ടെഹ്‌റാൻ: ഇറാനിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ മൂന്ന് പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി. ജനുവരി മാസത്തിൽ നടന്ന പ്രതിഷേധങ്ങളോട് അനുബന്ധിച്ചാണ് ഈ ശിക്ഷ നടപ്പാക്കിയത്.
വധശിക്ഷ ലഭിച്ചവരിൽ ഒരാൾ കൗമാരക്കാരനായ സാലെ മുഹമ്മദ് ആണ്. ഇദ്ദേഹം ഇറാന്റെ ദേശീയ മല്ലയുദ്ധ ടീമംഗമായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടാതെ മെഹ്ദി ഖാസമി, സഈദ് ദാവൂദി എന്നിവരും ശിക്ഷിക്കപ്പെട്ടവരിൽപ്പെടുന്നു.
വടക്കൻ ഖോം പ്രവിശ്യയിലാണ് വ്യാഴാഴ്ച രാവിലെ ഇവരുടെ വധശിക്ഷ നടപ്പാക്കിയത്. പോലീസുകാരെ കൊലപ്പെടുത്തിയ കേസിലാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയത്. കൂടാതെ 'ദൈവത്തിനെതിരെ യുദ്ധം നടത്തി ' എന്ന കുറ്റവും ചുമത്തി, അതിന്റെ അടിസ്ഥാനത്തിലാണ് മരണശിക്ഷ വിധിച്ചത്.
ഇവർ പീഡനത്തിലൂടെ കുറ്റം സമ്മതിപ്പിക്കപ്പെട്ടവരാണെന്നും നീതിയുള്ള വിചാരണ ലഭിച്ചില്ലെന്നുമാണ് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നത്.
ഇതിനിടെ, ഇറാനിയൻ-സ്വീഡിഷ് പൗരനായ കൂറോഷ് കെവാനിയെയും ചാരപ്രവർത്തനക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു. അദ്ദേഹം ഇസ്രായേലിനായി ചാരപ്രവർത്തനം നടത്തിയെന്നാണ് ഇറാൻ ആരോപിച്ചത്.
ഡിസംബറിൽ ആരംഭിച്ച് ജനുവരിയിൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് നീങ്ങിയ ജനകീയ പ്രക്ഷോഭം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും മൂലമാണ് ഉണ്ടായത്. പിന്നീട് അത് ഭരണകൂടത്തിനെതിരായ വലിയ രാഷ്ട്രീയ പ്രതിഷേധമായി മാറുകയായിരുന്നു.
മനുഷ്യാവകാശ സംഘടനകളുടെ കണക്ക് പ്രകാരം, സുരക്ഷാസേന നടത്തിയ കടുത്ത അടിച്ചമർത്തലിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി പറയുന്നു.
നിലവിൽനടക്കുന്ന പ്രതിഷേധങ്ങൾ 1979 ഇസ്ലാമിക് വിപ്ലവത്തിനുശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
ഇറാനിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് കൗമാരക്കാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് വധശിക്ഷ നടപ്പാക്കി
