സമ്മർദ്ദം ശക്തമാക്കി യുഎഇയും ​ഗൾഫ് രാജ്യങ്ങളും; മറുഭീഷണിയുമായി ഇറാൻ, രണ്ടും കല്പിച്ചിറങ്ങുകയാണോ ഇറാൻ?

സമ്മർദ്ദം ശക്തമാക്കി യുഎഇയും ​ഗൾഫ് രാജ്യങ്ങളും; മറുഭീഷണിയുമായി ഇറാൻ, രണ്ടും കല്പിച്ചിറങ്ങുകയാണോ ഇറാൻ?


അമേരിക്കൻ ഉപരോധത്തിന് പിന്നാലെ കടുത്ത സാമ്പത്തിക നടപടികളിലേക്ക് കടന്നിരിക്കുകയാണ് യുഎഇയും. ​​ഗൾഫ് രാജ്യങ്ങൾ തുടരുന്ന സമ്മർദ്ദങ്ങൾക്ക് പുറമേയാണ് ഇറാന് കനത്ത തിരിച്ചടിയായുള്ള യുഎഇ സാമ്പത്തിക ഉപരോധവും. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനുമായുള്ള എല്ലാത്തരം വ്യാപാര, വാണിജ്യ, സാമ്പത്തിക ഇടപാടുകളും പൂർണ്ണമായി നിർത്തുന്നെന്നാണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്. ടെഹ്‌റാനിൽ നിന്ന് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ എത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് യുഎഇ ഈ കടുത്ത നടപടിയിലേക്ക് നീങ്ങിയത്. 

ഇതിന് മറുഭീഷണിയുമായാണ് ഇറാൻ രം​ഗത്തെത്തിയിരിക്കുന്നത്. യുഎസിന് സഹായം നൽകുന്ന ​ഗൾഫ് രാജ്യങ്ങൾ ​ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് ഇറാൻ ഔദ്യോ​ഗികമായി ഭീഷണി മുഴക്കിയിരിക്കുന്നത്. യുഎസിന് അവരുടെ സൈനിക ആവശ്യങ്ങൾക്കായി ഗൾഫ് രാജ്യങ്ങൾ ഏതെങ്കിലും വിധത്തിലുള്ള സഹായമോ പിന്തുണയോ നൽകിയാൽ, അത് യുഎസിന്റെ സൈനിക നീക്കങ്ങളിൽ നേരിട്ട് പങ്ക്‌ചേരുന്നതിന് തുല്യമായി കണക്കാക്കുമെന്ന് ഇറാനിയൻ സായുധ സേന മുന്നറിയിപ്പ് നൽകി. അമേരിക്കൻ വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ സൗകര്യം നൽകുന്നതും കുറ്റകരമാണെന്നും ഇറാൻ പറയുന്നു. 

ജൂലൈ പന്ത്രണ്ടിന് ശേഷമുള്ള ആദ്യ ആക്രമണ ശ്രമമാണ് ചൊവ്വാഴ്ച യുഎഇയിക്കെതിരേ ഉണ്ടായത്. നാവിക ഗതാഗത സംവിധാനങ്ങളെ ലക്ഷ്യം വെച്ചെത്തിയ രണ്ട് മിസൈലുകൾ യുഎഇ തകർത്തു. ഇതിൽ ഒരു മിസൈൽ സമുദ്രാതിർത്തിക്ക് പുറത്തും മറ്റൊന്ന് അതിർത്തിക്കുള്ളിലുമാണ് പതിച്ചത്. തുടർന്ന് രാജ്യത്തെ താമസക്കാർക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ ഫോൺ മുന്നറിയിപ്പും നൽകിയിരുന്നു. ഇതേത്തു‌ർന്നാണ് ഇറാനുമായി എല്ലാ വ്യാപാര - വാണിജ്യ - സാമ്പത്തിക വിനിമയങ്ങളും നിർത്തിവെച്ചതായി യുഎഇ അറിയിച്ചത്. പ്രാദേശിക, അന്തർദേശീയ സമാധാനത്തിന് ഭീഷണിയാകുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. 

എന്നാൽ, ആക്രമണം തങ്ങൾ നടത്തിയതല്ലെന്നാണ് ഇറാൻ വിശദീകരിക്കുന്നത്. തങ്ങൾ യുഎഇ ലക്ഷ്യമാക്കി മിസൈൽ തൊടുവിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പറയുന്നത്. ഇസ്രയേൽ നടത്തിയ തെറ്റിദ്ധരിപ്പിക്കൽ ആക്രമണം ആകാമെന്നും വാദമുന്നയിച്ചിട്ടുണ്ട്. യുഎഇയുടെ ആരോപണങ്ങൾ തികച്ചും വ്യാജമാണെന്നും മേഖലയിലെ സമാധാനം തകർക്കാൻ ചിലർ നടത്തുന്ന പ്രചാരണമാണിതെന്നും ഇറാൻ വക്താവ് ഇസ്മായിൽ ബഖാഈ പ്രതികരിച്ചു. 

അതേസമയം, ഇറാന് മേൽ ഒരേ സമയം സാമ്പത്തിക സമ്മർദം കൂട്ടാനും സൈനിക നടപടി സാധ്യതകൾ നിലനിർത്താനുമാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക ഉപരോധത്തിൽ വലഞ്ഞ്, ഗത്യന്തരമില്ലാതെ ഇറാൻ സ്വമേധയാ ചർച്ചകളിലേക്കെത്താനായി, പുതിയ തീരുമാനം വരുന്നത് വരെ ചർച്ചകൾക്ക് മുൻകൈയെടുക്കേണ്ടെന്ന് ട്രംപ് നിർദേശം നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. മേഖലയിൽ ഇനി അമേരിക്കയില്ലാതെ പുതിയ ക്രമമാണ് വരാൻ പോകുന്നതെന്നും അതിൽ പ്രധാന റോൾ തങ്ങൾക്കായിരിക്കുമെന്നുമാണ് ഇറാന്റെ അവകാശവാദം.