തെഹ്‌റാന്‍ തിരിച്ചടിച്ചു; ഗള്‍ഫ് മേഖലയില്‍ സ്‌ഫോടനങ്ങള്‍

തെഹ്‌റാന്‍ തിരിച്ചടിച്ചു; ഗള്‍ഫ് മേഖലയില്‍ സ്‌ഫോടനങ്ങള്‍


ദുബായ്: യു എസും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ബഹ്‌റൈനിലും കുവൈത്തിലും അബൂദാബിയിലും സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. യു എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ സ്‌ഫോടനം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ബഹ്‌റൈനിലെ യു എസ് അഞ്ചാം കപ്പല്‍ പടയുടെ ആസ്ഥാനത്തിന് നേരെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ബഹ്‌റൈനില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായും അപായ സൈറണുകള്‍ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. മേഖലയിലെ എല്ലാ യു എസ്, ഇസ്രായേല്‍ സൈനിക ആസ്ഥാനങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

കുവൈത്തില്‍ ജഹ്‌റയിലാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം. ഖത്തര്‍, കുവൈത്ത്, അബുദാബി, സൗദി തുടങ്ങിയ രാജ്യങ്ങളിലെല്ലാം സ്‌ഫോടനം നടന്നതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടെന്ന് അല്‍ജസീറ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. 

ആളുകള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്ന് മുന്നറിയിപ്പുണ്ട്. അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അല്ലാതെ പുറത്തു പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. ആക്രമണത്തിന് പിന്നാലെ ഖത്തര്‍, കുവൈത്ത്, യു എ ഇ എന്നീ ഗള്‍ഫ് രാജ്യങ്ങളുടെ അതിര്‍ത്തി അടച്ചു.

ഇറാനിയന്‍ ആക്രമണത്തിന് മറുപടി നല്‍കാനുള്ള പൂര്‍ണ്ണ അവകാശം തങ്ങള്‍ക്ക് നിലനില്‍ക്കുന്നുവെന്ന് യു എ ഇ അറിയിച്ചു. തങ്ങളുടെ ഭൂപ്രദേശത്തെതിരായ ആക്രമണങ്ങളെ ബഹ്‌റൈന്‍ 'വഞ്ചനാപരം എന്ന് വിശേഷിപ്പിച്ചു.