ഇസ്രയേലിനെ 'ധൈര്യശാലിയായ സഖ്യകക്ഷി' എന്ന് പ്രശംസിച്ച് ട്രംപ്; ഇറാന്റെ പരിഹാസത്തിനിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളുടെ മഴ

ഇസ്രയേലിനെ 'ധൈര്യശാലിയായ സഖ്യകക്ഷി' എന്ന് പ്രശംസിച്ച് ട്രംപ്; ഇറാന്റെ പരിഹാസത്തിനിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളുടെ മഴ


വാഷിംഗ്ടൺ: ഇസ്രയേലിനെ ശക്തമായി പിന്തുണച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്ത്. 'ധൈര്യശാലിയും വിശ്വസ്തനും ബുദ്ധിമാനുമായ മഹത്തായ പങ്കാളി ' എന്നാണ് ഇസ്രായേലിനെ അദ്ദേഹം വിശേഷിപ്പിച്ചത്. യുദ്ധസാഹചര്യങ്ങളിൽ എങ്ങനെ വിജയിക്കണമെന്ന് അറിയുന്ന രാജ്യമാണ് ഇസ്രയേൽ എന്നും ട്രംപ് പറഞ്ഞു.

ഇസ്രയേലിനെ പ്രശംസിച്ച ട്രംപ്, മറ്റ് അമേരിക്കൻ സഖ്യരാജ്യങ്ങളെ വിമർശിക്കുകയും ചെയ്തു. സംഘർഷ സമയത്ത് അവ 'യഥാർത്ഥ മുഖം' കാട്ടിയെന്നാണ് ആരോപണം. പ്രത്യേകിച്ച് ചഅഠഛ രാജ്യങ്ങൾ ഇറാനെതിരായ യുദ്ധത്തിൽ പിന്തുണ നൽകാത്തതിനെ തുടർന്ന് ട്രംപ് കടുത്ത വിമർശനം ഉന്നയിച്ചു. അമേരിക്ക നാറ്റോയിൽ നിന്ന് പിന്മാറാനുള്ള സാധ്യതയും അദ്ദേഹം സൂചിപ്പിച്ചു.

ഇതിനിടെ, ഇറാൻ എംബസി ട്രംപിനെ പരിഹസിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ('ബിബി') ബ്ലോക്ക് ചെയ്യണമെന്ന് വരെ നിർദേശിച്ചാണ് ഇറാൻ പരിഹാസം ഉയർത്തിയത്.

ഇതിനു പിന്നാലെ ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ തുടർച്ചയായി നിരവധി പോസ്റ്റുകൾ പങ്കുവച്ചു. ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ഡസൻ കണക്കിന് പോസ്റ്റുകൾ അദ്ദേഹം പ്രസിദ്ധീകരിച്ചതായാണ് റിപ്പോർട്ടുകൾ.

യുദ്ധത്തിന് തുടക്കമിട്ടത് ഇസ്രയേലാണെന്ന് ഇറാൻ ആരോപിച്ചു. 'അമേരിക്ക ഫസ്റ്റ്' നയത്തിന് പകരം ട്രംപ്  'ഇസ്രയേൽ ഫസ്റ്റ്' സമീപനമാണ് സ്വീകരിക്കുന്നതെന്നും ഇറാൻ വിമർശിച്ചു. അതേസമയം, ഇസ്രയേലിന്റെ സമ്മർദത്തെ തുടർന്നാണ് അമേരിക്ക യുദ്ധത്തിലേക്ക് കടന്നത് എന്ന ആരോപണം ട്രംപ് നിഷേധിച്ചു.

ഇറാൻ ആക്രമണം നടത്താനിരിക്കുകയാണെന്ന് തോന്നിയതിനാൽ മുൻകരുതലായി നടപടിയെടുത്തതാണെന്നും, ഇസ്രയേലിനെ താനാണ് ആവശ്യമെങ്കിൽ യുദ്ധം ചെയ്യാൻ പ്രേരിപ്പിച്ചതെന്നുമാണ് ട്രംപിന്റെ പ്രതികരണം.

സംഘർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ, അമേരിക്ക-ഇറാൻ-ഇസ്രയേൽ ബന്ധങ്ങൾ കൂടുതൽ സംഘർഷഭരിതമാകുകയാണ്.