സഖാറ: ഈജിപ്തിലെ നാലായിരം വര്‍ഷം പഴക്കമുള്ള പിരമിഡില്‍ പടം വരച്ച ടൂര്‍ ഗൈഡ് അറസ്റ്റില്‍. ഈജിപ്തിലെ ടൂറിസം വകുപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്. സഖാറയിലെ ഉനാസ് പിരമിഡില്‍ നിയമം ലംഘിച്ച് ചിത്രം വരച്ചുവെന്ന് കാണിച്ച് ലോക്കല്‍ പുരാവസ്തു ഇന്‍സ്‌പെക്ടര്‍ നല്‍കിയ പരാതിയിലാണ് നടപടി. അല്‍ അമീര്‍ എന്നയാളാണ് അറസ്റ്റിലായത്. ഒരു സംഘം വിനോദസഞ്ചാരികളുമായി എത്തിയ അമീര്‍ ചോക്കു കൊണ്ട് പിരമിഡില്‍ വരയ്ക്കുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്.
പിന്നീട് അമീര്‍ പരസ്യമായി മാപ്പു ചോദിക്കുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്. ഈജിപ്തിലെ നിയമം അനുസരിച്ച് പുരവസ്തുക്കള്‍ നശിപ്പിക്കുന്നത് ഒരു വര്‍ഷം വരെ തടവും അഞ്ച് ലക്ഷം ഈജിപ്ഷ്യന്‍ പൗണ്ട് പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
പുരാതന ഈജിപ്തിലെ അഞ്ചാം വംശത്തിലെ അവസാന ഭരണാധികാരിയായ ഫറവോ ഉനാസിനു വേണ്ടി നിര്‍മിച്ചതാണ് സഖാറയിലെ പിരമിഡ്. ഈ പിരമിഡിനുള്ളില്‍ കണ്ടെത്തിയ ചില വാക്കുകളും ലിപികളുമെല്ലാം പുരാതന ഈജിപ്തിലെ വിശ്വാസങ്ങളെക്കുറിച്ച് മനസിലാക്കാന്‍ ഗവേഷകരെ സഹായിച്ചിരുന്നു. 1881ലാണ് ഈ പിരമിഡ് കണ്ടെത്തിയത്.
