വാഷിംഗ്ടൺ: ഇറാനെ വെടിനിർത്തലിനു സമ്മതിപ്പിക്കാൻ ചൈന നിർണായക പങ്ക് വഹിച്ചെന്ന് ഡോണൾഡ് ട്രംപ്. ഇറാൻഅമേരിക്ക സംഘർഷത്തിൽ രണ്ട് ആഴ്ചത്തെ വെടിനിർത്തൽ കരാറിന് എത്തിയതിനു പിന്നാലെയാണ് ഈ പ്രതികരണം. ഇതിന് ഇസ്രയേൽ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ട്രംപ് നിശ്ചയിച്ച ആക്രമണ സമയപരിധി അവസാനിക്കാൻ ഒരു മണിക്കൂറിൽ താഴെ മാത്രം ബാക്കി നിൽക്കേയാണ് കരാർ ഉറപ്പായത്. കരാറിന്റെ ഭാഗമായി, പ്രധാന എണ്ണ ഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് പരിമിത കാലത്തേക്ക് വീണ്ടും തുറക്കാൻ ഇറാൻ സമ്മതിച്ചു.
ഇസ്രയേലും വെടിനിർത്തലിന് സമ്മതം നൽകി. പാകിസ്ഥാൻ നേതാക്കളുമായി ട്രംപ് നടത്തിയ ആശയവിനിമയത്തിന് പിന്നാലെയാണ് അവസാന നിമിഷ കരാർ സാധ്യമായതെന്നാണ് വൈറ്റ്ഹൗസ് വ്യക്തമാക്കിയത്.
ഇസ്ലാമാബാദിൽ ചർച്ചകൾ നാളെ
വെടിനിർത്തൽ തങ്ങളുടെ വിജയമായി ഇറാൈൻ വിലയിരുത്തി. സമാധാന ശ്രമങ്ങളുടെ ഭാഗമായി, ഇസ്ലാമാബാദിൽ വെള്ളിയാഴ്ച മുതൽ അമേരിക്കയുമായി ചർച്ചകൾ ആരംഭിക്കുമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്,അറിയിച്ചു.
മധ്യസ്ഥനായ നിലയിൽ, ഇരു രാജ്യങ്ങളുടെയും പ്രതിനിധികളെ ചർച്ചകൾക്കായി ഇസ്ലാമാബാദിൽ സ്വാഗതം ചെയ്യുമെന്ന് ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി. 'അവസാന കരാറിലേക്ക് എത്തുക' എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
'യുദ്ധം അവസാനിച്ചിട്ടില്ല' - ഇറാൻ സുപ്രീം ലീഡർ
ഇതിനിടെ, എല്ലാ സൈനിക വിഭാഗങ്ങളും വെടിനിർത്തൽ പാലിക്കണമെന്ന് ഇറാനിലെ സുപ്രീം ലീഡർ മൊജ്തബ ഖമേനി നിർദ്ദേശിച്ചു. എന്നാൽ ഇത് യുദ്ധത്തിന്റെ അവസാനം അല്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
ഇസ്രയേൽ ആക്രമണം തുടരുന്നതായി റിപ്പോർട്ട്
വെടിനിർത്തൽ പ്രഖ്യാപനത്തിനിടയിലും, ഇസ്രയേൽ ഇറാനിൽ ആക്രമണം തുടരുകയാണെന്ന് ഒരു സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു. ഔദ്യോഗിക സ്ഥിരീകരണമില്ലാതെ നൽകിയ ഈ വിവരങ്ങൾ ആശയക്കുഴപ്പം സൃഷ്ടിച്ചു.
അതേസമയം, ഇറാൻ പിന്തുണയുള്ള സായുധ സംഘടനകളുടെ കൂട്ടായ്മയായ ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് രണ്ട് ആഴ്ചത്തേക്ക് സൈനിക പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുമെന്ന് അറിയിച്ചു.
വെടിനിർത്തലിനൊപ്പം സമാധാന ശ്രമങ്ങൾ ശക്തമാകുന്നതിനിടെ, മേഖലയിലെ സ്ഥിതി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
ചൈന ഇടപെട്ടെന്ന് ട്രംപ്; ഇറാൻ-അമേരിക്ക വെടിനിർത്തലിന് ഇസ്രയേൽ പിന്തുണ
