ധാക്ക : വിദ്യാർഥി പ്രക്ഷോഭങ്ങൾക്കുശേഷം നടന്ന 13ാമത് ദേശീയ തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ നിർണായക മാറ്റം സംഭവിച്ചിരിക്കുകയാണ്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് മടങ്ങുമ്പോൾ, പാർട്ടി അധ്യക്ഷൻ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയാകാനുള്ള ഒരുക്കത്തിലാണ്. ധാക്ക17, ബോഗ്ര6 മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച താരിഖിന്റെ നേതൃത്വത്തിൽ ബിഎൻപിക്ക് 209 സീറ്റുകളാണ് ലഭിച്ചത്. 299 അംഗ സഭയായ ജാതിയ സംസദിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 151 സീറ്റുകൾ പിന്നിട്ടാണ് ഈ വിജയം.
2024 ജൂലൈയിലെ വിദ്യാർഥി നേതൃത്വത്തിലുള്ള ജനകീയ പ്രക്ഷോഭം ഷെയ്ഖ് ഹസീനയുടെ 15 വർഷത്തെ ഭരണത്തിന് വിരാമമിട്ടതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പെന്ന നിലയിലും ഇത് ചരിത്രം കുറിച്ചിരിക്കുകയാണ്. ഇന്ത്യയിൽ പ്രവാസത്തിലിരിക്കുന്ന ഹസീന തിരഞ്ഞെടുപ്പ് 'നാടകം' എന്നാണ് ഇതിനെ വിമർശിച്ചത്. അതേസമയം ഹസീനയെ ധാക്കയിലേക്ക് കൈമാറണമെന്ന ആവശ്യം ബിഎൻപി ശക്തമാക്കിയിട്ടുണ്ട്.
17 വർഷത്തെ ലണ്ടൻ പ്രവാസത്തിനു ശേഷം 2025 ഡിസംബറിൽ നാട്ടിലെത്തിയ താരിഖ്, അമ്മയും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയുടെ മരണത്തിന് ദിവസങ്ങൾക്കകം രാഷ്ട്രീയ ചുമതല പൂർണമായി ഏറ്റെടുത്തു. അധികാരമേറ്റാൽ 1991ന് ശേഷം ബംഗ്ലാദേശിലെ ആദ്യ പുരുഷ പ്രധാനമന്ത്രിയാകും താരിഖ്.
ജമാഅത്ത് ഇ ഇസ്ലാമിയും 11 പാർട്ടികളുടെ സഖ്യവും 76 സീറ്റുകൾ നേടി പ്രതിപക്ഷത്തുണ്ട്. എന്നാൽ 2024 ലെ പ്രക്ഷോഭത്തിൽ നിന്ന് ഉയർന്ന നാഷണൽ സിറ്റിസൻ പാർട്ടിക്ക് ആറു സീറ്റുകളിൽ മാത്രമാണ് വിജയം.
തെരഞ്ഞെടുപ്പിനൊപ്പം നടന്ന ദേശീയ ജനവിധിയിൽ 'ജൂലൈ നാഷണൽ ചാർട്ടർ' ഭരണഘടനാ പരിഷ്‌കാരങ്ങൾക്ക് ജനപിന്തുണ ലഭിച്ചു. ഇന്ത്യ ഉൾപ്പെടെ ദക്ഷിണേഷ്യൻ രാജ്യനേതാക്കൾ താരിഖിനെ അഭിനന്ദിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫോണിൽ ആശംസകൾ അറിയിച്ചു. ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ പുതിയ അധ്യായത്തിന് ഇതോടെ തുടക്കമാകുമെന്നാണ് വിലയിരുത്തൽ.
താരിഖിന്റെ ഉയർച്ച, ജമാഅത്തിന്റെ തിരിച്ചടി, ഹസീനയ്ക്ക് അനിശ്ചിതത്വം: രാഷ്ട്രീയ ചിത്രം മാറ്റിയ ബംഗ്ലാദേശ് തെരഞ്ഞെടുപ്പ്
