ടെഹ്രാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിലേക്ക് നിർണായക പുരോഗതിയുണ്ടായതായി റിപ്പോർട്ടുകൾ. കരാറിന്റെ ഭാഗമായി വെടിനിർത്തൽ നീട്ടാനും ആഗോള എണ്ണവ്യാപാരത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമുള്ള ധാരണയിലെത്തിയതായാണ് വിവരം. ഇതിന് പിന്നാലെ, ഇറാൻ 'അന്തിമ വിജയത്തിലേക്കുള്ള വലിയ ചുവടുവെപ്പ്' നടത്തിയെന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഗാലിബാഫ് പ്രതികരിച്ചു.
പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ രൂപംകൊണ്ട കരാർ ഈ മാസം 19ന് സ്വിറ്റ്‌സർലൻഡിൽ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ട്. അമേരിക്കയും ഇറാനും കരാറിനെ സംബന്ധിച്ച ധാരണ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ചില നിർണായക വിഷയങ്ങളിൽ ചർച്ചകൾ ഇനിയും തുടരുകയാണ്.
കരാറിന്റെ ഭാഗമായി അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കുമെന്നും ഹോർമുസ് കടലിടുക്ക് ആഗോള കപ്പൽഗതാഗതത്തിനായി വീണ്ടും തുറക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ ലോകത്തിലെ പ്രധാന എണ്ണക്കടത്തുപാതകളിലൊന്നായ ഹോർമുസ് വഴി ചരക്കുകപ്പലുകളുടെയും എണ്ണക്കപ്പലുകളുടെയും ഗതാഗതം സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ.
അമേരിക്കയുമായി വിശ്വാസബന്ധം പുനഃസ്ഥാപിക്കാൻ ഇനിയും ദീർഘമായ യാത്ര ബാക്കിയുണ്ടെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗ്ഹായി പറഞ്ഞു. 1953ലെ ഭരണ അട്ടിമറി മുതൽ തുടരുന്ന ചരിത്രപരമായ പ്രശ്‌നങ്ങൾ കാരണം ഇരുരാജ്യങ്ങൾക്കുമിടയിലെ അവിശ്വാസം പെട്ടെന്ന് ഇല്ലാതാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലെബനന്റെ പരമാധികാരവും ഭൗമ അഖണ്ഡതയും സംരക്ഷിക്കണമെന്ന വ്യവസ്ഥ കരാറിന്റെ ഭാഗമാണെന്നും ബഗ്ഹായി പറഞ്ഞു. ലെബനനിലെ സംഘർഷം അവസാനിപ്പിക്കുന്നതും കരാറിലെ പ്രധാന വിഷയങ്ങളിലൊന്നാണ്. അതേസമയം, ലെബനനിലും സിറിയയിലും ഗാസയിലും ഇസ്രയേൽ സൈനിക സാന്നിധ്യം തുടരുമെന്ന ഇസ്രയേൽ നിലപാട് കരാർ നടപ്പാക്കുന്നതിൽ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.
കരാർ അമേരിക്ക-ഇറാൻ യുദ്ധത്തിന് ഉടൻ വിരാമമിടുമെന്നും അന്തിമ കരാറിനായുള്ള ചർച്ചകൾ രണ്ട് മാസത്തിനുള്ളിൽ ആരംഭിക്കുമെന്നും ഇറാന്റെ ഉപ വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി അറിയിച്ചു.
ലെബനൻ ഉൾപ്പെടെ എല്ലാ മേഖലകളിലുമുള്ള സൈനിക നടപടികൾ സ്ഥിരമായി അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞു. സമാധാന ശ്രമങ്ങൾക്ക് പിന്തുണ നൽകിയ ഖത്തർ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
അതേസമയം, കരാർ ഒപ്പുവെച്ചാലും ഹോർമുസ് കടലിടുക്ക് അടച്ചതുമൂലം ആഗോള എണ്ണവിപണിയിൽ ഉണ്ടായ ആഘാതം പൂർണമായി മാറാൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
അമേരിക്ക-ഇറാൻ സമാധാന കരാറിലേക്ക് നിർണായക നീക്കം; 'അന്തിമ വിജയത്തിലേക്കുള്ള വലിയ ചുവടുവെപ്പ്' എന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ
