ഗാസ സിറ്റിയുടെ തെക്ക് പടിഞ്ഞാറുള്ള ടെല്‍ അല്‍ഹാവ പ്രദേശത്ത് ഇസ്രയേല്‍ സൈന്യം നടത്തിയ ലക്ഷ്യബദ്ധമായ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ റാഡ് സാദ് കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ശനിയാഴ്ച (ഡിസംബര്‍ 13) നടന്ന ആക്രമണത്തില്‍ സാദ് ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. സിവിലിയന്‍ വാഹനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പലസ്തീന്‍ ആരോഗ്യ വകുപ്പും ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സിയും അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് വാഹനം തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചു.
ഹമാസിന്റെ ആയുധ നിര്‍മ്മാണ വിഭാഗത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന റാഡ് സാദ്, 2023 ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടന്ന ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളാണെന്ന് ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു. ഗാസയിലെ 'യെല്ലോ സോണ്‍' മേഖലയിലുണ്ടായ ഹമാസ് സ്ഥാപിച്ച സ്‌ഫോടക ഉപകരണത്തിന്റെ പൊട്ടിത്തെറിയില്‍ ഇസ്രയേല്‍ സൈനികര്‍ക്ക് പരിക്കേറ്റതിന് പിന്നാലെയായിരുന്നു ഈ ആക്രമണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സും വ്യക്തമാക്കി.
അതേസമയം, ഹമാസ് കേന്ദ്രങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ രണ്ട് റിസര്‍വ് സൈനികര്‍ക്ക് നേരിയ പരിക്കേറ്റതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ടെല്‍ അല്‍ഹാവയില്‍ നടന്ന വ്യോമാക്രമണം സാദിനെ ലക്ഷ്യമിട്ട പ്രത്യേക ഓപ്പറേഷന്റെ ഭാഗമായിരുന്നോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒക്ടോബര്‍ ആദ്യം നിലവില്‍ വന്ന ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ഏറെ ദുര്‍ബലമാണെന്നും ഇരുവിഭാഗങ്ങളും പരസ്പരം ലംഘനാരോപണം തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെടിനിര്‍ത്തല്‍ നിലനില്‍ക്കുമ്പോഴും ഗാസയുടെ വലിയ ഭാഗങ്ങളില്‍ ഇസ്രയേല്‍ സൈനിക നിയന്ത്രണം തുടരുകയാണ്. സംഘര്‍ഷം വീണ്ടും രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പും സൈന്യം നല്‍കി.
ഇതിനിടെ, ഗാസയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന വേറിട്ട സംഭവങ്ങളില്‍ 17, 18 വയസ്സുള്ള രണ്ട് കൗമാരക്കാര്‍ ഇസ്രയേല്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേരുടെ മൃതദേഹങ്ങള്‍ അല്‍ഷിഫ ആശുപത്രിയിലേക്ക് മാറ്റി. 25ലേറെ പേര്‍ക്ക് പരുക്കേറ്റു. നിരവധി മിസൈലുകള്‍ വാഹനത്തെ ലക്ഷ്യമിട്ടതായി നാട്ടുകാര്‍ പറഞ്ഞു. കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളും ചിതറിയ ശരീരഭാഗങ്ങളും പ്രദേശത്ത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അടിയന്തരസേന എത്തുന്നതിന് മുമ്പ് നാട്ടുകാര്‍ തന്നെ തീ അണയ്ക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; ഹമാസിന്റെ മുതിര്‍ന്ന കമാന്‍ഡര്‍ റാഡ് സാദ് കൊല്ലപ്പെട്ടു
