ട്രംപ്-കിം ജോങ് ഉന്‍ കൂടിക്കാഴ്ചയ്ക്ക് നയതന്ത്ര, യാത്രാ തടസ്സങ്ങള്‍; ഏഷ്യന്‍ പര്യടനത്തില്‍ ട്രംപ്

ട്രംപ്-കിം ജോങ് ഉന്‍ കൂടിക്കാഴ്ചയ്ക്ക് നയതന്ത്ര, യാത്രാ തടസ്സങ്ങള്‍; ഏഷ്യന്‍ പര്യടനത്തില്‍ ട്രംപ്


വാഷിംഗ്ടണ്‍:  ഏഷ്യന്‍ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ചര്‍ച്ച നടത്തുന്നതിനുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏഷ്യന്‍ പര്യടനം ആരംഭിച്ചു. പര്യടനത്തിനിടെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന സൂചനയും ട്രംപ് നല്‍കി. എന്നാല്‍ അത്തരമൊരു കൂടിക്കാഴ്ചയ്ക്ക് നയതന്ത്രപരമായ അനിശ്ചിതത്വങ്ങള്‍ക്കു പുറമെ യാത്രാ സൗകര്യങ്ങളുമായി ബന്ധപ്പെട്ട തടസ്സങ്ങളുമുണ്ടെന്നാണ് വിലയിരുത്തല്‍.

വൈറ്റ് ഹൗസില്‍നിന്ന് തിങ്കളാഴ്ച രാവിലെ യാത്ര തിരിക്കുന്നതിനിടെ, ചൈനയില്‍ കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയേക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സാധ്യത തള്ളിക്കളയാനാവില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റേതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'അദ്ദേഹം വന്നേക്കാം. എനിക്കറിയില്ല. അത് പ്രസിഡന്റ് ഷിയുടെ തീരുമാനമാണ്' എന്നായിരുന്നു ട്രംപിന്റെ മറുപടി.

ഉത്തരകൊറിയയുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ട്രംപ് നേരത്തേ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇതുവരെ വ്യക്തമായ ഒരുക്കങ്ങള്‍ നടന്നിട്ടില്ല. കിം അന്താരാഷ്ട്ര യാത്രകള്‍ക്ക് വിമാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും 2018ല്‍ ചൈനയുടെ ബോയിങ് 747-400 വിമാനത്തില്‍ സിംഗപ്പൂരിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തിയതാണ് അവസാനമായി പരസ്യമായി സ്ഥിരീകരിക്കപ്പെട്ട വിമാനയാത്ര. അതിനുശേഷം അതിര്‍ത്തി കടന്നുള്ള ഏതാനും ഹ്രസ്വയാത്രകള്‍ കാറിലും മറ്റു യാത്രകള്‍ അതീവ സുരക്ഷയുള്ള പ്രത്യേക ട്രെയിനുകളിലുമായിരുന്നു.

ഉത്തരകൊറിയയുടെ പ്രത്യേക ട്രെയിനുകള്‍ മണിക്കൂറില്‍ ശരാശരി 35 മൈല്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത്. ചൈനയിലെ മെച്ചപ്പെട്ട റെയില്‍പാതകളില്‍ പരമാവധി വേഗം മണിക്കൂറില്‍ 50 മൈല്‍ വരെയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്യോങ്യാങില്‍നിന്ന് ചൈനയിലെ ഷെന്‍ഷെനിലേക്ക് കവചിത ട്രെയിനില്‍ യാത്ര ചെയ്യുകയാണെങ്കില്‍ ഒരു ദിശയിലേക്കുള്ള യാത്രയ്ക്ക് 60 മണിക്കൂര്‍ വരെ വേണ്ടിവരും. കഴിഞ്ഞ മാസം ചൈനയും ഉത്തരകൊറിയയും തമ്മില്‍ പുതുതായി തുറന്ന പാലത്തിലൂടെ കാറില്‍ കിം ജോങ് ഉന്‍ ചൈനയിലെത്തിയതായി ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആ ഹ്രസ്വ സന്ദര്‍ശനത്തിനിടെ ഷി ജിന്‍പിങ്ങുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നില്ല.

ഏഷ്യപസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയില്‍ (എപെക്) കിം പങ്കെടുക്കാനുള്ള സാധ്യത കുറവാണെന്ന് ദക്ഷിണകൊറിയയുടെ ഉന്നത നയതന്ത്ര പ്രതിനിധി നേരത്തേ വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയ എപെകിലെ അംഗമല്ലെന്നതും കിം ഇതുവരെ ഉച്ചകോടിയില്‍ പങ്കെടുത്തിട്ടില്ലെന്നതും കൂടിക്കാഴ്ചയുടെ സാധ്യതയെ ബാധിക്കുന്ന ഘടകങ്ങളാണ്.

അതേസമയം, ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ഫിലിപ്പീന്‍സില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പുറപ്പെട്ട ട്രംപിന്റെ എയര്‍ഫോഴ്‌സ് വണ്‍ വിമാനം കാലാവസ്ഥാ പ്രശ്‌നത്തെത്തുടര്‍ന്ന് യാത്രാമധ്യേ വഴിതിരിച്ചുവിട്ടു. ആങ്കറേജിലെ എല്‍മെന്‍ഡോര്‍ഫ് വ്യോമതാവളത്തിലായിരുന്നു ഇന്ധനം നിറയ്ക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വിമാനം അലാസ്‌കയിലെ ഫെയര്‍ബാങ്ക്‌സ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നുവെന്ന് വൈറ്റ് ഹൗസ് യാത്രാ സംഘത്തെ അറിയിച്ചു. ഇന്ത്യന്‍ സമയം കണക്കാക്കുമ്പോള്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെ വിമാനം മനിലയിലെ നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചൈനയില്‍ നടക്കുന്ന എപെക് ഉച്ചകോടിയുടെ ഭാഗമായി അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ ആദ്യമായി ത്രികക്ഷി കൂടിക്കാഴ്ച നടത്തുമെന്നും മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇറാനിലെ യുദ്ധം സംബന്ധിച്ച വിഷയങ്ങള്‍ ട്രംപ്, ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ എന്നിവരുടെ ചര്‍ച്ചയില്‍ ഇടംപിടിക്കും. എന്നാല്‍ യുക്രെയ്ന്‍ യുദ്ധം ത്രികക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കാന്‍ ട്രംപ് ഉദ്ദേശിക്കുന്നില്ലെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.