വാഷിംഗ്ടണ്‍: റഷ്യയും യുക്രെയ്നും പരസ്പരം ഊര്‍ജ അടിസ്ഥാനസൗകര്യങ്ങള്‍ക്കു നേരെ ആക്രമണം നടത്തുന്നത് നിര്‍ത്തിവയ്ക്കുന്ന 'ഊര്‍ജ വെടിനിര്‍ത്തലിന്' ധാരണയായതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. എന്നാല്‍, ഇത്തരമൊരു ധാരണയെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും റഷ്യ സമ്മതിച്ചാല്‍ യുക്രെയ്നും വെടിനിര്‍ത്തലിന് തയ്യാറാണെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കി.
ഒക്ടോബര്‍ 11 ഞായറാഴ്ച ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് വെടിനിര്‍ത്തല്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ ഉടന്‍ പ്രാബല്യത്തില്‍ വരുന്ന ഊര്‍ജ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതിച്ചതായി അദ്ദേഹം കുറിച്ചു. ധാരണ ലംഘിക്കരുതെന്നും ട്രംപ് ഇരുപക്ഷത്തിനും മുന്നറിയിപ്പ് നല്‍കി.
എന്നാല്‍, ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആക്‌സിയോസിനോട് പ്രതികരിച്ച സെലന്‍സ്‌കി, ഇത്തരമൊരു ധാരണയെക്കുറിച്ചുള്ള വാര്‍ത്ത തനിക്ക് പുതിയതാണെന്ന് പറഞ്ഞു. എങ്കിലും റഷ്യക്കാര്‍ ഊര്‍ജ വെടിനിര്‍ത്തലിന് സമ്മതിച്ചാല്‍ യുക്രെയ്നും സമ്മതിക്കും. പ്രസിഡന്റ് ട്രംപ് പുടിനുമായി ഇക്കാര്യത്തില്‍ ധാരണയിലെത്തിയതാണെങ്കില്‍ വെടിനിര്‍ത്തല്‍ എപ്പോള്‍ ആരംഭിക്കുമെന്ന് തങ്ങളെ അറിയിക്കണമെന്നും തങ്ങള്‍ തയ്യാറാണെന്നും അത് അംഗീകരിക്കുമെന്നും സെലന്‍സ്‌കി വ്യക്തമാക്കി.
