ഹോർമുസിനായി ഒറ്റസ്വരത്തിൽ; പരസ്പരം കൈകോർത്ത് ട്രംപും ഷി ജിൻപിം​ഗും

ഹോർമുസിനായി ഒറ്റസ്വരത്തിൽ; പരസ്പരം കൈകോർത്ത് ട്രംപും ഷി ജിൻപിം​ഗും


ബീജിംഗ്: ഹോർമുസ് കടലിടുക്കിലൂടെയുള്ള ജല​ഗതാ​ഗതം തടസമില്ലാതെ തുടരുന്നതിന് ഒന്നിച്ചു നിൽക്കാൻ പരസ്പരം കൈകോർത്ത് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിം​ഗും. ഊർജത്തിന്റെ സ്വതന്ത്ര ഒഴുക്കിനായി ഹോർമുസ് കടലിടുക്ക് തുറന്നിരിക്കണമെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചു. കടൽത്തീരത്തിന്റെ സൈനികവത്കരണത്തെയും അതിന്റെ ഉപയോ​ഗത്തിന് ടോൾ ഈടാക്കാനുള്ള എല്ലാ ശ്രമങ്ങളെയും ഷീ എതിർത്തെന്ന് വ്യാഴാഴ്ച ബീജിംഗിൽ നടന്ന അമേരിക്ക- ചൈന ഉച്ചകോടിക്ക് ശേഷം വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 

ഇറാനുമായി ഒരു സമാധാന കരാറിലെത്താൻ ചൈന ആഗ്രഹിക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ ഏത് തരത്തിലുള്ള സഹായത്തിനും താൻ തയ്യാറാണെന്ന് ഷി ജിൻപിംഗ് അറിയിച്ചതായും ട്രംപ്  ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

എന്നാൽ, ഇറാൻ വിഷയത്തിൽ ചൈനയുടെ സഹായം അമേരിക്ക ആവശ്യപ്പെട്ടിട്ടില്ലെന്നും തങ്ങൾക്ക് അതിന്റെ ആവശ്യമില്ലെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു. ലോകത്തെ ബാധിക്കുന്ന പ്രധാന വിഷയമെന്ന നിലയിലാണ് ചർച്ചയിൽ വിഷയം പരാമർശിച്ചതെന്നും, അമേരിക്കയുടെ നിലപാട് ചൈനയെ ബോധ്യപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് ഇടപെടലിനോട് അമേരിക്കൻ ഭരണകൂടത്തിനുള്ളിലെ ഭിന്നതയാണ് വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്താവനയിലൂടെ പുറത്തുവരുന്നത്.