വാഷിംഗ്ടണ്‍ / കാരാകാസ്: വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കന്‍ സേന പിടികൂടിയതിനു പിന്നാലെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വയം 'വെനിസ്വേലയിലെ ആക്ടിംഗ് പ്രസിഡന്റ്' എന്ന് പ്രഖ്യാപിച്ചതായി സൂചിപ്പിക്കുന്ന ഡിജിറ്റലി മാറ്റിയ ചിത്രം ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചത് രാജ്യാന്തരതലത്തില്‍ വലിയ വിവാദമായി. വിക്കിപീഡിയ ഔദ്യോഗിക പേജിന്റെ രൂപകല്പനയില്‍ തയ്യാറാക്കിയ ഈ ചിത്രത്തില്‍ ട്രംപിന്റെ ഔദ്യോഗിക ഫോട്ടോയ്ക്കു താഴെ 'Acting President of Venezuela' എന്ന കുറിപ്പുമുണ്ട്. അതേസമയം ക്യൂബയുടെ പ്രസിഡന്റായി മാര്‍ക്കോ റൂബിയോയെ പരിഹസിച്ച് ചിത്രീകരിക്കുന്ന ഒരു പോസ്റ്റും ട്രംപ് 'Sounds good to me' എന്ന കുറിപ്പോടെ ഷെയര്‍ ചെയ്തതോടെ വിമര്‍ശനം ശക്തമാന്നു.
മഡുറോയെ ജനുവരി 3ന് അമേരിക്കന്‍ അധികാരികള്‍ പിടികൂടിയതിനു പിന്നാലെ വെനിസ്വേലയിലെ ഭരണതുടര്‍ച്ച ഉറപ്പാക്കുന്നതിനായി രാജ്യത്തിന്റെ സുപ്രീം ട്രൈബ്യൂണല്‍ ഓഫ് ജസ്റ്റിസ് വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിനെ ഇടക്കാല പ്രസിഡന്റായി നിയമിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഭരണഘടനാപരമായ ഈ ക്രമീകരണമാണ് നിലവില്‍ നിയമസാധുതയുള്ളതെന്ന് കാരാകാസ് വ്യക്തമാക്കി. എന്നിരുന്നാലും, 'എണ്ണ പ്രവാഹം പുനരാരംഭിക്കാന്‍' ഇടക്കാലഘട്ടത്തില്‍ അമേരിക്ക വെനിസ്വേലയെ 'റണ്‍' ചെയ്യുമെന്ന് ട്രംപ് പ്രസ്താവിച്ചതും, പിന്നീട് യുഎസ് 'ഇന്‍ ചാര്‍ജ്' ആണെന്ന അവകാശവാദവും ലാറ്റിന്‍ അമേരിക്കയിലും ഐക്യരാഷ്ട്രസഭയിലും കടുത്ത പ്രതികരണങ്ങള്‍ ഉയര്‍ത്തി.
മഡുറോയുടെ യുഎസ് കോടതിയിലെ ഹാജരാക്കലും ഫെഡറല്‍ കുറ്റകേസുകളും ഇതിനകം തന്നെ സംഘര്‍ഷം വര്‍ധിപ്പിച്ചിരിക്കെ, അദ്ദേഹത്തിന്റെ അറസ്റ്റ് രാജ്യാന്തര നിയമവും പരമാധികാരവും ലംഘിക്കുന്നതാണെന്ന വെനിസ്വേലയുടെ വാദം ശക്തമാണ്. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ യുഎസ് നേരിട്ട് വെനിസ്വേലയെ ഭരിക്കില്ലെന്ന് സൂചന നല്‍കിയിട്ടുണ്ടെങ്കിലും, എണ്ണവ്യാപാരത്തെ നിയന്ത്രിക്കുന്ന 'ഓയില്‍ ക്വാറന്റൈന്‍' തുടരാന്‍ സാധ്യതയുണ്ടെന്ന് അമേരിക്ക വ്യക്തമാക്കുന്നു. ട്രംപിന്റെ സോഷ്യല്‍ മീഡിയ പ്രഖ്യാപനങ്ങള്‍ ഔദ്യോഗിക നയമല്ലെന്ന വാദം വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും, വെനിസ്വേലയിലെ പ്രതിസന്ധി പുതിയ അന്താരാഷ്ട്ര രാഷ്ട്രീയ കൊടുങ്കാറ്റിലേക്ക് നീങ്ങുന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
' വെനിസ്വേലയിലെ ആക്ടിംഗ് പ്രസിഡന്റ ് ' എന്ന് സ്വയം പ്രഖ്യാപിച്ച് ട്രംപ്; വിവാദമായി സോഷ്യല്‍ മീഡിയ പോസ്റ്റ്
