ഇറാൻ യുദ്ധത്തിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കാൻ നിർ‌ദേശിച്ച് യു.എസ് പ്രതിനിധി സഭ; പ്രമേയം പാസാക്കി

ഇറാൻ യുദ്ധത്തിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കാൻ നിർ‌ദേശിച്ച് യു.എസ് പ്രതിനിധി സഭ; പ്രമേയം പാസാക്കി


ട്രംപിനെതിരേ നാല് റിപ്പബ്ലിക്കന്മാർ ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്നു

വാഷിം​ഗ്ടൺ: ഇറാനെതിരേ കടുത്ത നടപടിയുമായി മുന്നോട്ടുപോകുന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കടുത്ത തിരിച്ചടിയുമായി യു.എസ് പ്രതിനിധി സഭ. ഇറാൻ യുദ്ധത്തിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കാൻ ഉത്തരവിട്ടുകൊണ്ട് യു.എസ് പ്രതിനിധി സഭ ബുധനാഴ്ച ഒരു പ്രമേയം പാസാക്കി. ട്രംപിന്റെ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കൻമാരിൽ നാല് അംഗങ്ങൾ ഈ നടപടിയെ പിന്തുണച്ച് ഡെമോക്രാറ്റുകളോടൊപ്പം ചേർന്നാണ് പ്രമേയം പാസാക്കിയത്. 208നെതിരേ 215 എന്ന വോട്ടിനാണ് അംഗീകാരം നൽകിയത്. 

യുദ്ധം മൂലം അമേരിക്കയിലുണ്ടായ ഇന്ധനവിലക്കയറ്റവും ഉയർന്ന സാമ്പത്തിക ബാധ്യതയും കാരണം വരാനിരിക്കുന്ന മിഡ്‌ടേം തെരഞ്ഞെടുപ്പുകളിൽ തങ്ങൾക്ക് തിരിച്ചടിയുണ്ടാകുമോ എന്ന ഭയത്താലാണ് റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില അംഗങ്ങളെ ഈ പ്രമേയത്തെ പിന്തുണയ്ക്കാൻ പ്രേരിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. പ്രതിനിധി സഭ പാസാക്കിയ പ്രമേയം സെനറ്റിന്റെ അം​ഗീകാരത്തിനായി അയച്ചിട്ടുണ്ട്. സെനറ്റ് പ്രമേയം അം​ഗീകരിച്ചാലും പ്രസിഡന്റിന് വീറ്റോ അധികാരമുളളതിനാൽ ഇത് പ്രതീകാത്മകമായി മാറും.   

മൂന്ന് മാസം മുമ്പ് യുദ്ധം ആരംഭിച്ചതിന് ശേഷം ഇറാനെതിരേയുള്ള സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിന് ട്രംപിനെ നിർബന്ധിക്കാൻ ശ്രമിക്കുന്ന റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള ഹൗസ് അം​ഗീകരിച്ച ആദ്യ നടപടിയാണിത്. കോൺഗ്രസിന്റെ പ്രത്യേക അനുമതിയില്ലാതെ ഇറാനിൽ തുടരുന്ന അമേരിക്കൻ സൈന്യത്തെ പിൻവലിക്കുകയോ, അല്ലെങ്കിൽ തുടരുന്നതിനുള്ള അനുമതി കോൺഗ്രസിൽ നിന്ന് നേടുകയോ ചെയ്യുക എന്നതാണ് ഈ പ്രമേയത്തിന്റെ ലക്ഷ്യം.

"അമേരിക്കൻ ജനതയ്ക്ക് വേണ്ടി ഡോണൾഡ് ട്രംപിനോടുള്ള ഒരു ശക്തമായ സന്ദേശമാണിത്. ഇറാനിലെ അദ്ദേഹത്തിന്റെ ജനപ്രീതിയില്ലാത്തതും നിയമവിരുദ്ധവുമായ യുദ്ധം അവസാനിപ്പിക്കാനുള്ള സമയമാണിത്," ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റി ഡെമോക്രാറ്റുകൾ എക്‌സിൽ പോസ്റ്റ് ചെയ്തു.