ത് ചൈനാ കടലിൽ ഉണ്ടായിരുന്ന യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള കപ്പലുകൾ പടിഞ്ഞാറോട്ടു നീങ്ങുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. അറ്റ്‌ലാന്റിക് സമുദ്രത്തിൽ ഉണ്ടായിരുന്ന യുഎസ്എസ് ജോർജ് എച്ച്. ഡബ്ല്യു. ബുഷ് യുദ്ധക്കപ്പലും സൈനിക അഭ്യാസങ്ങൾ നടത്തുന്നുവെന്നാണ് വിവരം.

അതേസമയം, ഇറാൻ ചർച്ചകൾക്ക് തയ്യാറാണെന്ന സൂചനയും ട്രംപ് നൽകി. 'ഇറാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഞങ്ങൾ സംസാരിക്കും,' എന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, അമേരിക്ക-ഇറാൻ ബന്ധം വീണ്ടും കടുത്ത സംഘർഷത്തിലേക്കാണോ നീങ്ങുന്നത് എന്ന ആശങ്കകൾ ശക്തമാകുകയാണ്.