അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക-നയതന്ത്ര സംഘർഷങ്ങൾ കടുക്കുന്നതിനിടെ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' ഇറാനെതിരെ വിചിത്രമായ പോസ്റ്റുകളുടെ ഒരു പരമ്പര തന്നെ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു മണിക്കൂറിനുള്ളിൽ ഏഴോളം ഗ്രാഫിക്സുകളാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ഒപ്പം ഡൊണാൾഡ് ട്രംപിന്റെ മുഖം പതിപ്പിച്ച ഇറാൻ ഭൂപടവും പോസ്റ്റ് ചെയ്തിട്ടുണ്ട്. യുഎസിന്റെ സൈനിക-സാമ്പത്തിക സമ്മർദ്ദം ഇറാനിൽ വലിയ ആഘാതമുണ്ടാക്കുന്നുണ്ടെന്നും, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തന്നെ പ്രതിസന്ധിയിലാണെന്നും (ഉപരോധത്താൽ ചുറ്റപ്പെട്ട അവസ്ഥയിലാണെന്നും) വരുത്തിത്തീർക്കാനാണ് അദ്ദേഹം ഈ പോസ്റ്റുകളിലൂടെ ശ്രമിച്ചത്.
ഇറാന്റെ ഔദ്യോഗിക ഭൂപടത്തിന് മുകളിലായി ട്രംപിന്റെ മുഖത്തിന്റെ പാർശ്വചിത്രം ഉൾപ്പെടുത്തി പോസ്റ്റ് ചെയ്ത ഗ്രാഫിക്സാണ് ഇപ്പോൾ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്നത്. ഇറാനെ തന്റെ സ്വന്തം ബ്രാൻഡാക്കി മാറ്റുന്നു എന്ന തരത്തിലായിരുന്നു ഈ പ്രതീകാത്മക പോസ്റ്റ്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് "ട്രംപ് സ്ട്രെയിറ്റ്" എന്ന് പുനർനാമകരണം ചെയ്യണമെന്ന് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം പോസ്റ്റിട്ടിരുന്നു.
"ഹോർമുസ് എണ്ണ നീക്കം തിരിച്ചെത്തി!" (Hormuz Oil Volumes are BACK!) എന്ന തലക്കെട്ടോടെയുള്ള മറ്റൊരു ഗ്രാഫിക്സാണ് ട്രംപ് രണ്ടാമതായി പങ്കുവെച്ചിരിക്കുന്നത്. ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ ജലപാതയുടെ ഭൂപടവും, ഒപ്പം എണ്ണ നീക്കത്തിന്റെ കണക്കുകളും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഘർഷത്തിന് മുമ്പ് പ്രതിദിനം 20 ദശലക്ഷം ബാരൽ ആയിരുന്ന എണ്ണ നീക്കം ഇപ്പോൾ 18 ദശലക്ഷം ബാരൽ എന്ന നിലയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു എന്നാണ് ആ കണക്കുകൾ സൂചിപ്പിക്കുന്നത്.
ആഗോള ഊർജ്ജ വിതരണ ശൃംഖലയിലെ നിർണായക പാതയായ ഹോർമുസ് കടലിടുക്ക് ഈ സംഘർഷത്തിന്റെ കേന്ദ്രബിന്ദുവായി തുടരുകാണ്. ഇവിടത്തെ കപ്പൽ ഗതാഗത തടസ്സങ്ങൾ ലോകമെമ്പാടും എണ്ണവില വർദ്ധിക്കാൻ കാരണമായേക്കാം എന്ന ആശങ്കയുമുണ്ട്. ഇറാനുമേൽ സമ്മർദ്ദം നിലനിർത്തുന്നതിനൊപ്പം തന്നെ, ഈ ജലപാതയിലൂടെയുള്ള എണ്ണ നീക്കം തടസ്സമില്ലാതെ തുടരാനും ട്രംപ് ഭരണകൂടം ശ്രമിക്കുന്നുണ്ട്.
ട്രംപിന്റെ അടുത്ത ലക്ഷ്യം ഇറാനിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ കയറ്റുമതിയാണ്. "ഇറാനിലെ എണ്ണ കയറ്റുമതി കുത്തനെ ഇടിയുന്നു!" എന്ന തലക്കെട്ടുള്ള ഗ്രാഫിക്കിൽ, 2025-ൽ പ്രതിദിനം ഏകദേശം 2 ദശലക്ഷം ബാരൽ എന്ന നിലയിലായിരുന്ന കയറ്റുമതി 2026-ഓടെ പൂജ്യത്തോട് അടുത്ത നിലയിലേക്ക് കുത്തനെ താഴുന്നതും, പിന്നീട് ഭാഗികമായി തിരിച്ചുകയറുന്നതും വിവരിക്കുന്നു. ഉപരോധങ്ങൾ മൂലമുണ്ടാകുന്ന സാമ്പത്തിക ആഘാതങ്ങളും, നാവിക ഉപരോധത്തിലൂടെ എണ്ണ വിൽക്കാനുള്ള ഇറാനിന്റെ ശേഷി തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളും എടുത്തുകാണിക്കാനുള്ള അദ്ദേഹത്തിന്റെ വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് ഈ ചിത്രം. എണ്ണയിൽ നിന്നുള്ള വരുമാനത്തെയാണ് ടെഹ്‌റാൻ പ്രധാനമായും ആശ്രയിക്കുന്നത്. അതിനാൽ, ഈ സാമ്പത്തിക പോരാട്ടത്തിൽ കയറ്റുമതി ഒരു പ്രധാന തർക്കവിഷയമായി മാറുന്നു. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ സമ്മതിച്ചിട്ടുണ്ടെങ്കിലും, യുഎസ് സമ്മർദ്ദം മൂലം തങ്ങളുടെ നിലപാട് മാറ്റാൻ നിർബന്ധിതരാകുമെന്ന വാദം അവർ തള്ളിക്കളയുകയാണ്.
ഇറാൻ റിയാലിന്റെ മൂല്യത്തകർച്ച
ഇറാനിലെ കറൻസിയെ (നാണയത്തെ) കേന്ദ്രീകരിച്ചുള്ളതാണ് മറ്റ് രണ്ട് ഗ്രാഫിക്കുകൾ. "ഇറാനിൽ അതിരൂക്ഷമായ പണപ്പെരുപ്പം " എന്ന് ചൂണ്ടിക്കാട്ടുന്ന ഈ പോസ്റ്റിൽ, 2025-ന്റെ തുടക്കത്തിൽ ഒരു യുഎസ് ഡോളറിന് ഏകദേശം 900,000 റിയാൽ എന്ന നിലയിലായിരുന്ന മൂല്യമെന്നും ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2.27 ദശലക്ഷത്തിലധികം റിയാൽ എന്ന നിലയിലേക്ക് ദുർബലമായെന്നും കാണിക്കുന്നു.
മറ്റൊരു ഗ്രാഫിക് ഇക്കാര്യം കൂടുതൽ വിശദമാക്കുന്നുണ്ട്, "ഇറാനിലെ കറൻസി തകർന്നു". വർദ്ധിച്ചുവരുന്ന സാമ്പത്തിക സമ്മർദ്ദത്തിന്റെ മറ്റൊരു ഫലമെന്ന നിലയിൽ കറൻസിയുടെ തകർച്ചയെ അവതരിപ്പിച്ചുകൊണ്ട്, ഒരു ദശലക്ഷം റിയാലിന്റെ ഡോളർ മൂല്യത്തിലുണ്ടാകുന്ന ഇടിവ് അത് രേഖപ്പെടുത്തുന്നു.
കറൻസിയിലെ ചാഞ്ചാട്ടം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, വിപണി നിയന്ത്രണത്തിലെ പ്രശ്നങ്ങൾ എന്നിവ പ്രധാന വെല്ലുവിളികളാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. എന്നിരുന്നാലും, ഇറാനിലെ സമ്പദ്‌വ്യവസ്ഥ ശരിയാക്കുന്നതിനുള്ള ഉത്തരവാദിത്തം വാഷിംഗ്ടണിനല്ല, മറിച്ച് സ്വന്തം സർക്കാരിനും ജനങ്ങൾക്കുമാണെന്ന് സാമ്പത്തിക മന്ത്രി അലി മദനിസാദെ വ്യക്തമാക്കുന്നു.
'ബൈ ബൈ, ഖാർഗ്'
"ബൈ ബൈ, ഖാർഗ്" എന്ന വാചകത്തിനൊപ്പം, സ്ഫോടനങ്ങളിലും തീജ്വാലകളിലും അകപ്പെട്ട ഒരു എണ്ണ കേന്ദ്രത്തിലേക്ക് അതിവേഗം കുതിക്കുന്ന യുദ്ധവിമാനത്തെ കാണിക്കുന്ന, നിർമ്മിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ഗ്രാഫിക് ആണ് ട്രംപിന്റെ മറ്റൊരു പോസ്റ്റിൽ പങ്കുവെച്ചിട്ടുള്ളത്. ഇറാൻ്റെ പ്രധാന ക്രൂഡ് ഓയിൽ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലുണ്ടാകാവുന്ന ആക്രമണ സാധ്യതയെ സൂചിപ്പിക്കുന്നതാണ് ഈ ചിത്രം. തന്ത്രപ്രധാനമായ പ്രാധാന്യമുള്ള സ്ഥലമാണ് ഖാർഗ്. ചരിത്രപരമായി ഇറാൻ തങ്ങളുടെ ഭൂരിഭാഗം ക്രൂഡ് ഓയിൽ കയറ്റുമതിയും ഈ ദ്വീപ് വഴിയാണ് നടത്തിയിരുന്നത്. അതിനാൽ, അവിടെയുണ്ടാകുന്ന ഏതൊരു നീണ്ടുനിൽക്കുന്ന തടസ്സവും ടെഹ്‌റാൻ്റെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ജീവനാഡികളിലൊന്നിന്മേലുള്ള പ്രഹരമായിരിക്കും.
ഖാർഗുമായി ബന്ധപ്പെട്ട് ട്രംപ് നേരത്തെയും AI-നിർമ്മിത ചിത്രങ്ങൾ ഉപയോഗിച്ചിരുന്നതിൻ്റെ തുടർച്ച കൂടിയാണ് ഈ ചിത്രം. ഓഗസ്റ്റ് 31-ന്, ദ്വീപ് "തകർത്തെറിയപ്പെടുന്ന" ദൃശ്യങ്ങൾ അടങ്ങിയ ഒരു AI വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഈ ക്രൂഡ് ഓയിൽ കയറ്റുമതി കേന്ദ്രം തകർക്കുമെന്ന് അദ്ദേഹം ആവർത്തിച്ച് അവകാശപ്പെട്ടിട്ടുണ്ട്.
'ഇറാൻ ഒരു പരാജയപ്പെട്ട രാഷ്ട്രമാണ്!'
ട്രംപിൻ്റെ ഈ പ്രചാരണ പരമ്പര അവസാനിച്ചിരിക്കുന്നത്, ഇറാൻ്റെ ഭൂപടം ഉൾക്കൊള്ളുന്ന അവസാന ഗ്രാഫിക്കിൽ "ഇറാൻ ഒരു പരാജയപ്പെട്ട രാഷ്ട്രമാണ്!" (Iran is a Failing Nation!) എന്ന വാചകത്തോടെയാണ്. മൊത്തത്തിൽ നോക്കുമ്പോൾ, ഇറാൻ എല്ലാ വശങ്ങളിൽ നിന്നും സമ്മർദ്ദത്തിലാണെന്ന് വരുത്തിത്തീർക്കാനാണ് ട്രംപ് ഈ പോസ്റ്റുകൾ ഉപയോഗിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. എണ്ണ കയറ്റുമതി സമ്മർദ്ദത്തിലാകുക, റിയാലിൻ്റെ മൂല്യം ഇടിയുക, പ്രധാന ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ഭീഷണി നേരിടുക, ഹോർമുസ് കടലിടുക്ക് മറ്റൊരു പ്രധാന സംഘർഷ മേഖലയായി മാറുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
സമ്മർദ്ദത്തെ ചെറുക്കുമെന്ന് ടെഹ്‌റാൻ
അതേസമയം, ട്രംപിന്റെ ഈ വിചിത്രമായ പോസ്റ്റുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളും പരിഹാസങ്ങളും ഉയരുന്നുണ്ട്. ഇത്തരം എഐ വീഡിയോകളെയും പോസ്റ്റുകളെയും "ചിരിച്ചു തള്ളേണ്ട ഒന്ന്" (laughable) എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. എന്നാൽ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ട്രംപിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി, ട്രംപ് തന്റെ സോഷ്യൽ മീഡിയയിലൂടെ ഇറാനുള്ള ഒരു വ്യക്തമായ "സന്ദേശം നൽകുകയാണ്" എന്നാണ് വാൻസ് പ്രതികരിച്ചത്.
വർദ്ധിച്ചുവരുന്ന സാമ്പത്തിക സമ്മർദ്ദം ടെഹ്‌റാൻ അംഗീകരിക്കുന്നുണ്ടെങ്കിലും, ഉപരോധങ്ങൾ തങ്ങളെ നിലപാട് മാറ്റാൻ നിർബന്ധിതരാക്കില്ലെന്ന് ഇറാൻ ഉറപ്പിച്ചു പറയുന്നു. വാഷിംഗ്ടണിന് ഇറാൻ്റെ തീരുമാനങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഇറാൻ സാമ്പത്തിക മന്ത്രി അലി മദനിസാദെ, സർക്കാർ സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ ഇതിനെ നേരിടുമെന്ന് പറഞ്ഞു. "അവർ സാമ്പത്തിക സമ്മർദ്ദത്തെക്കുറിച്ചും ഒറ്റപ്പെടലിനെക്കുറിച്ചും സാമ്പത്തിക ബന്ധങ്ങൾ വിച്ഛേദിക്കുന്നതിനെക്കുറിച്ചും സംസാരിക്കുന്നു; ഒരു രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയിൽ സമ്മർദ്ദം ചെലുത്തുന്നതിലൂടെ അവിടുത്തെ ജനങ്ങളുടെ തീരുമാനങ്ങൾ മാറ്റാൻ കഴിയുമെന്ന് അവർ കരുതുന്നു," മദനിസാദെ പറഞ്ഞു. "ഞാൻ ഒരു കാര്യം വ്യക്തമാക്കുകയാണ്, ഇറാൻ്റെ സമ്പദ്‌വ്യവസ്ഥ പരിഷ്കരിക്കാനുള്ള ഉത്തരവാദിത്തം അവിടുത്തെ സർക്കാരിനും ജനങ്ങൾക്കുമാണ്, അല്ലാതെ യുഎസ് ട്രഷറിക്കല്ല."
കൂടുതൽ ആക്രമണങ്ങൾ ഉണ്ടായാൽ ടെഹ്‌റാൻ്റെ പ്രതികരണം അതിശക്തമായിരിക്കുമെന്ന് ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ് വാഷിംഗ്ടണിന് മുന്നറിയിപ്പ് നൽകി. "കളിയുടെ നിയമങ്ങൾ മാറിയിരിക്കുന്നു" എന്നും, ഇറാൻ്റെ താൽപ്പര്യങ്ങൾക്ക് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണത്തിനും "കൂടുതൽ വേഗത്തിലുള്ളതും കനത്തതും വേദനാജനകവുമായ തിരിച്ചടി" ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് രണ്ട് യുഎസ് നാവികസേനാ കപ്പലുകൾക്കുനേരെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതിനെത്തുടർന്ന്, മൂന്ന് ഇറാനിയൻ ടാങ്കറുകൾ ആക്രമിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു; ഇതോടെ സംഘർഷം സമുദ്രമേഖലയിലേക്കും വ്യാപിച്ചിരിക്കുകയാണ്.
ഇറാനെ ആക്രമിച്ച് ട്രംപിന്റെ വിചിത്രമായ പോസ്റ്റിംഗ് പരമ്പര; ഇറാൻ ഭൂപടത്തിൽ സ്വന്തം മുഖം പതിപ്പിച്ചും പ്രചാരണം
