വാഷിംഗ്ടൺ : ക്യൂബൻ നേതാവ് റൗൾ കാസ്‌ട്രോക്കെതിരായ അമേരിക്കൻ കുറ്റപത്രത്തെ 'വളരെ വലിയ സംഭവം' എന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് [ഡോണൾഡ് ട്രംപ് എന്നാൽ ക്യൂബയ്‌ക്കെതിരെ കൂടുതൽ സംഘർഷാവസ്ഥ സൃഷ്ടിക്കേണ്ട സാഹചര്യമില്ലെന്നും ട്രംപ് വ്യക്തമാക്കി.
'അവിടെ സ്ഥിതി തകർന്നിരിക്കുകയാണ്. രാജ്യം നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയിലാണ്. കൂടുതൽ കടുത്ത നടപടികൾ ആവശ്യമാണെന്ന് ഞാൻ കരുതുന്നില്ല,' ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, ക്യൂബയ്‌ക്കെതിരായ അമേരിക്കൻ സാമ്പത്തിക ഉപരോധത്തെക്കുറിച്ച് ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നും ട്രംപ് സൂചന നൽകി. പതിറ്റാണ്ടുകളായി അമേരിക്ക തുടരുന്ന സാമ്പത്തിക ഉപരോധവും എണ്ണ നിയന്ത്രണങ്ങളും ക്യൂബയുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.
1996ൽ മയാമി ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയായ 'ബ്രദേഴ്‌സ് ടു ദ റസ്‌ക്യൂ'യുടെ രണ്ട് സിവിലിയൻ വിമാനങ്ങൾ ക്യൂബൻ തീരത്തിന് സമീപം വെടിവെച്ച് തകർത്ത സംഭവവുമായി ബന്ധപ്പെട്ടാണ് റൗൾ കാസ്‌ട്രോയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ചൂട് തിരിച്ചറിയുന്ന മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. അന്ന് ക്യൂബയുടെ പ്രതിരോധ മന്ത്രിയായിരുന്ന കാസ്‌ട്രോ ആക്രമണത്തിന് അനുമതി നൽകിയെന്നാണ് അമേരിക്കൻ പ്രോസിക്യൂട്ടർമാരുടെ ആരോപണം.
സംഭവത്തിൽ കൊല്ലപ്പെട്ട നാല് പേരിൽ ഒരാളായ മാരിയോ ഡെ ല പെനയുടെ അമ്മ മിരിയം ഡെ ല പെന കുറ്റപത്രത്തെ സ്വാഗതം ചെയ്തു. 'അദ്ദേഹത്തിന്റെ പ്രായം പ്രശ്‌നമല്ല. സ്‌ട്രെച്ചറിൽ കൊണ്ടുവന്നായാലും വിചാരണ ചെയ്യാം,' അവർ പ്രതികരിച്ചു.
അതേസമയം, കുറ്റപത്രത്തെ ക്യൂബ ശക്തമായി അപലപിച്ചു. 'ഇത് നിന്ദ്യവും രാഷ്ട്രീയ പ്രകോപനപരവുമായ നടപടിയാണ്,' ക്യൂബൻ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. 1996ലെ സംഭവത്തെക്കുറിച്ചുള്ള വസ്തുതകൾ അമേരിക്ക വളച്ചൊടിക്കുകയാണെന്നും ഹവാന ആരോപിച്ചു.
അമേരിക്കയുടെ നടപടി ഇതിനകം തന്നെ തകർച്ച നേരിടുന്ന യു.എസ്.-ക്യൂബ ബന്ധം കൂടുതൽ മോശമാക്കുമെന്ന് ഹവാനയിലെ നിരവധി പേർ പ്രതികരിച്ചു. ക്യൂബൻ വ്യോമപരിധി പലതവണ ലംഘിച്ച വിമാനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയ ശേഷമാണ് നടപടി എടുത്തതെന്ന നിലപാടിലാണ് ക്യൂബ ഇപ്പോഴും.
അന്തർദേശീയ ജലാതിർത്തികളിൽ അമേരിക്ക നടത്തിയ സൈനിക നടപടികളിൽ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അതേ രാജ്യം ഇപ്പോൾ മനുഷ്യാവകാശം സംസാരിക്കുന്നത് കാപട്യമാണെന്നും ക്യൂബ ആരോപിച്ചു. ക്യൂബൻ ജനതക്കെതിരായ 'കൂട്ടശിക്ഷ' ന്യായീകരിക്കാനാണ് പുതിയ കുറ്റപത്രമെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
റൗൾ കാസ്‌ട്രോയ്‌ക്കെതിരായ കുറ്റപത്രം 'വലിയ സംഭവം'; ക്യൂബയ്‌ക്കെതിരെ കൂടുതൽ കടുത്ത നടപടിയില്ലെന്ന് ട്രംപ്
