ലണ്ടന്‍: ലോകപ്രശസ്ത ബെസ്റ്റ് സെല്ലര്‍ എഴുത്തുകാരനും മുന്‍ ബ്രിട്ടീഷ് എം പിയുമായ ജെഫ്രി ആര്‍ച്ചര്‍ (86) അന്തരിച്ചു. ലണ്ടനിലെ വസതിയിലായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സാഹിത്യജീവിതത്തില്‍ ലോകമെമ്പാടുമായി 30 കോടിയിലധികം പുസ്തകങ്ങള്‍ വിറ്റഴിച്ച ആര്‍ച്ചര്‍, ആകര്‍ഷകമായ കഥകളും അപ്രതീക്ഷിത വഴിത്തിരിവുകളും അവിസ്മരണീയ കഥാപാത്രങ്ങളും കൊണ്ടാണ്് വായനക്കാരുടെ മനസില്‍ ഇടം നേടിയത്.
'കെയ്ന്‍ ആന്‍ഡ് ഏബിള്‍' (1979), 'നോട്ട് എ പെന്നി മോര്‍, നോട്ട് എ പെന്നി ലെസ്' (1976), 'ദ പ്രോഡിഗല്‍ ഡോട്ടര്‍' (1982) തുടങ്ങിയവയാണ് ആര്‍ച്ചറിന്റെ ശ്രദ്ധേയമായ കൃതികളില്‍ ചിലത്. രാഷ്ട്രീയ പശ്ചാത്തലവും കുടുംബബന്ധങ്ങളും വഞ്ചനയും കുറ്റാന്വേഷണവും ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ അദ്ദേഹം തന്റെ രചനകളില്‍ കൈകാര്യം ചെയ്തു.
'ആഡം ആന്‍ഡ് ഈവ്' എന്ന അവസാന നോവലിന്റെ പ്രസിദ്ധീകരണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ആര്‍ച്ചറിന്റെ അന്ത്യം. ഒക്ടോബര്‍ 13നാണ് പുസ്തകം പുറത്തിറങ്ങാനിരുന്നത്.
ആര്‍ച്ചറിന്റെ മരണം പ്രസാധകരായ ഹാര്‍പ്പര്‍കോളിന്‍സ് സ്ഥിരീകരിച്ചു. എഴുത്തിനിടയില്‍ വീട്ടില്‍ വെച്ച് അപ്രതീക്ഷിതമായും സമാധാനപരമായുമായിരുന്നു അന്ത്യമെന്ന് പ്രസാധകര്‍ അറിയിച്ചു. 2014ല്‍ തനിക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചതായി ആര്‍ച്ചര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട എഴുത്തുജീവിതത്തില്‍ നിരവധി ബെസ്റ്റ് സെല്ലറുകള്‍ സമ്മാനിച്ച ആര്‍ച്ചര്‍ നോവലുകള്‍ക്ക് പുറമെ രാഷ്ട്രീയ രംഗത്തും ശ്രദ്ധേയനായിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായിരുന്ന ആര്‍ച്ചര്‍ ഡയാന രാജകുമാരിയുടെ സുഹൃത്തുമായിരുന്നു.
അന്ത്യം സംഭവിക്കുന്നതിന് ഒരു ദിവസം മുമ്പ് ലണ്ടനില്‍ നടന്ന ഒരു ഹൗസ്ഫുള്‍ പരിപാടിയില്‍ അദ്ദേഹം ആരാധകരെ കാണുകയും നൂറുകണക്കിന് പുസ്തകങ്ങളില്‍ ഒപ്പിടുകയും ചെയ്തിരുന്നു. പരിപാടിയില്‍ അദ്ദേഹം ആവേശത്തോടെയാണ് പങ്കെടുത്തതെന്ന് സുഹൃത്തുക്കളും ആരാധകരും അനുസ്മരിച്ചു.
ആര്‍ച്ചറിന്റെ മരണവാര്‍ത്ത പുറത്തുവന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരാധകരും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.
