അമേരിക്ക- ഇറാന്‍ സമാധാന കരാര്‍ നെതന്യാഹു തകര്‍ക്കാന്‍ ശ്രമിച്ചു; 'വളരെ ബുദ്ധിമുട്ടുള്ള വ്യക്തി'യെന്ന് ട്രംപ്

അമേരിക്ക- ഇറാന്‍ സമാധാന കരാര്‍ നെതന്യാഹു തകര്‍ക്കാന്‍ ശ്രമിച്ചു; 'വളരെ ബുദ്ധിമുട്ടുള്ള വ്യക്തി'യെന്ന് ട്രംപ്


വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മില്‍ മൂന്ന് മാസത്തിലേറെ നീണ്ടുനിന്ന സംഘര്‍ഷത്തിന് വിരാമമിടുന്ന സമാധാന കരാര്‍ തകര്‍ക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശ്രമിച്ചിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. മധ്യപൗരസ്ത്യ മേഖലയെ അസ്ഥിരമാക്കുകയും ആഗോള എണ്ണ വിതരണത്തെ ബാധിക്കുകയും ചെയ്ത സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് വാഷിങ്ടണും തെഹ്‌റാനും തമ്മില്‍ ധാരണയിലെത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

ഞായറാഴ്ച 'ദ ന്യൂയോര്‍ക്ക് ടൈംസ്'ന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹുവിനെ ട്രംപ് 'വളരെ ബുദ്ധിമുട്ടുള്ള വ്യക്തി' എന്ന് വിശേഷിപ്പിച്ചു. ഇറാനുമായി സമാധാന കരാറിലെത്താന്‍ അമേരിക്ക നടത്തിയ ശ്രമങ്ങള്‍ക്ക് ഇസ്രായേല്‍ നന്ദിയുള്ളവരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സത്യസന്ധമായി പറഞ്ഞാല്‍ കരാര്‍ സാധ്യമാക്കിയതിന് നെതന്യാഹു അമേരിക്കയോട് കടപ്പെട്ടിരിക്കണമെന്നും കാരണം ഇറാന് ആണവായുധം ഉണ്ടായിരുന്നുവെങ്കില്‍ ഇസ്രായേല്‍ രണ്ട് മണിക്കൂര്‍ പോലും നിലനില്‍ക്കുമായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു.

തെഹ്‌റാനുമായി അന്തിമ ആണവകരാര്‍ യാഥാര്‍ഥ്യമാകുന്നില്ലെങ്കില്‍ ഇറാനെതിരായ ആക്രമണങ്ങള്‍ അമേരിക്ക പുന:രാരംഭിക്കുമെന്നും അത്തരം സാഹചര്യത്തില്‍ അമേരിക്ക 'മധ്യപൗരസ്ത്യത്തിന്റെ രക്ഷാധികാരി' ആകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

മധ്യസ്ഥനെന്ന നിലയില്‍ നിര്‍ണായക പങ്കുവഹിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണ പ്രഖ്യാപിച്ചു. കരാര്‍ നിലവില്‍ വന്നതോടെ ഈ ആഴ്ച മധ്യസ്ഥരുടെ നേതൃത്വത്തില്‍ നിരവധി കൂടിക്കാഴ്ചകള്‍ സംഘടിപ്പിക്കുമെന്നും കരാര്‍ നടപ്പാക്കുന്നതിന് മുന്നോടിയായുള്ള ഈ ചര്‍ച്ചകള്‍ സാങ്കേതികതലത്തിലുള്ള ചര്‍ച്ചകള്‍ക്കും ഔദ്യോഗിക ഒപ്പുവെപ്പ് ചടങ്ങിനുമുള്ള അടിത്തറയാകുമെന്നും അദ്ദേഹം എക്സിലെ കുറിപ്പില്‍ വ്യക്തമാക്കി.

 ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ ഇറാനുമായുള്ള സമാധാന കരാര്‍ പൂര്‍ത്തിയായതായി ട്രംപും പ്രഖ്യാപിച്ചു.

അതോടൊപ്പം, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ഗതാഗതം പൂര്‍ണമായി പുന:രാരംഭിക്കാന്‍ അനുമതി നല്‍കുന്നതായും അമേരിക്കന്‍ നാവിക ഉപരോധം ഉടന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. 'ലോകത്തെ കപ്പലുകളേ, യാത്ര ആരംഭിക്കൂ. എണ്ണ വീണ്ടും ഒഴുകട്ടെ,' എന്നാണ് ട്രംപ് പറഞ്ഞത്.

യുദ്ധത്തിന് 'സ്ഥിരവും അടിയന്തരവുമായ അന്ത്യം' പ്രഖ്യാപിച്ച ഇറാന്‍ അമേരിക്കയ്ക്കെതിരായ പോരാട്ടത്തില്‍ വിജയം നേടിയതായി അവകാശപ്പെട്ടു. തങ്ങളുടെ ദുഷ്ടലക്ഷ്യങ്ങള്‍ നടപ്പാക്കാനായി ആക്രമണം നടത്തിയ ശത്രുവിന് എല്ലാ ലക്ഷ്യങ്ങളിലും പരാജയം നേരിടേണ്ടിവന്നുവെന്നും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ഈ യുദ്ധത്തില്‍ വലിയ വിജയങ്ങള്‍ കൈവരിച്ചുവെന്നും ഇറാന്‍ ഉപ വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി പ്രസ്താവനയില്‍ പറഞ്ഞു.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജൂണ്‍ 19-ന് നടക്കാനിരിക്കുന്ന ഔദ്യോഗിക ഒപ്പുവെപ്പിന് മുന്നോടിയായി അമേരിക്കന്‍- ഇറാന്‍ പ്രതിനിധികള്‍ ഈ ആഴ്ച ദോഹയില്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് ഒരു നയതന്ത്ര പ്രതിനിധിയെ ഉദ്ധരിച്ച് എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.