ദോഹ: ഇറാനുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തില്‍ സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി മിഡില്‍ ഈസ്റ്റിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളില്‍ നിന്ന് അമേരിക്ക സൈനികരെ പിന്‍വലിക്കാന്‍ ആരംഭിച്ചതായി ഒരു യു എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 14ന് ബുധനാഴ്ച ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഈ നീക്കം. അമേരിക്ക ഇറാനെതിരെ ആക്രമണം നടത്തിയാല്‍ അമേരിക്കന്‍ സേന നിലയുറപ്പിച്ച അയല്‍രാജ്യങ്ങളെ ലക്ഷ്യമാക്കുമെന്ന് ഇറാനിയന്‍ അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഖത്തറിലെ അല്‍ ഉദൈദ് എയര്‍ ബേസിലെ അമേരിക്കന്‍ സൈനികര്‍ക്ക് ബേസ് വിടാന്‍ നിര്‍ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച വൈകുന്നേരത്തോടെ നിരവധി സൈനികര്‍ ബേസ് വിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളമാണ് അല്‍ ഉദൈദ് എയര്‍ ബേസ്. ഇറാനില്‍ വ്യാപകമായ ആഭ്യന്തര അശാന്തി തുടരുന്നതിനിടയില്‍ പ്രതിഷേധക്കാര്‍ സമരം തുടര്‍ന്നു സ്ഥാപനങ്ങള്‍ കൈവശപ്പെടുത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ് വന്നത്. ഇതോടെ ഇറാനിലെ സംഭവവികാസങ്ങളില്‍ അമേരിക്ക ഇടപെടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി.
അല്‍ ഉദൈദ് എയര്‍ ബേസില്‍ നിന്ന് ചില ജീവനക്കാര്‍ പിന്മാറുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഖത്തറിന്റെ അന്താരാഷ്ട്ര മാധ്യമ ഓഫീസ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. അല്‍ ഉദൈദ് എയര്‍ ബേസില്‍ നിന്ന് ചില ജീവനക്കാര്‍ പിന്മാറുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ നിലവിലെ പ്രാദേശിക സംഘര്‍ഷാവസ്ഥകള്‍ക്ക് പ്രതികരണമായാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന് ഖത്തര്‍ അന്താരാഷ്ട്ര മാധ്യമ ഓഫീസ് വ്യക്തമാക്കുന്നതായി പ്രസ്താവനയില്‍ പറഞ്ഞു.
ഖത്തര്‍ പൗരന്മാരുടെയും രാജ്യത്ത് താമസിക്കുന്നവരുടെയും സുരക്ഷയും സംരക്ഷണവും പരമപ്രധാന പരിഗണനയായി കണക്കാക്കി നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളുടെയും സൈനിക കേന്ദ്രങ്ങളുടെയും സംരക്ഷണം ഉള്‍പ്പെടെ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ തുടരുന്നതായും ഇനി എന്തെങ്കിലും പുതിയ പുരോഗതികള്‍ ഉണ്ടായാല്‍, അവ ഔദ്യോഗികമായി നിശ്ചയിച്ചിരിക്കുന്ന ചാനലുകള്‍ മുഖേന അറിയിക്കുമെന്നും മാധ്യമ ഓഫിസ് കൂട്ടിച്ചേര്‍ത്തു.
