ഇറാനെതിരെ സൈനിക നടപടി വ്യാപിപ്പിക്കുമോ? ട്രംപ് ഉന്നതതല ചർച്ച നടത്തി

ഇറാനെതിരെ സൈനിക നടപടി വ്യാപിപ്പിക്കുമോ? ട്രംപ് ഉന്നതതല ചർച്ച നടത്തി


വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടി കൂടുതൽ വ്യാപിപ്പിക്കാനുള്ള സാധ്യതകൾ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി രഹസ്യയോഗം നടത്തി. വിഷയവുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.

ഇറാനുമായി ഉണ്ടായിരുന്ന വെടിനിർത്തൽ കരാർ തകർന്നതിന് പിന്നാലെ ട്രംപ് ദേശീയ സുരക്ഷാ സംഘവുമായി നടത്തുന്ന തുടർച്ചയായ തന്ത്രപരമായ ചർച്ചകളുടെ ഭാഗമായിരുന്നു ഈ യോഗം. എന്നാൽ, ഇറാനെതിരെ കൂടുതൽ ആക്രമണം നടത്തുമോയെന്ന കാര്യത്തിൽ ട്രംപ് അന്തിമ തീരുമാനം എടുത്തതായി വ്യക്തമാക്കിയിട്ടില്ല.

വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിച്ച ട്രംപ്, 'ഞങ്ങൾ പൂർണ സജ്ജരാണ്. ഏത് നടപടിക്കും തയ്യാറാണ്. എന്നാൽ അതേസമയം ഇറാനുമായി ചർച്ചകളും തുടരുകയാണ്,' എന്ന് പറഞ്ഞിരുന്നു.

അതേസമയം, ഇറാനിലേക്കോ ഇറാനിൽ നിന്നോ കപ്പൽഗതാഗതം നിയന്ത്രിക്കുന്ന അമേരിക്കൻ ഉപരോധം ലംഘിക്കാൻ ശ്രമിച്ച മറ്റൊരു കപ്പലിനെ അമേരിക്കൻ സൈന്യം പ്രവർത്തനരഹിതമാക്കിയതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ജൂലൈ 14ന് ഉപരോധം പുനഃസ്ഥാപിച്ചതിനുശേഷം അമേരിക്ക നടപടി സ്വീകരിക്കുന്ന അഞ്ചാമത്തെ കപ്പലാണിത്.

ഇറാഖ്-ഇറാൻ അതിർത്തിയിലെ ഷലാംചെ മേഖലക്ക് സമീപമുള്ള ഒരു സുരക്ഷാ കേന്ദ്രത്തിലും അമേരിക്ക വ്യോമാക്രമണം നടത്തിയതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇറാന്റെ ഭാഗത്തുള്ള അതിർത്തിയിൽ നിന്ന് ഏകദേശം എട്ട് മീറ്റർ അകലെയായിരുന്ന ഈ കെട്ടിടം 'നിയമാനുസൃത സൈനിക ലക്ഷ്യം' ആയിരുന്നുവെന്നാണ് അമേരിക്കയുടെ വിശദീകരണം.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ, കൂടുതൽ സൈനിക നടപടികളുണ്ടാകുമോയെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ശക്തമാണ്.