കാബൂളിൽ ഐഎസ് ആക്രമണം: ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, താലിബാൻ സുരക്ഷയ്ക്ക് തിരിച്ചടി

കാബൂളിൽ ഐഎസ് ആക്രമണം: ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, താലിബാൻ സുരക്ഷയ്ക്ക് തിരിച്ചടി


കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ പ്രധാന മേഖലയായ ഷാർഇനൗ ജില്ലയിൽ ഉണ്ടായ ശക്തമായ സ്‌ഫോടനം താലിബാൻ ഭരണകൂടത്തിന്റെ സുരക്ഷാവാദങ്ങളെ ചോദ്യം ചെയ്യുന്നു. ഹോട്ടലുകളും കഫേകളും നിറഞ്ഞ പ്രദേശത്ത് ഉണ്ടായ പൊട്ടിത്തെറിയിൽ പുക ഉയരുകയും തെരുവുകളിൽ ഭീതി പരക്കുകയും ചെയ്തു. നിരവധി പേർക്ക് പരുക്കേറ്റതായാണ് ആശുപത്രി അധികൃതർ അറിയിച്ചത്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.

ആക്രമണത്തിൽ ചൈനീസ് പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന പ്രാഥമിക റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, അഫ്ഗാനിസ്ഥാനിൽ ചൈനയുടെ സാന്നിധ്യം ലക്ഷ്യമിട്ട് ഐഎസ്‌കെ (ഇസ്ലാമിക് സ്റ്റേറ്റ്‌ഖൊറാസാൻ) വീണ്ടും ആക്രമണം ശക്തമാക്കുകയാണോ എന്ന ആശങ്ക ഉയർന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഔദ്യോഗികമായി ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, ഐഎസ്‌കെയിലേക്കാണ് സംശയം നീളുന്നത്.

കാബൂളിലെ 'സുരക്ഷിത മേഖല'കളിൽ ഒന്നായി കണക്കാക്കപ്പെട്ടിരുന്ന ഷാർഇനൗവിൽ നടന്ന ആക്രമണം, നഗര സുരക്ഷയിൽ താലിബാൻ നേരിടുന്ന വെല്ലുവിളികൾ തുറന്നു കാട്ടുന്നതായി നിരീക്ഷകർ വിലയിരുത്തുന്നു. താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം നഗരങ്ങളിൽ സുരക്ഷ ഉറപ്പാക്കിയെന്ന അവകാശവാദങ്ങൾ ഈ സംഭവത്തോടെ ദുർബലമായി.

അഫ്ഗാനിസ്ഥാനിൽ സാമ്പത്തികവും തന്ത്രപ്രധാനവുമായ നിക്ഷേപങ്ങൾ വർധിപ്പിക്കുന്ന ചൈനയുടെ പശ്ചാത്തലത്തിലാണ് ആക്രമണം നടന്നത്. ഇതോടെ കാബൂളിലെ സുരക്ഷിതമെന്ന് കരുതിയ മേഖലകളിൽ പോലും വിദേശ പൗരന്മാർ അപകടത്തിൽ ആണെന്ന ആശങ്ക ശക്തമാകുകയാണ്. നഗരകേന്ദ്രങ്ങളിലേക്കുള്ള ഭീകരാക്രമണങ്ങളുടെ പുതിയ ഘട്ടമാണോ ഇതെന്ന ചോദ്യവും ഉയരുന്നുണ്ട്.