യുകെ വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കും. ഈ മാതൃക യുഎസിനും പിന്തുടരാമോ?

യുകെ വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കും. ഈ മാതൃക യുഎസിനും പിന്തുടരാമോ?


യുകെയിലെ ജനാധിപത്യത്തെ ആധുനികവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി പരിഷ്‌കാരങ്ങളുടെ ഭാഗമായി വോട്ടിംഗ് പ്രായം 18 ല്‍ നിന്ന് 16 ആയി കുറയ്ക്കുന്നതിനുള്ള നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ബാങ്ക് കാര്‍ഡുകള്‍ വോട്ടര്‍ ഐഡിയായി ഉപയോഗിക്കാന്‍ അനുവദിക്കുന്നതും രാഷ്ട്രീയ സംഭാവനകള്‍ സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമാക്കുന്നതും ഉള്‍പ്പെടെ 'ഭൂകമ്പപരമായ മാറ്റങ്ങള്‍' എന്ന് വിശേഷിപ്പിക്കാവുന്ന നിരവധി കാര്യങ്ങളാണ് വ്യാഴാഴ്ച ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ചത്.

എന്നാല്‍, അടുത്ത പൊതുതിരഞ്ഞെടുപ്പ് മുതല്‍ 16 ഉം 17 ഉം വയസ്സുള്ളവര്‍ക്ക് വോട്ടുചെയ്യാന്‍ അനുവാദമുണ്ടാകുമെന്നതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായ മാറ്റം. 2029 ഓഗസ്റ്റിലാണ് പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ എത്രയും പെട്ടെന്ന് ഒരു തിരഞ്ഞെടുപ്പിലേക്ക് പോകാന്‍ ആഗ്രഹിച്ചാല്‍ പ്രധാനമന്ത്രിക്ക് വേണമെങ്കില്‍ അത് തീരുമാനിക്കാം.

'നമ്മുടെ ജനാധിപത്യത്തെ നമുക്ക് നിസ്സാരമായി കാണാനാവില്ല, നമ്മുടെ തിരഞ്ഞെടുപ്പുകളെ ദുരുപയോഗത്തില്‍ നിന്ന് സംരക്ഷിക്കുന്നതിലൂടെയും പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിലൂടെയും ഭാവിയിലേക്കുള്ള നമ്മുടെ സമൂഹത്തിന്റെ അടിത്തറ ശക്തിപ്പെടുത്തും,' ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ലേബര്‍ പാര്‍ട്ടി വോട്ടിംഗ് പ്രായം കുറയ്ക്കുന്നതിനെ കുറിച്ച് പ്രചാരണം നടത്തിയിരുന്നു.  വെറും 59.7% പോളിംഗ് മാത്രമാണ് ആ തെരഞ്ഞെടുപ്പ് രേഖപ്പെടുത്തിയത്. 2001 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വോട്ടിംഗ്ശതമാനമായിരുന്നു അത്. ലേബര്‍ പാര്‍ട്ടിക്ക് ഹൗസ് ഓഫ് കോമണ്‍സില്‍ ഭൂരിപക്ഷം ഉള്ളതിനാലും, ഭരണകക്ഷിയുടെ പ്ലാറ്റ്‌ഫോമില്‍ വാഗ്ദാനം ചെയ്യുന്ന ബില്ലുകള്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സ് പരമ്പരാഗതമായി തടയാറില്ല എന്നതിനാലും  പുതിയ പരിഷ്‌കാരങ്ങള്‍ നിയമമാകണമെങ്കില്‍ പാര്‍ലമെന്റ് പാസാക്കേണ്ടതുണ്ട്.

സ്‌കോട്ട്‌ലന്‍ഡും വെയില്‍സും ഇതിനകം തന്നെ 16ഉം 17ഉം വയസ്സുള്ളവര്‍ക്ക് ചില തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. പുതുതായി നിര്‍ദ്ദേശിച്ച ഈ മാറ്റം യുകെയിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ടുചെയ്യാന്‍ ഏകദേശം 1.6 ദശലക്ഷം കൗമാരക്കാരെ അനുവദിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകമെമ്പാടുമുള്ള ഏകദേശം 90% രാജ്യങ്ങളിലും പ്രദേശങ്ങളിലും വോട്ടിംഗ് പ്രായം 18 അല്ലെങ്കില്‍ അതില്‍ കൂടുതല്‍  ആണെന്ന് യുണിസെഫ് പറയുന്നു. എന്നാല്‍ ഓസ്‌ട്രേലിയ, ബ്രസീല്‍, ക്യൂബ, ഇക്വഡോര്‍, ഗ്രീസ്, ഇന്തോനേഷ്യ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വോട്ടിംഗ് പ്രായം 16 ഉം/അല്ലെങ്കില്‍ 17 ഉം ആയി കുറച്ചിട്ടുണ്ട്. ഈ പട്ടികയില്‍ യുകെയും ചേരുകയാണ്.

പൊതുതെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും 18 വയസ്സ് തികയുന്ന 17 കാര്‍ക്ക് പ്രാഥമിക തിരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാന്‍ മൂന്നിലൊന്ന് യുഎസ് സംസ്ഥാനങ്ങളില്‍ അനുവാദമുണ്ട്. മേരിലാന്‍ഡിലെ ഒരു ഡസന്‍ യുഎസ് നഗരങ്ങളില്‍ 16 വയസ്സ് പ്രായമുള്ളവര്‍ക്ക് പോലും സ്‌കൂള്‍ ബോര്‍ഡ് തിരഞ്ഞെടുപ്പുകളിലോ എല്ലാ തദ്ദേശ തിരഞ്ഞെടുപ്പുകളിലോ വോട്ടുചെയ്യാന്‍ അനുമതിയുണ്ടെന്ന് യുവാക്കള്‍ക്ക് വേണ്ടി വാദിക്കുന്ന നാഷണല്‍ യൂത്ത് റൈറ്റ്‌സ് അസോസിയേഷന്‍ പറയുന്നു.

ബ്രിട്ടന്‍ യുവാക്കളുടെ ശബ്ദവും രാഷ്ട്രീയ പ്രക്രിയയില്‍ പങ്കാളിത്തവും വികസിപ്പിക്കുന്നത് കാണുന്നതില്‍ നിന്ന് പ്രചോദനവും പ്രോത്സാഹനവും ലഭിക്കുന്നുണ്ടെന്ന് യുഎസിലെ യുവാക്കളുടെ രാഷ്ട്രീയ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റി പ്രോഗ്രാമായ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ & റിസര്‍ച്ച് ഓണ്‍ സിവിക് ലേണിംഗ് ആന്‍ഡ് എന്‍ഗേജ്‌മെന്റ് (സിആര്‍ക്കിള്‍) ലെ കമ്മ്യൂണിക്കേഷന്‍സ് ടീം ലീഡായ ആല്‍ബെര്‍ട്ടോ മെഡിന പറയുന്നു.

'ഏതാനും സംസ്ഥാനങ്ങള്‍ എന്നതില്‍ നിന്ന് ദേശീയ തലത്തില്‍ ഈ മാറ്റം സംഭവിക്കുന്നത് കാണുന്നത് ആവേശകരമാണ്,' മഡിന പറയുന്നു. 'യുഎസില്‍ യുവാക്കളുടെ പങ്കാളിത്തം എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇത് തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ഒന്നാണെന്ന് താന്‍ കരുതുന്നുവെന്ന് മഡിന പറഞ്ഞു.

ഗുണദോഷങ്ങള്‍ എന്തൊക്കെയാണ്?

വോട്ടിംഗ് പ്രായം കുറയ്ക്കുന്നത് യുകെയിലും യുഎസിലും ഭിന്നതയുള്ള വിഷയമാണ്.

16 വയസ്സുള്ളവര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാന്‍ വേണ്ടത്ര പക്വതയില്ല എന്നതാണ് പൊതുവായ വിമര്‍ശനം.

പുതുകാലത്തിലെ പ്രവണതകള്‍ക്ക് അനുസൃതമായി, യുവ വോട്ടര്‍മാര്‍ യാഥാസ്ഥിതികരെക്കാള്‍ ലിബറല്‍ പാര്‍ട്ടികളെ പിന്തുണയ്ക്കുമെന്ന ആശങ്ക കാരണം ഇത് രാഷ്ട്രീയമായി സ്പര്‍ശിക്കുന്ന ഒരു വിഷയമാണ്. പ്രത്യേകിച്ച് യുഎസില്‍ ഇത് അത്ര വ്യക്തമായിരിക്കണമെന്നില്ല എന്ന് മഡീന അഭിപ്രായപ്പെടുന്നു: 30 വയസ്സിന് താഴെയുള്ള വോട്ടര്‍മാര്‍ വളരെക്കാലമായി ഡെമോക്രാറ്റുകളുടെ ഒരു ശക്തികേന്ദ്രമായിരുന്നെങ്കിലും, 2024 ല്‍ അവര്‍ പ്രസിഡന്റ് ട്രംപിന് അനുകൂലമായ ശക്തമായ ചായ് പ്രകടിപ്പിച്ചു.

 സ്‌കൂളില്‍ പഠിക്കുന്നതിനാല്‍ അവര്‍ക്ക് തിരഞ്ഞെടുപ്പുകളെക്കുറിച്ച് പഠിക്കാനും നിലവിലെ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാനും രജിസ്‌ട്രേഷനുള്ള പിന്തുണ നേടാനും കഴിയുമെന്നതിനാല്‍ 16 വയസ്സുള്ള കുട്ടികള്‍ക്ക് മറ്റ് വോട്ടര്‍മാരേക്കാള്‍ തുല്യമായോ അതിലും മികച്ചതോ ആയ വിവരങ്ങള്‍ ഉണ്ടായിരിക്കാമെന്നാണ് പ്രായം കുറയ്ക്കുന്നതിനുവേണ്ടി വാദിക്കുന്നവര്‍ പറയുന്നത്.

16 വയസ്സുള്ള കുട്ടികള്‍ക്ക് വാഹനമോടിക്കാനും ജോലി ചെയ്യാനും സൈന്യത്തില്‍ ചേരാനും കഴിയുമെങ്കില്‍, അവര്‍ക്ക് വോട്ട് ചെയ്യാനും കഴിയുമെന്ന് അവര്‍ പറയുന്നു. 1971ല്‍  സൈന്യത്തില്‍ ചേരാന്‍ 18 വയസുള്ള ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ  നിര്‍ബന്ധിതരാക്കിയ വിയറ്റ്‌നാം യുദ്ധം, വോട്ടിംഗ് പ്രായം 21 ല്‍ നിന്ന് 18 ആയി കുറയ്ക്കുന്നതില്‍ ഒരു വലിയ ഘടകമായിരുന്നുവെന്ന് മഡീന പറയുന്നു.

യുകെയില്‍, 16 വയസ്സുള്ളവര്‍ക്ക് മാതാപിതാക്കളുടെ സമ്മതത്തോടെ സൈന്യത്തില്‍ ചേരാനും മുഴുവന്‍ സമയ ജോലി ചെയ്യാനും നിയമസാധുതയുണ്ട്. അതായത് ചിലര്‍ ഇതിനകം നികുതി അടയ്ക്കുന്നുണ്ട്. മാറ്റത്തെ അനുകൂലിക്കുന്ന പ്രധാന വാദങ്ങളിലൊന്നാണിത്.

'നിങ്ങള്‍ നികുതി നല്‍കിയാല്‍, നിങ്ങളുടെ പണം എന്തിന് ചെലവഴിക്കണമെന്ന്, സര്‍ക്കാര്‍ ഏത് വഴിക്ക് പോകണമെന്ന് പറയാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കണമെന്ന് ഞാന്‍ കരുതുന്നു,'പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വ്യാഴാഴ്ച പറഞ്ഞു.

എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലുള്‍പ്പെടെയുള്ള വിമര്‍ശകര്‍, 16 വയസ്സുള്ളവര്‍ക്ക് നിയമപരമായി മദ്യമോ ലോട്ടറി ടിക്കറ്റോ വാങ്ങാനോ വിവാഹം കഴിക്കാനോ യുകെയില്‍ തിരഞ്ഞെടുപ്പിന് മത്സരിക്കാനോ കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ മാറ്റം യഥാര്‍ത്ഥത്തില്‍ കൂടുതല്‍ യുവാക്കളെ വോട്ടെടുപ്പിലേക്ക് നയിക്കുമെന്ന സംശയമാണ് അവരെ എതിര്‍പ്പിന് പ്രേരിപ്പിക്കുന്നത്.

ഐടിവി ന്യൂസിനുവേണ്ടി മെര്‍ലിന്‍ സ്ട്രാറ്റജി 16 ഉം 17 ഉം വയസ്സുള്ള 500 പേരില്‍ നടത്തിയ ഒരു സര്‍വേയില്‍, നാളെ ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ തീര്‍ച്ചയായും വോട്ട് ചെയ്യുമെന്ന് 18% പേര്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ എന്ന് കണ്ടെത്തി. എന്നാല്‍ വോട്ടിംഗ് പ്രായം കുറയ്ക്കുന്നതിനെക്കുറിച്ച് അഭിപ്രായം തേടിയപ്പോള്‍ 51% അനുകൂലിക്കുകയും 49% എതിര്‍ക്കുകയും ചെയ്തു.