വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും തന്റെ വ്യാപാര നയത്തിൽ കടുത്ത നിലപാട് സ്വീകരിച്ച് പുതിയ താരിഫ് നടപടികൾ പ്രഖ്യാപിച്ചു. വ്യാഴാഴ്ച പ്രഖ്യാപിച്ച ഈ തീരുമാനങ്ങൾ മരുന്നുകൾക്കും സ്റ്റീൽ, അലുമിനിയം, കോപ്പർ എന്നിവ ഉൾപ്പെടുന്ന ലോഹ ഉൽപ്പന്നങ്ങൾക്കും ബാധകമാണ്.
പുതിയ നയപ്രകാരം വിദേശത്ത് നിർമ്മിക്കുന്ന പാറ്റന്റ് മരുന്നുകൾക്ക് 100 ശതമാനം വരെ താരിഫ് ഏർപ്പെടുത്തും. എന്നാൽ അമേരിക്കയിൽ നിർമ്മാണ യൂണിറ്റുകൾ തുടങ്ങാൻ തയ്യാറാകുന്ന കമ്പനികൾക്ക് ഇളവുകൾ ലഭിക്കും. വലിയ കമ്പനികൾക്ക് 120 ദിവസവും ചെറുകിട സ്ഥാപനങ്ങൾക്ക് 180 ദിവസവും സമയം അനുവദിച്ചിട്ടുണ്ട്.
യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, സ്വിറ്റ്‌സർലാൻഡ് എന്നീ രാജ്യങ്ങൾക്ക് നിലവിലെ കരാറുകളുടെ അടിസ്ഥാനത്തിൽ 15 ശതമാനം താരിഫ് മാത്രമേ ബാധകമാകൂ. യുകെയ്ക്ക് മൂന്നു വർഷത്തേക്ക് താരിഫ് ഒഴിവാക്കിയിട്ടുണ്ട്. ജനറിക് മരുന്നുകൾക്ക് ഈ തീരുമാനം ബാധകമല്ല.
അതേസമയം സ്റ്റീൽ, അലുമിനിയം, കോപ്പർ ഉൽപ്പന്നങ്ങളിൽ നിലവിലുള്ള താരിഫ് സംവിധാനം ലളിതമാക്കി. 15 ശതമാനത്തിൽ കൂടുതൽ ലോഹ ഘടകമുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം താരിഫ് മുഴുവൻ വിലയ്ക്കും ബാധകമാകും.
ഈ നടപടികൾ ഉപഭോക്താക്കളുടെ ചെലവിനെ ബാധിക്കില്ലെന്നാണു ഭരണകൂടത്തിന്റെ വിലയിരുത്തൽ. 'വിലക്കയറ്റമുണ്ടാകില്ല,' എന്നാണു അധികൃതരുടെ പ്രതികരണം.
അമേരിക്കൻ സമയം തിങ്കളാഴ്ച അർധരാത്രി മുതൽ പുതിയ നയം പ്രാബല്യത്തിൽ വരും.
മരുന്നുകളും ലോഹ ഉൽപ്പന്നങ്ങളും ലക്ഷ്യമിട്ട് പുതിയ താരിഫ് നടപടികളുമായി അമേരിക്ക
