ഗ്രീൻലാൻഡിനെ സ്വന്തമാക്കാനുള്ള കടുത്ത നിലപാടുകളിലൂടെ അന്താരാഷ്ട്ര തലത്തിൽ ആശങ്കകൾ സൃഷ്ടിച്ചിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ദാവോസിൽ എത്തിയതോടെ അപ്രതീക്ഷിതമായൊരു ദിശമാറ്റമാണ് നടത്തിയത്. 500 ശതമാനം വരെ തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണിയും ബലപ്രയോഗ സൂചനകളും പിൻവലിച്ച്,നേറ്റോയുമായി ചേർന്ന് ഒരു 'ചട്ടക്കൂട് കരാർ' മുന്നോട്ടുവച്ചത് ട്രംപിന്റെ വിദേശനയത്തിൽ ഒരു തന്ത്രപരമായ മാറ്റമായാണ് കാണപ്പെടുന്നത്.
ആദ്യഘട്ടത്തിൽ ട്രംപ് സ്വീകരിച്ച സമീപനം, 'അമേരിക്കൻ താൽപ്പര്യം' മുന്നിൽ നിർത്തിയുള്ള കടുത്ത ശക്തിപ്രകടനത്തിന്റെ രാഷ്ട്രീയമായിരുന്നു. ഗ്രീൻലാൻഡ് ഏറ്റെടുക്കൽ എന്ന ആശയം വെറും സാമ്പത്തികമോ ഭൂമിശാസ്ത്രമോ ആയ വിഷയമല്ല; അത് നേറ്റോയുടെ ഐക്യത്തിനെയും ട്രാൻസ് അറ്റ്‌ലാന്റിക് ബന്ധങ്ങളെയും നേരിട്ട് ബാധിക്കുന്നതായിരുന്നു. ഇതാണ് യൂറോപ്യൻ രാജ്യങ്ങളെ ഒരുമിച്ച് പ്രതികരിക്കാൻ പ്രേരിപ്പിച്ചത്.
ദാവോസിലെ തിരക്കിനിടയിൽ നടന്ന നയതന്ത്ര ചർച്ചകളാണ് ട്രംപിനെ പുനഃപരിശോധനയ്ക്ക് നിർബന്ധിതനാക്കിയത്. നേറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അവതരിപ്പിച്ച 'ഫ്രെയിംവർക്ക്' കരാർ, ഏറ്റെടുക്കലിന്റെ ഭാഷയിൽ നിന്ന് സഹകരണത്തിന്റെ ഭാഷയിലേക്കുള്ള മാറിപ്പോക്കാണ്. തീരുവ ഭീഷണി പിൻവലിച്ചതും ബലപ്രയോഗം ഒഴിവാക്കിയതും ഈ മാറ്റത്തിന്റെ വ്യക്തമായ സൂചനകളാണ്.
ഈ കരാറിന്റെ ആഴത്തിലുള്ള ലക്ഷ്യം ഗ്രീൻലാൻഡിലെ ധാതുസമ്പത്തുകളിലേക്കുള്ള നിയന്ത്രണമാണെന്നത് വ്യക്തമാണ്. അപൂർവ ഭൂമി-ധാതുക്കളുടെ വലിയ ശേഖരം ഗ്രീൻലാൻഡിലുണ്ടെന്ന വിലയിരുത്തൽ, ചൈനയുമായുള്ള തന്ത്രപരമായ മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയെ കൂടുതൽ ജാഗ്രതയുള്ളതാക്കുന്നത്. 'ഗോൾഡൻ ഡോം' എന്ന മിസൈൽ പ്രതിരോധ സംവിധാനവുമായി ഗ്രീൻലാൻഡിനെ ബന്ധിപ്പിക്കുന്ന ട്രംപിന്റെ പരാമർശവും, ആർട്ടിക് മേഖലയെ അമേരിക്കൻ സുരക്ഷാ ചിന്തയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നു.
അതേസമയം, ഗ്രീൻലാൻഡിന്റെ ചില ഭാഗങ്ങളിൽ മാത്രം അമേരിക്കയ്ക്ക് നിയന്ത്രണമെന്ന ചർച്ചകൾ പുറത്തുവരുന്നത്, 'എന്നേക്കുമായി' എന്ന ട്രംപിന്റെ വാക്കുകൾക്ക് പിന്നിലെ രാഷ്ട്രീയ സങ്കീർണ്ണത തുറന്നുകാട്ടുന്നു. മുഴുവൻ ദ്വീപിനുമേൽ അധികാരം എന്ന ആശയം ഉപേക്ഷിച്ച്, തന്ത്രപ്രധാന മേഖലകളിലേക്കുള്ള പ്രവേശനമാണ് ഇപ്പോൾ ലക്ഷ്യമിടുന്നതെന്ന് ഇതിൽ നിന്ന് വായിക്കാം.
ഡെൻമാർക്കിന്റെ ആശ്വാസപ്രതികരണം ഈ വഴിത്തിരിവിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ബലപ്രയോഗവും വ്യാപാരയുദ്ധവും ഒഴിവാക്കിയതോടെ, സംഘർഷത്തിലേക്കുള്ള നീക്കം താൽക്കാലികമായെങ്കിലും തടയാൻ സാധിച്ചു. എന്നാൽ, ഇത് സ്ഥിരമായ പരിഹാരമാണോ, അല്ലെങ്കിൽ ട്രംപിന്റെ പതിവ് ചർച്ചാ തന്ത്രത്തിലെ മറ്റൊരു ഘട്ടമോ എന്ന സംശയം ഇപ്പോഴും നിലനിൽക്കുന്നു.
ഗ്രീൻലാൻഡ് വിഷയത്തിൽ ട്രംപ് സ്വീകരിച്ച ഈ യു ടേൺ, ശക്തിപ്രയോഗത്തിന്റെ പരിധികളും നയതന്ത്രത്തിന്റെ അനിവാര്യതയും ഒരേസമയം ഓർമിപ്പിക്കുന്നതാണ്. അന്താരാഷ്ട്ര സമ്മർദ്ദം ശക്തമായപ്പോൾ, 'ഡീൽ മേക്കർ' എന്ന തന്റെ പ്രതിച്ഛായ സംരക്ഷിച്ചുകൊണ്ട് പിന്മാറുക എന്നതാണ് ട്രംപ് തെരഞ്ഞെടുത്ത വഴി. ഇത് ട്രംപിന്റെ വിദേശനയത്തിന്റെ മുഖ്യസ്വഭാവം തന്നെ-ഭീഷണിയിലൂടെ ചർച്ച തുറക്കുക, കരാറിലൂടെ അതിൽ നിന്ന് പിന്മാറുക.
ഗ്രീൻലാൻഡ് യുടേൺ: ശക്തിയുടെ രാഷ്ട്രീയം മുതൽ കരാറിന്റെ നയതന്ത്രത്തിലേക്ക് ട്രംപ്
