വാഷിംഗ്ടൺ: ഇറാനിലെ യുദ്ധത്തെതിരെ വത്തിക്കാൻ നിലപാട് ശക്തമാക്കിയ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും കത്തോലിക്ക സഭയുടെ തലവനായ പോപ് ലിയോ പതിനാലാമനും തമ്മിൽ തുറന്ന വാക്‌പോര്. പോപ്പിന്റെ പരാമർശങ്ങളെ തുടർന്ന് ട്രംപ് കടുത്ത വിമർശനവുമായി രംഗത്തെത്തി.
ഞായറാഴ്ച രാത്രി സോഷ്യൽ മീഡിയയിൽ നടത്തിയ പോസ്റ്റിൽ ട്രംപ്, 'പോപ്പ് ലിയോ തന്റെ നിലപാട് തിരുത്തണം. സാധാരണ ബുദ്ധി പ്രയോഗിക്കണം. റാഡിക്കൽ ഇടതുപക്ഷത്തെ അനുകൂലിക്കുന്നത് അവസാനിപ്പിച്ച് മികച്ച പോപ്പാകാൻ ശ്രദ്ധിക്കണം, രാഷ്ട്രീയക്കാരനാകാൻ അല്ല,' എന്ന് പറഞ്ഞു. 'ഇത് അദ്ദേഹത്തിനും കത്തോലിക്ക സഭയ്ക്കും തന്നെ ദോഷകരമാണ്,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് മുമ്പ് വെള്ളിയാഴ്ച, അമേരിക്കൻ ഭരണകൂടം ഇറാൻ യുദ്ധത്തെ ന്യായീകരിക്കാൻ മതപരമായ ഭാഷ ഉപയോഗിക്കുന്നതിനെ പോപ്പ് പരോക്ഷമായി വിമർശിച്ചിരുന്നു. 'ദൈവം യുദ്ധങ്ങളെ അനുഗ്രഹിക്കുന്നില്ല. സമാധാനത്തിന്റെ രാജാവായ ക്രിസ്തുവിനെ അനുഗമിക്കുന്നവർ യുദ്ധത്തെയും ബോംബാക്രമണങ്ങളെയും പിന്തുണയ്ക്കുന്നവരല്ല,' എന്നായിരുന്നു പോപ്പിന്റെ പ്രതികരണം.
ശനിയാഴ്ച നടന്ന പ്രാർഥനാ സംഗമത്തിൽ 'പണത്തിന്റെ ശക്തിയിൽ സ്വയം വിഗ്രഹമായുള്ള ആരാധന അവസാനിപ്പിക്കണം. ശക്തിയുടെ പ്രദർശനം അവസാനിപ്പിക്കണം. യുദ്ധം അവസാനിക്കണം,' എന്ന് പോപ്പ്, ആഹ്വാനം ചെയ്തു. ഇറാന്റെ സംസ്‌കാരം തന്നെ ഇല്ലാതാക്കുമെന്ന് ട്രംപ് പറഞ്ഞതിനെ 'തികച്ചും അംഗീകരിക്കാനാവാത്തത്' എന്നും പോപ്പ് വിമർശിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ രാഷ്ട്രീയ നേതാക്കളെ സമ്മർദത്തിലാക്കാൻ വിശ്വാസികളോട് പോപ്പ് അഭ്യർഥിക്കുകയും ചെയ്തു.
ഇതിനുത്തരമായി ട്രംപ് തന്റെ പോസ്റ്റിൽ, പോപ്പിനെ 'കുറ്റകൃത്യങ്ങൾ സംബന്ധിച്ച് ദുർബലനും വിദേശനയത്തിൽ മോശവുമാണ്' എന്ന് വിമർശിച്ചു. 'ഞാൻ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടതും രാജ്യത്ത് കുറ്റകൃത്യങ്ങൾ കുറച്ചതും ചരിത്രത്തിലെ മികച്ച ഓഹരി വിപണി സൃഷ്ടിച്ചയാളുമാണ്. അത്തരത്തിൽ പ്രവർത്തിക്കുന്ന പ്രസിഡന്റിനെ വിമർശിക്കുന്ന പോപ്പിനെയല്ല ഞാൻ ആഗ്രഹിക്കുന്നത്,' എന്നും ട്രംപ് പറഞ്ഞു.
അമേരിക്കക്കാരനായ പോപ്പ് ലിയോയെ കഴിഞ്ഞ വർഷം തെരഞ്ഞെടുത്തത് തന്നെ നേരിടാനാണ് എന്ന ആരോപണവും ട്രംപ് ഉന്നയിച്ചു 'ഞാൻ വൈറ്റ് ഹൗസിലില്ലായിരുന്നെങ്കിൽ ലിയോ വത്തിക്കാനിലുമുണ്ടാകുമായിരുന്നില്ല,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ ഈ തുറന്ന വിമർശനം അമേരിക്കയിലെ കോടിക്കണക്കിന് കത്തോലിക്ക വിശ്വാസികളുമായി അദ്ദേഹത്തിന് സംഘർഷം സൃഷ്ടിക്കാനിടയാക്കുമെന്നാണ് വിലയിരുത്തൽ. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അടക്കമുള്ള ട്രംപ് ഭരണകൂടത്തിലെ നിരവധി മുതിർന്ന നേതാക്കൾ കത്തോലിക്ക വിശ്വാസികളാണ്.
അതേസമയം, ഞായറാഴ്ച രാത്രി ട്രംപ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ മതവേഷം ധരിച്ച നിലയിൽ ആശുപത്രി കിടക്കയിൽ കിടക്കുന്ന ഒരാളുടെ തലയിൽ കൈവെക്കുന്ന തരത്തിലുള്ള എഐ ചിത്രം പങ്കുവെച്ചതും ശ്രദ്ധേയമായി. ചിത്രത്തിൽ അമേരിക്കൻ പതാകയും കഴുകൻമാരും യുദ്ധവിമാനങ്ങളും പശ്ചാത്തലമായി കാണാം.
2016ലെ പ്രസിഡന്റ തിരഞ്ഞെടുപ്പ് പ്രചാരണകാലത്തും ട്രംപ്, അന്നത്തെ പോപ്പായിരുന്ന ഫ്രാൻസിസിനോടും തുറന്ന അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിരുന്നു. കുടിയേറ്റ നയവും മെക്‌സിക്കോ അതിർത്തിയിൽ മതിൽ നിർമാണവും സംബന്ധിച്ച ട്രംപിന്റെ നിലപാടുകളെ പോപ്പ് വിമർശിച്ചിരുന്നു. പിന്നീട് 2017ൽ ഇരുവരും വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
അന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം 'പോപ്പ് ഫ്രാൻസിസിനെ കാണാൻ കഴിഞ്ഞത് വലിയ ബഹുമതിയാണ്. ലോകത്തിൽ സമാധാനം ഉറപ്പാക്കാൻ കൂടുതൽ പ്രതിജ്ഞാബദ്ധനായാണ്് വത്തിക്കാനിൽ നിന്നു പോരുന്നത് ' എന്നാണ് ട്രംപ് പ്രതികരിച്ചത്.
പോപ്പ് ലിയോയെ കടുത്ത ഭാഷയിൽ വിമർശിച്ച് ട്രംപ്; ഇറാൻ യുദ്ധത്തെ ചൊല്ലി പുതിയ വിവാദം
