ഇസ്ലാമാബാദ്: ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ അർത്ഥവത്തായ ചർച്ചകൾക്ക് വേദിയൊരുക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചു. മാർച്ച് 29 ഞായറാഴ്ച ഇസ്‌ലാമാബാദിൽ സൗദി അറേബ്യ, ഈജിപ്ത്, തുർക്കി രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പാകിസ്ഥാൻ ഈ നിലപാട് അറിയിച്ചത്. ചർച്ചകൾക്ക് യുഎന്നിന്റെയും ചൈനയുടെയും പിന്തുണ ലഭിച്ചതായും പാകിസ്ഥാൻ വ്യക്തമാക്കി.
ഇസ്‌ലാമാബാദിൽ നടക്കാവുന്ന യുഎസ്-ഇറാൻ ചർച്ചകൾക്ക് സന്ദർശക മന്ത്രിമാർ പൂർണ പിന്തുണ അറിയിച്ചെന്ന് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ പറഞ്ഞു. സംഭാഷണവും നയതന്ത്രവും വഴിയാണ് പ്രശ്‌നപരിഹാരം സാധ്യമാകുകയെന്ന് പാകിസ്ഥാൻ ആവർത്തിച്ചു. ഇരുരാജ്യങ്ങളും ചർച്ചകൾക്ക് സൗകര്യമൊരുക്കുന്നതിൽ ഇസ്‌ലാമാബാദിനെ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനുമായുള്ള ദീർഘകാല ബന്ധവും ഗൾഫ് രാജ്യങ്ങളുമായുള്ള അടുത്ത ബന്ധവും, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും സൈന്യാധിപൻ അസിം മുനീറിനും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള വ്യക്തിപരമായ ബന്ധവും മധ്യസ്ഥതയ്ക്ക് സഹായകരമാകുമെന്നാണു പാകിസ്ഥാന്റെ വിലയിരുത്തൽ. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചിയുമായും അമേരിക്കൻ ഭരണകൂടത്തോടും പാകിസ്ഥാൻ നേതൃത്വം സ്ഥിരമായി ബന്ധപ്പെടുന്നുവെന്നും അറിയിച്ചു.
ഹോർമുസ് കടലിടുക്കിലൂടെ ഇന്ധന ഇറക്കുമതിയിൽ ആശ്രയിക്കുന്ന പാകിസ്ഥാന് ഈ സംഘർഷം സാമ്പത്തികമായും വലിയ വെല്ലുവിളിയാണ്. കപ്പൽഗതാഗത തടസ്സം ഇന്ധനവില ഉയരാനും വിതരണത്തിൽ പ്രതിസന്ധി സൃഷ്ടിക്കാനും ഇടയാക്കും. ഇതിനിടെ, മധ്യസ്ഥത ശ്രമങ്ങൾക്കുശേഷം പാകിസ്ഥാൻ പതാകയുള്ള 20 കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുമതി നൽകിയതായും റിപ്പോർട്ടുണ്ട്.
ഇസ്‌ലാമാബാദിൽ കർശന സുരക്ഷയിൽ നടന്ന ചർച്ചയിൽ അമേരിക്ക, ഇറാൻ, ഇസ്രായേൽ പ്രതിനിധികൾ പങ്കെടുത്തില്ല. സംഘർഷം വ്യാപിക്കുന്നത് തടയാനും ചർച്ചകൾക്ക് വഴിയൊരുക്കാനുമുള്ള ശ്രമങ്ങളാണ് യോഗം പ്രധാനമായും പരിഗണിച്ചതെന്ന് ഈജിപ്ത് വ്യക്തമാക്കി. ഈജിപ്തിന്റെ ബദർ അബ്ദെലത്തി, തുർക്കിയുടെ ഹക്കാൻ ഫിദാൻ, സൗദി അറേബ്യയുടെ ഫൈസൽ ബിൻ ഫർഹാൻ എന്നിവരാണ് പാക് പ്രധാനമന്ത്രി ഷെരീഫിനെയും സൈന്യാധിപൻ മുനീറിനെയും കണ്ട് ചർച്ചകൾ നടത്തിയത്.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങളോടെയാണ് യുദ്ധത്തിന് തുടക്കമായത്. തുടർന്ന് ഉണ്ടായ തിരിച്ചടികളിൽ ഇറാൻ സുപ്രീം നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സംഘർഷം ശക്തമായി. പിന്നീട് ഗൾഫ് മേഖലയിലെ അമേരിക്കൻ താവളങ്ങളെയും ഇസ്രായേലിനെയും ലക്ഷ്യമിട്ട് ഇറാൻ വ്യാപകമായി ആക്രമണം തുടരുകയാണ്.
