1.3 മില്യൺ ഫോളോവേഴ്‌സുള്ള താരത്തെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു; കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക തർക്കമെന്ന് സംശയം
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ പ്രമുഖ ടിക്‌ടോക് താരം ഷംസോ ബിബി എന്ന ആയിഷ ഗിലാമാൻ (28) വെടിയേറ്റ് മരിച്ചു. ഓഗസ്റ്റ് 14ന് ടാക്‌സിലയിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടപേർ കാർ തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു. കഴുത്തിന് വെടിയേറ്റ ഷംസോ ബിബി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കവും ഇതേത്തുടർന്നുണ്ടായ ഭീഷണികളുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ബിബിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. കാഷിഫ് എന്നയാൾ ഫോണിൽ വിളിച്ച് പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ബിബി സഹോദരിക്കും സഹോദരനുമൊപ്പം കാറിൽ വീട്ടിൽനിന്ന് പുറപ്പെട്ടതായാണ് പരാതിയിൽ പറയുന്നത്.
മാർക്കറ്റിന് സമീപമെത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ടുപേർ വാഹനം തടഞ്ഞു. തുടർന്ന് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിനിടെ കാർ നിയന്ത്രണം വിട്ട് ട്രക്കിൽ ഇടിക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന ബിബിയുടെ സഹോദരിക്കും ഗുരുതരമായി പരക്കേറ്റതായി റിപ്പോർട്ടുണ്ട്.
ഭീഷണിയുണ്ടായിരുന്നതായി പിതാവിന്റെ പരാതി
കഴിഞ്ഞ മൂന്ന്-നാല് വർഷമായി ടിക്‌ടോക്കിൽ സജീവമായിരുന്ന ഷംസോ ബിബിക്ക് ഏകദേശം 1.3 മില്യൺ ഫോളോവേഴ്‌സുണ്ടായിരുന്നു. പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് രണ്ട് പുരുഷന്മാർ മകളെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്നും പിതാവ് പൊലീസിനോട് പറഞ്ഞു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ കൃത്യമായ കാരണം, ഗൂഢാലോചനയിൽ ആരൊക്കെയാണ് ഉൾപ്പെട്ടത് തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.
സോഷ്യൽ മീഡിയയിൽ വലിയ ജനപിന്തുണയുണ്ടായിരുന്ന യുവതിയുടെ കൊലപാതകം പാക്കിസ്ഥാനിൽ വ്യാപക ശ്രദ്ധ നേടിയിട്ടുണ്ട്. വ്യക്തിപരമായ സാമ്പത്തിക തർക്കങ്ങൾ, ഓൺലൈൻ പ്രശസ്തി, ഭീഷണികൾ എന്നിവ എങ്ങനെ ഗുരുതരമായ അക്രമത്തിലേക്ക് വഴിമാറുന്നു എന്നതിലേക്കും സംഭവം ശ്രദ്ധ തിരിക്കുന്നു
