തായ്ലന്‍ഡില്‍ വന്‍ സൈബര്‍ തട്ടിപ്പ് ശൃംഖലയുടെ 300 മില്ല്യണ്‍ ഡോളര്‍ ആസ്തികള്‍ പിടിച്ചെടുത്തു; 42 പേര്‍ക്ക് അറസ്റ്റു വാറന്റുകള്‍

തായ്ലന്‍ഡില്‍ വന്‍ സൈബര്‍ തട്ടിപ്പ് ശൃംഖലയുടെ 300 മില്ല്യണ്‍ ഡോളര്‍ ആസ്തികള്‍ പിടിച്ചെടുത്തു; 42 പേര്‍ക്ക് അറസ്റ്റു വാറന്റുകള്‍


ബാങ്കോക്ക്: തെക്കുകിഴക്കന്‍ ഏഷ്യയില്‍ വ്യാപിച്ച് നില്‍ക്കുന്ന സൈബര്‍ തട്ടിപ്പ് ശൃംഖലകള്‍ക്കെതിരെ തായ്ലന്‍ഡ് നടത്തുന്ന വന്‍തോതിലുള്ള നടപടികളുടെ ഭാഗമായി 42 പേരുടെ പേരില്‍ അറസ്റ്റു വാറണ്ടുകള്‍ പുറപ്പെടുവിച്ചു. പ്രധാന ഊര്‍ജ്ജ കമ്പനികളിലുള്‍പ്പെടെ 300 മില്ല്യണ്‍ ഡോളറിലധികം മൂല്യമുള്ള ആസ്തികളും അധികാരികള്‍ പിടിച്ചെടുത്തു.

തായ്ലന്‍ഡ്, മ്യാന്‍മാര്‍, കംബോഡിയ അതിര്‍ത്തി പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന തട്ടിപ്പ് കേന്ദ്രങ്ങള്‍ മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഉപയോഗിച്ച് ബില്ല്യണഉകളാണ് സമ്പാദിക്കുന്നത്. ഇരകളെ വ്യാജ കമ്പനികളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതും ഇവരുടെ പതിവാണ്.

നടപടികളുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന് യു എസ് ഉപരോധം നേരിടുന്ന പ്രിന്‍സ് ഗ്രൂപ്പ് ചെയര്‍മാനും ചൈനീസ്- കംബോഡിയന്‍ വ്യവസായിയുമായ ചെന്‍ ഴിയാണ്. കൂടാതെ കംബോഡിയ പൗരന്മാരായ കോക് ആന്‍, ഇം ലീക് എന്നിവരും വലിയ തട്ടിപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണെന്ന് ആരോപണം. മുമ്പ് തന്നെ എല്ലാ തട്ടിപ്പ് ആരോപണങ്ങളും ഗ്രൂപ്പ് നിഷേധിച്ചിരുന്നു. പ്രിന്‍സ് ഗ്രൂപ്പ് പ്രതികരണത്തിന് തയ്യാറായിട്ടില്ല.

യു എസും യു കെയും പ്രഖ്യാപിച്ച ഉപരോധങ്ങള്‍ക്ക് പിന്നാലെ, കഴിഞ്ഞ രണ്ട് മാസത്തിനിടെ ഹോങ്കോംഗിലും സിംഗപ്പൂരിലും പ്രിന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 354 മില്ല്യണ്‍ ഡോളറും 116 മില്ല്യണ്‍ ഡോളറും വിലമതിക്കുന്ന ആസ്തികള്‍ മരവിപ്പിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തിരുന്നു. ഒക്ടോബറില്‍ തൊഴിലാളി തട്ടിപ്പ് ശൃംഖലകളില്‍ പങ്കുണ്ടെന്നാരോപിച്ച് യു എസ് ജസ്റ്റിസ് വകുപ്പ് ചെനിനെതിരെ വയര്‍ ഫ്രോഡ്, മണി ലോണ്ടറിംഗ് കേസുകള്‍ ഫയല്‍ ചെയ്തിരുന്നു.

ഇം ലീക്ക് കംബോഡിയയിലെ ശക്തമായ ക്രിമിനല്‍ നെറ്റ്വര്‍ക്കുകളുമായി ബന്ധമുള്ളയാളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അനധികൃത പണവിനിമയ ഇടപാടുകളിലും ഇയാളുടെ പങ്ക് ഉണ്ടെന്ന് സംശയിക്കുന്നു. തായ് അധികാരികള്‍ ഇയാളുമായി ബന്ധമുള്ള ട്രേഡിംഗ് അക്കൗണ്ടുകളും പിടിച്ചെടുത്തു. അതില്‍ ബാങ്ചാക് കോര്‍പ്പറേഷനിലെ 6 ബില്ല്യണ്‍ ബാത്ത് (ഏകദേശം 188 മില്ല്യണ്‍ ഡോളര്‍) മൂല്യമുള്ള ഓഹരികളും ഉള്‍പ്പെടുന്നു. ഇത് വ്യക്തിഗത ഓഹരിയുടമയെ സംബന്ധിച്ച നടപടിയാണെന്നും കമ്പനി പ്രവര്‍ത്തനങ്ങള്‍ക്ക് ബാധകമല്ലെന്നും ബാങ്ചാക് വ്യക്തമാക്കി.

കൂടാതെ കോക് ആന്‍ തായ്ലന്‍ഡില്‍ അനധികൃതമായി സമ്പാദിച്ച പണം ഉപയോഗിച്ച് ആസ്തികള്‍ സ്വന്തമാക്കിയതായും കംബോഡിയയിലെ സ്ഥാപനങ്ങളുമായി അദ്ദേഹത്തിന്റെ തട്ടിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധമുണ്ടെന്നും തായ് അധികാരികള്‍ ആരോപിച്ചു.

തായ്ലന്‍ഡിന്റെ ഈ നടപടി പ്രദേശത്തെ വന്‍ തട്ടിപ്പ് ശൃംഖലകള്‍ക്കെതിരായ ഏറ്റവും ശക്തമായ ഇടപെടലുകളില്‍ ഒന്നായി കണക്കാക്കുന്നു.