യുദ്ധം തീരുമ്പോഴും ലക്ഷ്യം നേടാതെ ട്രംപ്

യുദ്ധം തീരുമ്പോഴും ലക്ഷ്യം നേടാതെ ട്രംപ്


വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ യുദ്ധം ആരംഭിച്ചപ്പോള്‍ വ്യക്തമായ ചില ലക്ഷ്യങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കുക, തെഹ്‌റാന്റെ ആണവ പദ്ധതി അവസാനിപ്പിക്കുക, രാജ്യത്തിന്റെ മിസൈല്‍ വ്യവസായത്തെ 'തകര്‍ക്കുക' എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങള്‍. എന്നാല്‍ അമേരിക്കയും ഇറാനും ധാരണാപത്രത്തില്‍ ഒപ്പുവെച്ചതോടെ ട്രംപ് പ്രഖ്യാപിച്ച ഈ ലക്ഷ്യങ്ങള്‍ എത്രത്തോളം കൈവരിക്കാനായെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

ലഭ്യമായ വിവരങ്ങളും സംഭവവികാസങ്ങളും പരിശോധിക്കുമ്പോള്‍ ട്രംപ് പ്രഖ്യാപിച്ച പ്രധാന ലക്ഷ്യങ്ങളില്‍ പലതും യാഥാര്‍ഥ്യമാകാതെ പോയതായി വിലയിരുത്തപ്പെടുന്നു. യുദ്ധം പുരോഗമിക്കുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റിന്റെ ലക്ഷ്യങ്ങളിലും മാറ്റം വന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

യുദ്ധത്തിന് മുമ്പ് സുഗമമായി പ്രവര്‍ത്തിച്ചിരുന്ന ഹോര്‍മുസ് കടലിടുക്ക് സംഘര്‍ഷത്തെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. ഇതോടെ കടലിടുക്ക് വീണ്ടും തുറക്കുക എന്ന പുതിയ ലക്ഷ്യവും ട്രംപ് മുന്നോട്ടുവെച്ചു. ഇറാന്റെ ആണവ ശേഖരം ഇല്ലാതാക്കുക എന്നതും ലക്ഷ്യങ്ങളിലൊന്നായിരുന്നെങ്കിലും, 2015-ലെ ആണവ കരാറില്‍നിന്ന് അമേരിക്ക 2018-ല്‍ പിന്മാറിയതിന് ശേഷമാണ് ഈ വിഷയം വീണ്ടും സജീവമായത്.

ഭരണമാറ്റമെന്ന ലക്ഷ്യം സഫലമായില്ല

യുദ്ധത്തിന് മുമ്പ് ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖംനേയിക്ക് പകരം അദ്ദേഹത്തിന്റെ മകന്‍ മുജ്തബ് ഖംനേയിയാണ് യുദ്ധത്തിന് ശേഷവും രാജ്യത്തെ നയിക്കുന്നത്. ഭരണഘടനാപരമായോ രാഷ്ട്രീയപരമായോ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. അതിനാല്‍, ഇറാന്‍ ഭരണകൂടത്തെ മാറ്റുക എന്ന ട്രംപിന്റെ പ്രധാന ലക്ഷ്യം കൈവരിക്കപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തല്‍.

ആണവ പദ്ധതിക്ക് പരിഹാരമായില്ല

ഇറാന്റെ ആണവ പദ്ധതി പൂര്‍ണമായും അവസാനിപ്പിക്കണമെന്നതായിരുന്നു ട്രംപിന്റെ മറ്റൊരു പ്രഖ്യാപിത ലക്ഷ്യം. ഇതിനായി ഇറാനിലെ പ്രധാന ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിക്കുകയും ചെയ്തു. എന്നിരുന്നാലും, ഈ വിഷയം ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുകയാണ്. ധാരണാപത്രം ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക ചോദ്യങ്ങള്‍ ഭാവിയിലെ ചര്‍ച്ചകള്‍ക്ക് വിട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മിസൈല്‍ പദ്ധതിയെക്കുറിച്ചും വ്യക്തതയില്ല

ഇറാന്റെ മിസൈല്‍ ശേഷി പൂര്‍ണമായും ഇല്ലാതാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയെ ഉദ്ധരിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, മിസൈല്‍ വിഷയം നിലവിലെ ചര്‍ച്ചകളുടെ അജണ്ടയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.

ഹോര്‍മുസ് കടലിടുക്ക് തുറന്നെങ്കിലും സാമ്പത്തിക ആഘാതം

യുദ്ധത്തിന് മുമ്പ് തടസ്സങ്ങളില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഹോര്‍മുസ് കടലിടുക്ക് ധാരണാപത്രത്തിന് പിന്നാലെ വീണ്ടും തുറന്നിട്ടുണ്ട്. എന്നാല്‍ സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഗൗരവമുള്ളതാണെന്നാണ് വിലയിരുത്തല്‍.

യുദ്ധകാലത്ത് ശേഖരിച്ച ഔദ്യോഗിക കണക്കുകള്‍ പ്രകാരം, സംഘര്‍ഷം ആരംഭിച്ചതോടെ കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ഇത് ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഉത്പാദന- വിതരണ മേഖലകളില്‍ പ്രതിസന്ധി സൃഷ്ടിക്കുകയും വിലക്കയറ്റത്തിന് വഴിവെക്കുകയും ചെയ്തു.

അമേരിക്ക- ഇറാന്‍ യുദ്ധത്തിന് വിരാമമായെങ്കിലും ട്രംപ് പ്രഖ്യാപിച്ച പ്രധാന ലക്ഷ്യങ്ങളില്‍ പലതും ഇപ്പോഴും പൂര്‍ത്തീകരിക്കപ്പെടാതെ തുടരുകയാണെന്നതാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.