ഇറാൻ വിഷയത്തിൽ ഭിന്നത; മാഗാ നേതാക്കളെ കടുത്ത ഭാഷയിൽ വിമർശിച്ച് ട്രംപ്

ഇറാൻ വിഷയത്തിൽ ഭിന്നത; മാഗാ നേതാക്കളെ കടുത്ത ഭാഷയിൽ വിമർശിച്ച് ട്രംപ്


വാഷിംഗ്ടൺ: ഇറാൻ വിഷയത്തിൽ നിലപാട് വ്യത്യാസം ശക്തമാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ മുൻ അനുയായികളായ വലതുപക്ഷ മാധ്യമപ്രവർത്തകരെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ നടത്തിയ പോസ്റ്റിൽ, ട്രംപ്   ടക്കർ കാൾൺ, മെഗിൻ കെല്ലി, കാൻഡാസ് ഓവൻസ്, അലക്‌സ് ജോൺസ് എന്നിവരെ പേരെടുത്ത് വിമർശിച്ചു.

ഇവർ യഥാർത്ഥ 'മാഗാ' പിന്തുണക്കാർ അല്ലെന്നും, ഇറാൻ പോലുള്ള രാജ്യങ്ങൾക്ക് ആണവായുധം ലഭിക്കുന്നതിനെ ഇവർ പിന്തുണയ്ക്കുന്നുവെന്നും ആരോപിച്ചാണ്  ട്രംപിന്റെ വിമർശനം. 'അവർക്ക് ബുദ്ധികുറവാണ്' എന്ന കടുത്ത പരാമർശവും അദ്ദേഹം നടത്തി.

ഇതിനിടെ, ഈ മാധ്യമപ്രവർത്തകരും ട്രംപിനെതിരെ തുറന്ന വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ട്രംപിനെ പദവിയിൽ നിന്ന് നീക്കാൻ 25ാം ഭേദഗതി ഉപയോഗിക്കണമെന്ന് അലക്‌സ് ജോൺസ് ആവശ്യപ്പെട്ടു. കാൻഡസ് ഓവൻസ് ട്രംപിനെ 'മാഡ് കിംഗ്' എന്ന് വിശേഷിപ്പിച്ചപ്പോൾ, ടക്കർ കാർൾസൺ ഇറാനെതിരെ ട്രംപ് നടത്തിയ ഭീഷണികളെ കടുത്ത ഭാഷയിൽ വിമർശിച്ചു.

മെഗിൻ കെല്ലിയും ട്രംപിന്റെ പ്രസ്താവനകൾക്കെതിരെ പ്രതികരിച്ച്, അദ്ദേഹത്തിന്റെ പെരുമാറ്റത്തെ ചോദ്യം ചെയ്തു. ഇറാൻ വിഷയത്തിൽ അമേരിക്കയുടെ ഇടപെടലിനെച്ചൊല്ലി ട്രംപിന്റെ പിന്തുണക്കാർക്കിടയിൽ തന്നെ ഭിന്നത ശക്തമാകുന്നതിന്റെ സൂചനകളാണ് ഇതിലൂടെ പുറത്തുവരുന്നത്.