ഗൾഫിൽ നിന്നുള്ള എണ്ണവരവ് നിലച്ചു; ക്ഷാമം ലോകവ്യാപകമായേക്കും; ശക്തമായ വിലക്കയറ്റ ഭീഷണിയും

ഗൾഫിൽ നിന്നുള്ള എണ്ണവരവ് നിലച്ചു;   ക്ഷാമം ലോകവ്യാപകമായേക്കും; ശക്തമായ വിലക്കയറ്റ ഭീഷണിയും


മിഡിൽ ഈസ്റ്റിലെ സംഘർഷം മൂലം ആരംഭിച്ച എണ്ണ വിതരണ പ്രതിസന്ധി ലോകമാകെ വ്യാപിക്കാനിടയുണ്ടെന്ന് മുന്നറിയിപ്പ് ഉയരുന്നു. സമാധാന ചർച്ചകൾ വേഗത്തിൽ ഫലം കണ്ടില്ലെങ്കിൽ, ഗൾഫ് മേഖലയിൽ ഉയർന്ന എണ്ണവിലകൾ അമേരിക്കയിലേക്കും മറ്റു രാജ്യങ്ങളിലേക്കും പടരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്. സാധാരണയായി ശ്രദ്ധിക്കപ്പെടുന്ന വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയേറ്റ് , ബ്രെൻഡ് ക്രൂഡ് എന്നിവയെക്കാൾ ഏറെ ഉയർന്ന വിലയാണ് ചില മിഡിൽ ഈസ്റ്റ് ക്രൂഡ് ഇനങ്ങൾക്ക് ലഭിക്കുന്നത്. ഹോർമൂസ് കടലിടുക്ക് ഒഴിവാക്കി കയറ്റുമതി ചെയ്യാവുന്ന യു.എ.ഇ എണ്ണയ്ക്ക് ബാരലിന് 160 ഡോളർ വരെ വില ഉയർന്നിട്ടുണ്ട്.

ഹോർമൂസ് കടലിടുക്ക് വഴിയുള്ള ഗതാഗത തടസ്സമാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. ഈ വഴിയിലൂടെ തന്നെയാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വലിയൊരു വിഹിതം എണ്ണ ലോകത്തേക്ക് എത്തുന്നത്. ഇതോടെ ഏഷ്യൻ രാജ്യങ്ങൾ ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ ഉൽപാദനം തുടരാൻ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സമാന ക്രൂഡ് തേടുന്ന അവസ്ഥയിലായി.

ഇതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള ആക്രമണം താൽക്കാലികമായി നിർത്തിവച്ചതോടെ എണ്ണവിലയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തി. ഇറാനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും, ഇത് സ്ഥിരമായ സമാധാനത്തിലേക്ക് നയിക്കുമോയെന്ന കാര്യത്തിൽ വ്യാപാരികൾക്ക് സംശയമുണ്ട്. ഇറാൻ യുദ്ധം അവസാനിപ്പിക്കാതെ ഹോർമൂസ് കടലിടുക്കിലൂടെ എണ്ണ കപ്പലുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയില്ലെന്നതാണ് പ്രധാന ആശങ്ക.

ഗൾഫ് മേഖലയിൽ ഉണ്ടായ വിലക്കയറ്റം ക്രമേണ ആഗോള വിപണിയിലേക്കും പടരാനാണ് സാധ്യത. 2026ൽ 'ദുബായ് ക്രൂഡ്' എന്ന എണ്ണ ഇനത്തിന്റെ വില 150 ശതമാനത്തിലേറെ ഉയർന്നപ്പോൾ, ബ്രെന്റ് ക്രൂഡിന്റെ വർധനവ് താരതമ്യേന കുറവായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്ഥിതി വേഗത്തിൽ പരിഹരിക്കാത്ത പക്ഷം വിപണിയിൽ ഭീതിപരമായ അവസ്ഥ രൂപപ്പെടുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഹോർമൂസ് വഴി എണ്ണ ഗതാഗതം പുനരാരംഭിക്കുകയും ഗൾഫ് രാജ്യങ്ങൾ ഉൽപാദനം വർധിപ്പിക്കുകയും ചെയ്താൽ മാത്രമേ വില സാധാരണ നിലയിലേക്ക് മടങ്ങുകയുള്ളുവെന്നാണ് വിലയിരുത്തൽ.