'മിനാബിലെ കുട്ടികള്‍ നമ്മെ നോക്കിക്കൊണ്ടിരിക്കുന്നു'; അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്കായി സ്വിറ്റ്‌സര്‍ലന്‍ഡിലെത്തി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ഖാലിബാഫ്

'മിനാബിലെ കുട്ടികള്‍ നമ്മെ നോക്കിക്കൊണ്ടിരിക്കുന്നു'; അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്കായി സ്വിറ്റ്‌സര്‍ലന്‍ഡിലെത്തി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ഖാലിബാഫ്


സൂറിച്ച്: പശ്ചിമേഷ്യയിലെ സമീപകാല സംഘര്‍ഷത്തിന് വിരാമമിട്ടധാരണാപത്രം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ആദ്യഘട്ട സാങ്കേതിക ചര്‍ച്ചകള്‍ക്കായി ഇറാനും അമേരിക്കയും ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നതിനിടെ മിനാബ് സ്‌കൂള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ഓര്‍മ വീണ്ടും ഉയര്‍ത്തിക്കാട്ടി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറും മുഖ്യ ചര്‍ച്ചാ പ്രതിനിധിയുമായ മുഹമ്മദ് ബാഗര്‍ ഖാലിബാഫ്.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി എക്സില്‍ പങ്കുവെച്ച സന്ദേശത്തില്‍, മിനാബ് സ്‌കൂള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിരപരാധികളായ കുട്ടികളെയും ഇറാനിലെ മറ്റു രക്തസാക്ഷികളെയും താന്‍ എടുക്കുന്ന ഓരോ തീരുമാനത്തിനും സാക്ഷികളായി കാണുന്നുവെന്ന് ഖാലിബാഫ് പറഞ്ഞു.

മിനാബിലെ നിരപരാധികളായ കുട്ടികളും പ്രിയപ്പെട്ട ഇറാനിലെ എല്ലാ രക്തസാക്ഷികളും തന്റെ ഓരോ പ്രവര്‍ത്തനവും ഓരോ നിമിഷവും നിരീക്ഷിക്കുന്നുവെന്നാണ് കരുതുന്നതെന്നും ആ രക്തസാക്ഷികള്‍ക്കും ഇറാന്‍ ജനതയ്ക്കും അപമാനമുണ്ടാക്കുന്ന ഒന്നും താന്‍ ചെയ്യാതിരിക്കട്ടെയെന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

ഇറാന്‍, അമേരിക്ക, ഇസ്രായേല്‍ എന്നിവയ്ക്കിടയിലെ ശത്രുത അവസാനിപ്പിക്കുന്നതില്‍ നിര്‍ണായകമായ ധാരണാപത്രത്തിന്റെ നടപ്പാക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഉന്നതതല ഇറാന്‍ പ്രതിനിധിസംഘം ശനിയാഴ്ച സൂറിച്ചിലെത്തി. ഖാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഖ്ചി, സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അബ്ദുല്‍നാസര്‍ ഹെമ്മതി, മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ അലി ബഗേരി, നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനിയുടെ ചെയര്‍മാന്‍ ഹമീദ് ബോര്‍ദെ, വിവിധ ഉപ വിദേശകാര്യ മന്ത്രിമാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.

ഇറാന്‍ സര്‍ക്കാര്‍ മാധ്യമമായ ഐ ആര്‍ ഐ ബിയുടെ റിപ്പോര്‍ട്ട് പ്രകാരം ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ ഇരുപക്ഷവും പാലിക്കുന്നുണ്ടോയെന്നും കരാറിന്റെ നടപ്പാക്കല്‍ ഘട്ടം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നതുമാണ് ചര്‍ച്ചകളുടെ പ്രധാന വിഷയങ്ങള്‍.

ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവും ചര്‍ച്ചാ സംഘാംഗവുമായ ഇസ്മായില്‍ ബഗായി ജാഗ്രതാപരമായ സമീപനമാണ് സ്വീകരിച്ചത്.

ഏത് കരാറും അതിന്റെ നടപ്പാക്കല്‍ ഘട്ടത്തിലാണ് പരീക്ഷിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുമായുള്ള മുന്‍കാല നയതന്ത്ര തര്‍ക്കങ്ങള്‍ പരാമര്‍ശിച്ച ബഗായി വാഷിങ്ടണ്‍ നല്‍കിയ ഉറപ്പുകള്‍ ഇത്തവണ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഇറാന്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് വ്യക്തമാക്കി.

മറുവിഭാഗം മുമ്പ് വാഗ്ദാനങ്ങള്‍ ലംഘിച്ച അനുഭവമുള്ളതിനാല്‍ അവര്‍ ഏറ്റെടുത്ത ബാധ്യതകള്‍ പൂര്‍ണമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.