ടെഹ്റാൻ: അറബിക്കടലിൽ അബ്രഹാം ലിങ്കൺ വിമാനവാഹിനിക്കു സമീപം പറന്ന ഇറാനിയൻ ഡ്രോൺ അമേരിക്കൻ സൈന്യം വെടിവെച്ച് വീഴ്ത്തിയതോടെ യു എസ്–ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമായി. യു എസ് യുദ്ധക്കപ്പലുകൾ ഇറാനിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ ആണവ കരാറിൽ എത്തിച്ചേരാനാകാത്ത പക്ഷം മോശം കാര്യങ്ങൾ സംഭവിക്കാമെന്നു യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണു സംഭവം.
സംഘർഷം വർധിച്ചെങ്കിലും യു എസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് ഈ ആഴ്ച അവസാനം ഇറാനിയൻ നേതൃത്വവുമായി ചർച്ചകൾ നടത്തുമെന്ന പ്രതീക്ഷ നിലനിൽക്കുന്നുവെന്ന് വൈറ്റ് ഹൗസ് വക്താവ് കരോളൈൻ ലെവിറ്റ്
അറിയിച്ചു. ഇതിനു മുൻപ് ഹോർമുസ് കടലിടുക്കിൽ യു എസ് പതാകയുള്ള ഒരു ടാങ്കർ തടഞ്ഞുവയ്ക്കാൻ ഇറാനിയൻ സേന ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. 2025-ൽ അമേരിക്ക ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തി അവ പൂർണമായും നശിപ്പിക്കപ്പെട്ടുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
ഡ്രോൺ സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. ഡ്രോൺ ബന്ധം വിച്ഛേദിക്കപ്പെടുന്നതിനു മുൻപ് നിരീക്ഷണ ദൃശ്യങ്ങൾ വിജയകരമായി ഇറാനിലേക്കു കൈമാറിയതായും റിപ്പോർട്ടുകളുണ്ട്. ഭീഷണികളില്ലാത്ത അനുകൂല അന്തരീക്ഷം നിലവിലുണ്ടെങ്കിൽ ചർച്ചകൾക്കു തയ്യാറാണെന്നു ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും വ്യക്തമാക്കിയിരുന്നു. കൂടാതെ, ചർച്ചകൾ ഇസ്താംബൂളിലല്ല ഒമാനിൽ നടത്തണമെന്ന നിലപാടും തെഹ്റാൻ അറിയിച്ചു.
ഇറാൻ– യു എസ് സംഘർഷം ശക്തമാകുന്നതിടെ ,യു എസുമായുള്ള ചർച്ചകൾ ആരംഭിക്കാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്. വാഷിംഗ്ടണുമായുള്ള സംഘർഷം കുറയ്ക്കാൻ മേഖലയിൽ നിന്നുള്ള വിവിധ നയതന്ത്ര ശ്രമങ്ങൾ തെഹ്റാൻ പരിശോധിക്കുകയാണെന്നും, ആണവ ചർച്ചകൾക്കായുള്ള ചട്ടക്കൂട് തയ്യാറാക്കുകയാണെന്നും ഇറാൻ അറിയിച്ചു. ന്യൂയോർക്ക് ടൈംസ്യും റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തതനുസരിച്ച്, സംഘർഷം ശമിപ്പിക്കാൻ ഇറാൻ തങ്ങളുടെ ആണവ പദ്ധതിയിലെ ചില ഭാഗങ്ങൾ താത്ക്കാലികമായി നിർത്തുകയോ അടച്ചുപൂട്ടുകയോ ചെയ്യാമെന്ന് സ്വകാര്യമായി സൂചന നൽകിയിട്ടുണ്ട്. ഇറാൻ ചർച്ചകൾ ആഗ്രഹിക്കുന്നുവെന്നു അമേരിക്ക പലവട്ടം അവകാശപ്പെട്ടിട്ടുണ്ട്.
ഇറാനിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് പിന്നിൽ യു എസും ഇസ്രയേലുമാണെന്ന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമനെയ് ആരോപിച്ചു. യു എസ് പ്രസിഡന്റ് ട്രംപിന്റെ “സഹായം വഴിയിലാണ്” എന്ന പരാമർശമാണ് പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരെ ഐസിസ് ഭീകരരുമായി ഉപമിച്ച ഖാമനെയ്, അവർ നിരപരാധികളെ കൊലപ്പെടുത്തിയെന്നും കുറ്റപ്പെടുത്തി.
യു എസും ഇസ്രയേലും പരാജയപ്പെട്ടുവെന്നും, സി ഐ എയും മൊസാദും വിന്യസിക്കപ്പെട്ടതായി വിവിധ ഉറവിടങ്ങളിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഖാമനെയ് അവകാശപ്പെട്ടു.
സമ്പദ് വ്യവസ്ഥ തകർന്നതോടെ 2025 ഡിസംബറിൽ ടെഹ്റാനിലെ വ്യാപാരികൾ തെരുവിലിറങ്ങിയത് യു എസ് പിന്തുണച്ചതോടെയാണ് ഇറാൻ– യു എസ് സംഘർഷം വീണ്ടും തുടങ്ങിയത്.
