'ട്രംപ്' പോത്ത് ബംഗ്ലാദേശ് മൃഗശാലയിലേക്ക്

'ട്രംപ്' പോത്ത് ബംഗ്ലാദേശ് മൃഗശാലയിലേക്ക്


ധാക്ക: ചീകിവെച്ച സ്വര്‍ണത്തലമുടികക്ക് ട്രംപിന്റെ മുടിയുമായി സാമ്യം തോന്നിയതിനെ തുടര്‍ന്ന് 'ഡൊണള്‍ഡ് ട്രംപ്' എന്നു പേരുവിളിച്ച ബംഗ്ലാദേശില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന വെള്ള നിറത്തിലുള്ള പോത്തിനെ മൃഗശാലയിലേക്ക് മാറ്റാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. ഈദ് അല്‍ അദ്ഹയ്ക്ക് ബലിയര്‍പ്പിക്കാനെത്തിച്ച പോത്തിനെയാണ് അവസാന നിമിഷ മൃഗശാലയിലേക്ക് മാറ്റാന്‍ ഉത്തരവുണ്ടായത്. 

ഏകദേശം 700 കിലോഗ്രാം ഭാരമുള്ള പോത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ സുരക്ഷാ പ്രശ്‌നങ്ങളും അസാധാരണമായ ജനത്തിരക്കും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നാണ് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം ഇടപെട്ടത്. 

ആഭ്യന്തരകാര്യ മന്ത്രി സലാഹുദ്ദീന്‍ അഹമ്മദ് പോത്തിനെ ബലിയില്‍നിന്ന് ഒഴിവാക്കാനും വാങ്ങിയ വ്യക്തിക്ക് പണം തിരിച്ചുനല്‍കാനും മൃഗത്തെ ധാക്കയിലെ ദേശീയ മൃഗശാലയിലേക്ക് മാറ്റാനും നിര്‍ദേശിച്ചു. 

അമേരിക്കന്‍ പ്രസിഡന്റിനോടുള്ള സാമ്യം ശ്രദ്ധിച്ച തന്റെ സഹോദരനാണ് പോത്തിന് ട്രംപെന്ന പേര് നല്‍കിയതെന്ന് ഫാമിന്റെ ഉടമ സിയൗദ്ദീന്‍ മൃദ പറഞ്ഞു. സാധാരണ പോത്തുകളേക്കാള്‍ ശാന്ത സ്വഭാവമുള്ള ഈ മൃഗത്തിന് പ്രത്യേക പരിചരണവും പതിവായി ഭക്ഷണവും കുളിപ്പിക്കലും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശില്‍ സാധാരണയായി ഇരുണ്ട നിറത്തിലുള്ള കന്നുകാലികളാണ് കൂടുതലായുള്ളത്. അതിനാല്‍ വെള്ള നിറത്തിലുള്ള ഈ അപൂര്‍വ്വ പോത്ത് ഈദ് കന്നുകാലി വിപണിയില്‍ ശ്രദ്ധാകേന്ദ്രമായിരുന്നു. എന്നാല്‍ ഒടുവില്‍ അതിന്റെ ജീവന്‍ രക്ഷപ്പെടുത്തിയത് 'ഡൊണാള്‍ഡ് ട്രംപ്' എന്ന വിളിപ്പേരായിരിക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.