ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ നീക്കങ്ങള്‍ നെതന്യാഹുവിനെ ധരിപ്പിച്ച് ട്രംപ്

ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ നീക്കങ്ങള്‍ നെതന്യാഹുവിനെ ധരിപ്പിച്ച് ട്രംപ്


വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ടെലിഫോണില്‍ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. വിവിധ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും അടുത്ത ഏകോപനം തുടരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.

സംഭാഷണത്തിനിടെ ഗള്‍ഫ് മേഖലയിലെ അമേരിക്കയുടെ പുതിയ നീക്കങ്ങളെക്കുറിച്ച് ട്രംപ് നെതന്യാഹുവിനെ ധരിപ്പിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാല്‍ അമേരിക്ക സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക പുതിയ ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇരുനേതാക്കളുടെയും ടെലിഫോണ്‍ സംഭാഷണം.

ഇസ്രായേലിനെതിരെ തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദോഗാനും മറ്റ് തുര്‍ക്കി നേതാക്കളും നടത്തുന്ന പരാമര്‍ശങ്ങള്‍ കൂടുതല്‍ രൂക്ഷമാകുകയാണെന്ന ആശങ്കയും നെതന്യാഹു ട്രംപിനെ അറിയിച്ചു. ഇസ്രായേലിന്റെ നിലനില്‍പ്പിനെതിരായ പ്രസ്താവനകള്‍ ഗൗരവത്തോടെ കാണേണ്ട സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ഇസ്രായേലിന്റെ അതിര്‍ത്തികളില്‍ സുരക്ഷാ മേഖലകള്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും നെതന്യാഹു സംഭാഷണത്തില്‍ ഉന്നയിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അമേരിക്കയുടെ പുതിയ സൈനിക നടപടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇരുനേതാക്കളും ആശയവിനിമയം നടത്തിയത്. ടെലിഫോണ്‍ സംഭാഷണത്തെക്കുറിച്ച് വൈറ്റ് ഹൗസോ പ്രസിഡന്റ് ട്രംപോ ഇതുവരെ പ്രത്യേക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.