വാഷിംഗ്ടണ്‍: 2027ല്‍ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കുന്ന അഭയാര്‍ഥികളുടെ എണ്ണം 17,500 ആയി പരിമിതപ്പെടുത്താനും ഇവരില്‍ ഭൂരിഭാഗവും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വെള്ളക്കാരായിരിക്കുമെന്നും ട്രംപ് ഭരണകൂടം യു എസ് കോണ്‍ഗ്രസിനെ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുദ്ധവും സംഘര്‍ഷവും പീഡനവും നേരിടുന്നവര്‍ക്ക് സുരക്ഷിത അഭയകേന്ദ്രത്തിലേക്കുള്ള മാര്‍ഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന അഭയാര്‍ഥി പുനരധിവാസ പദ്ധതിയില്‍ വലിയ മാറ്റങ്ങളാണ് ഭരണകൂടം വരുത്തുന്നത്.
ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാര്‍ ഭൂമി പിടിച്ചെടുക്കലിനും മറ്റ് തരത്തിലുള്ള പീഡനങ്ങള്‍ക്കും ഇരയാകുന്നുണ്ടെന്നും അമേരിക്കയിലെത്തിയാല്‍ സമൂഹവുമായി എളുപ്പത്തില്‍ ഇണങ്ങിച്ചേരാന്‍ സാധ്യതയുണ്ടെന്നും കോണ്‍ഗ്രസിന് നല്കിയ അറിയിപ്പില്‍ ഭരണകൂടം വ്യക്തമാക്കി. എന്നാല്‍ വെള്ളക്കാര്‍ രാജ്യത്ത് പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷമാണെന്ന വാദം ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ പലതവണ തള്ളിയിട്ടുണ്ട്.
ചരിത്രപരമായി ഇരുകക്ഷികളുടെയും പിന്തുണ ലഭിച്ചിരുന്ന അമേരിക്കന്‍ അഭയാര്‍ഥി പദ്ധതിയിലാണ് ട്രംപ് ഭരണകൂടം വലിയ മാറ്റങ്ങള്‍ വരുത്തിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ക്ക് അമേരിക്കയില്‍ പുതിയ ജീവിതം ആരംഭിക്കാന്‍ അവസരം നല്‍കിയിരുന്ന പദ്ധതിയെ വെള്ളക്കാരായ ദക്ഷിണാഫ്രിക്കക്കാരെ അമേരിക്കയില്‍ പുനരധിവസിപ്പിക്കുന്നതിനുള്ള സംവിധാനമായി മാറ്റിയെന്നാണ് വിമര്‍ശനം.
പുതുതായി എത്തുന്ന അഭയാര്‍ഥികളുടെ പുനരധിവാസത്തിനായി ഏകദേശം 50 കോടി ഡോളര്‍ ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഭരണകൂടം കോണ്‍ഗ്രസിനെ അറിയിച്ചു.
അതേസമയം, അഭയാര്‍ഥികളെ അമേരിക്കയില്‍ പുനരധിവസിപ്പിക്കുന്നതില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഭരണകൂടത്തിന്റെ തീരുമാനത്തെ വിമര്‍ശിച്ചു. നാല് പതിറ്റാണ്ടിലേറെയായി അമേരിക്കയുടെ അഭയാര്‍ഥി പദ്ധതി അക്രമവും പീഡനവും നേരിടുന്നവര്‍ക്ക് ജീവന് രക്ഷിക്കാനുള്ള മാര്‍ഗമായിരുന്നുവെന്ന് എച്ച് ഐ എ എസ് വൈസ് പ്രസിഡന്റ് നയോമി സ്റ്റെയിന്‍ബര്‍ഗ് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തങ്ങളുടെ വ്യക്തിത്വത്തിന്റെയും വിശ്വാസങ്ങളുടെയും പേരില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് അഭയം നല്കുന്ന സംവിധാനത്തിലേക്ക് പദ്ധതി തിരിച്ചെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഓരോ വര്‍ഷവും പദ്ധതിയിലൂടെ എത്ര അഭയാര്‍ഥികളെ സ്വീകരിക്കണമെന്ന് തീരുമാനിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റാണ്. വിവിധ ഭൂമേഖലകളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് അവസരം നല്‍കുന്നതിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യുദ്ധങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്ന മാനുഷിക പ്രതിസന്ധികളും പരിഗണിച്ചാണ് സാധാരണയായി എണ്ണം നിശ്ചയിക്കുന്നത്. 1980ല്‍ പദ്ധതി ആരംഭിച്ചതിനുശേഷം പ്രതിവര്‍ഷം ശരാശരി 92,000 അഭയാര്‍ഥികളെ അമേരിക്ക സ്വീകരിച്ചിട്ടുണ്ടെന്ന് എച്ച് ഐ എ എസ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ട്രംപ് ഭരണകൂടം അഭയാര്‍ഥികളുടെ എണ്ണം ആദ്യം 7,500 ആയി നിശ്ചയിച്ചിരുന്നു. ഇവരില്‍ ഭൂരിഭാഗവും ആഫ്രിക്കന്‍ വെള്ളക്കാരായിരുന്നു. പിന്നീട് ദക്ഷിണാഫ്രിക്കയിലെ അപ്രതീക്ഷിത സാഹചര്യങ്ങള്‍ അടിയന്തര അഭയാര്‍ഥി സാഹചര്യം സൃഷ്ടിച്ചെന്നു ചൂണ്ടിക്കാട്ടി എണ്ണം 17,500 ആയി ഉയര്‍ത്തുകയായിരുന്നു.
ട്രംപിന്റെ ആദ്യ ഭരണകാലത്തും പ്രതിവര്‍ഷം അമേരിക്ക സ്വീകരിക്കുന്ന അഭയാര്‍ഥികളുടെ എണ്ണം ഗണ്യമായി കുറച്ചിരുന്നു. തുടര്‍ന്ന് ജോ ബൈഡന് ഭരണകൂടം പദ്ധതി പുനഃസ്ഥാപിക്കുകയും തന്റെ അവസാന വര്‍ഷത്തില്‍ 1.25 ലക്ഷം അഭയാര്‍ഥികളെ സ്വീകരിക്കുകയെന്ന ലക്ഷ്യം പ്രഖ്യാപിക്കുകയും ചെയ്തു.
ട്രംപ് വീണ്ടും വൈറ്റ് ഹൗസില്‍ അധികാരത്തിലെത്തിയതോടെ അഭയാര്‍ഥി പദ്ധതി നിര്‍ത്തിവച്ചിരുന്നു. ഇതോടെ അമേരിക്കയിലേക്ക് വരാന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേര് പ്രതിസന്ധിയിലായി. പിന്നീട് പദ്ധതി പുന:രാരംഭിച്ചെങ്കിലും വെള്ളക്കാരായ ദക്ഷിണാഫ്രിക്കക്കാരെ മാത്രം ഉള്‍പ്പെടുത്തുന്ന രീതിയിലായിരുന്നു പുനഃസംഘടന.
17-ാം നൂറ്റാണ്ടില്‍ ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമായും ഡച്ച്, ഫ്രഞ്ച് കോളനിക്കാരുടെ പിന്‍ഗാമികളാണ് ഇവര്‍. ബ്രിട്ടീഷ് വംശജരായ ദക്ഷിണാഫ്രിക്കക്കാരും ഉള്‍പ്പെടുന്ന രാജ്യത്തെ വെള്ളക്കാരുടെ ന്യൂനപക്ഷ വിഭാഗങ്ങളിലൊന്നാണ് ഇവര്‍.
1948 മുതല്‍ 1994 വരെ ദക്ഷിണാഫ്രിക്കയില്‍ നിലനിന്ന വംശീയ വേര്‍തിരിവ് അധിഷ്ഠിതമായ അപാര്ത്യ്ഡ് സംവിധാനത്തില്‍ ഇവര്‍ക്ക് പ്രധാന പങ്കുണ്ടായിരുന്നു. 1994ല്‍ നെല്‍സണ്‍ മണ്ടേല രാജ്യത്തെ ആദ്യ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റായി അധികാരമേറ്റതോടെയാണ് ആദ്യ ജനാധിപത്യ, എല്ലാ വംശങ്ങളെയും ഉള്‍പ്പെടുത്തിയ തെരഞ്ഞെടുപ്പിലൂടെ അപാര്ത്യ്ഡ് കാലഘട്ടത്തിന് അന്ത്യം കുറിച്ചത്. അപാര്തെയ്ഡിലെ ഇവരുടെ പങ്ക് ചില വംശീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായെങ്കിലും ഭൂരിഭാഗം പേരും മറ്റ് ദക്ഷിണാഫ്രിക്കക്കാരെപ്പോലെ രാജ്യത്തെ ബഹുവംശീയ ജനാധിപത്യ സംവിധാനത്തെ പൊതുവെ അംഗീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
