'ഇപ്പോൾ തീരുമാനം ടെഹ്രാന്റേത്': പാകിസ്താൻ ചർച്ചകൾക്ക് ശേഷം ഇറാനുമേൽ സമ്മർദ്ദം കൂട്ടി അമേരിക്ക

'ഇപ്പോൾ തീരുമാനം ടെഹ്രാന്റേത്': പാകിസ്താൻ ചർച്ചകൾക്ക് ശേഷം ഇറാനുമേൽ സമ്മർദ്ദം കൂട്ടി അമേരിക്ക


വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റ് സംഘർഷത്തിൽ അടുത്ത ഘട്ടം എന്താകുമെന്ന് തീരുമാനിക്കുന്നത് ഇറാനാണെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി. പാകിസ്താനിൽ നടന്ന സമാധാന ചർച്ചകൾ അന്തിമ കരാറിലേക്ക് എത്താത്ത സാഹചര്യത്തിലും, ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് അദ്ദേഹം വിലയിരുത്തി. 'പന്ത് ഇപ്പോൾ ടെഹ്രാന്റെ കോർട്ടിലാണ്. ഇനി എന്താണ് വേണ്ടത് എന്ന് ഇറാൻ തന്നെ തീരുമാനിക്കണം,' എന്നാണ് വാൻസ് പറഞ്ഞത്.

ഫോക്‌സ് ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ഉൾപ്പെടെ അമേരിക്കയുടെ പ്രധാന ലക്ഷ്യങ്ങൾ ചർച്ചകളിലൂടെ വ്യക്തമാക്കിയതായും വാൻസ് പറഞ്ഞു. 'കാര്യങ്ങൾ മുഴുവനായി തെറ്റിപ്പോയി എന്ന് പറയാനാവില്ല. നല്ല മുന്നേറ്റം ഉണ്ടായി. ഇറാൻ ചില കാര്യങ്ങളിൽ ഞങ്ങളോടൊപ്പം വന്നെങ്കിലും, മതിയായ മുന്നേറ്റമുണ്ടായില്ല,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ പ്രതിനിധികൾക്ക് അന്തിമ കരാറിൽ ഒപ്പിടാനുള്ള അധികാരം ഇല്ലാത്തതിനാലാണ് ചർച്ചകൾ അവസാനിച്ചതെന്നും വാൻസ് ആരോപിച്ചു. 'അവർക്കു തീരുമാനമെടുക്കാൻ ടെഹ്രാനിലേക്ക് മടങ്ങി പരമാധികാരികളിൽ നിന്നോ മറ്റോ അനുമതി തേടേണ്ടി വന്നു. അതാണ് ചർച്ചകൾ അവസാനിക്കാൻ കാരണമായത്,' എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ഇതിനിടെ, ഹോർമുസ് കടലിടുക്ക് സംബന്ധിച്ച സംഘർഷം രൂക്ഷമായതിനെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന്റെ തുറമുഖങ്ങൾക്കെതിരെ നാവിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ആഗോളതലത്തിൽ സാമ്പത്തിക ഭീഷണി ഉയർത്തുന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചതെന്ന് വാൻസ് ആരോപിച്ചു. 'ഹോർമുസ് വഴി പോകുന്ന കപ്പലുകളെ ഭീഷണിപ്പെടുത്തുകയാണ് അവർ. എന്നാൽ അമേരിക്കയും അതിന് ശക്തമായി പ്രതികരിക്കും,' എന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ അമേരിക്കൻ നാവികസേന ഇറാനുമായി ബന്ധമുള്ള കപ്പലുകൾ നിരീക്ഷിക്കുന്നതായി വാൻസ് വ്യക്തമാക്കി. 'ഞങ്ങൾ ബോംബാക്രമണം നിർത്തിയിട്ടുണ്ട്. എന്നാൽ ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കുക എന്നതാണ് ഇറാനിൽ നിന്ന് പ്രതീക്ഷിക്കുന്നത്,' എന്നും അദ്ദേഹം പറഞ്ഞു.

ഉപരോധം ഇറാനിൽ കൂടുതൽ സാമ്പത്തിക സമ്മർദ്ദം സൃഷ്ടിക്കുന്നതായും വാൻസ് ചൂണ്ടിക്കാട്ടി. 'ഇറാൻ സാമ്പത്തിക ഭീകരത തുടരുകയാണെങ്കിൽ, അവരുടെ കപ്പലുകളെ പുറത്തേക്ക് പോകാൻ അനുവദിക്കില്ല. ഇത് അവർക്കു വലിയ ബാധ്യതയാകും,' എന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയ്ക്ക് സൈനിക മുൻതൂക്കം ഉള്ളതായും, ഉപരോധം വഴി കൂടുതൽ സാമ്പത്തിക സമ്മർദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയ്ക്ക് ആവശ്യമായ ശക്തിയും സമ്മർദ്ദ ഉപാധികളും കൈവശമുണ്ടെന്നും, ഇനി ഇറാൻ എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരിക്കുകയാണെന്നും വാൻസ് കൂട്ടിച്ചേർത്തു.

അമേരിക്കൻ ഭരണകൂടത്തിനുള്ളിൽ അഭിപ്രായ ഭിന്നതകളുണ്ടെന്ന റിപ്പോർട്ടുകൾ നിഷേധിച്ച വാൻസ്, പ്രസിഡന്റ് നൽകുന്ന ഉപദേശങ്ങൾ സ്വകാര്യമായി തുടരുന്നതാണെന്ന് പറഞ്ഞു. 'പ്രസിഡന്റുമായി ഞങ്ങൾ തമ്മിലുള്ള ആശയവിനിമയം സ്വകാര്യമായിരിക്കും. എന്നാൽ ഒരു കാര്യത്തിൽ ഞാൻ പൂർണമായി സമ്മതിക്കുന്നു - ഇറാന് ആണവായുധം അനുവദിക്കാനാവില്ല,' എന്നും അദ്ദേഹം വ്യക്തമാക്കി.