തായ്‌വാന്റെ കിഴക്കൻ കടലിൽ ചൈനീസ് കോസ്റ്റ് ഗാർഡ് പട്രോൾ; 'പ്രകോപന നടപടി'യെന്ന് തായ്‌വാൻ

തായ്‌വാന്റെ കിഴക്കൻ കടലിൽ ചൈനീസ് കോസ്റ്റ് ഗാർഡ് പട്രോൾ; 'പ്രകോപന നടപടി'യെന്ന് തായ്‌വാൻ


തായ്‌പേയ്:   തായ്‌വാന്റെ കിഴക്കൻ സമുദ്ര മേഖലയിൽ ചൈനീസ് കോസ്റ്റ് ഗാർഡ് കപ്പലുകൾ പട്രോളിംഗ് നടത്തിയതിനെതിരെ തായ്‌വാൻ ശക്തമായി രംഗത്തെത്തി. ഇത് രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന പ്രകോപന നടപടിയാണെന്നും, അതിനെ നേരിടാൻ സൈന്യവും കോസ്റ്റ് ഗാർഡും സംയുക്തമായി പ്രവർത്തിക്കുമെന്നും തായ്‌വാൻ പ്രതരോധമന്ത്രി വെല്ലിംഗ്ടൺ കൂ അറിയിച്ചു.

ജപ്പാനും ഫിലിപ്പീൻസും തങ്ങളുടെ സമുദ്ര അതിർത്തി നിർണയവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ചകൾ ആരംഭിക്കുമെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. തായ്‌വാനോട് ചേർന്നുള്ള സമുദ്രമേഖലകളും ഇതിൽ ഉൾപ്പെടുന്നതായി ചൈന വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെ തായ്‌വാന്റെ കിഴക്കൻ കടലിൽ പ്രത്യേക സമുദ്ര നിയമനടപടി ദൗത്യം ആരംഭിച്ചതായി ചൈനീസ് സർക്കാർ മാധ്യമങ്ങൾ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു.

ഇതിന് മറുപടിയായി തായ്‌വാൻ കോസ്റ്റ് ഗാർഡ് സ്വന്തം കപ്പലുകൾ പ്രദേശത്തേക്ക് അയച്ച് ചൈനീസ് കപ്പലുകളെ മുന്നറിയിപ്പ് നൽകുകയും നിയന്ത്രിത സമുദ്രമേഖലയിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി അറിയിച്ചു.

പാർലമെന്റിൽ പ്രതികരിച്ച പ്രതരോധമന്ത്രി വെല്ലിംഗ്ടൺ കൂ, ചൈനയുടെ നീക്കം പ്രകോപന നടപടയോടൊപ്പം മാനസിക യുദ്ധത്തിന്റെ ഭാഗവുമാണെന്ന് ആരോപിച്ചു. കിഴക്കൻ സമുദ്രം തങ്ങളുടെ നിയന്ത്രണ മേഖലയാണെന്ന പ്രതീതി സൃഷ്ടിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും, ഇത് തായ്‌വാന്റെ ദേശീയ പരമാധികാരത്തെ അപമാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കോസ്റ്റ് ഗാർഡുമായി സൈന്യം അടുത്ത സഹകരണം തുടരുമെന്നും, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെച്ച് സമുദ്രസുരക്ഷ ഉറപ്പാക്കുമെന്നും കൂ വ്യക്തമാക്കി.

അതേസമയം, മേയ് മാസം മുതൽ ചൈന തുടർച്ചയായി പ്രകോപനപരമായ നടപടികൾ ശക്തമാക്കിയതായി തായ്‌വാന്റെ സമുദ്രകാര്യ കൗൺസിൽ അധ്യക്ഷ ക്വാൻ ബിലിംഗ് ആരോപിച്ചു. ദക്ഷിണ ചൈനാ കടലിലെ തായ്‌വാൻ നിയന്ത്രണത്തിലുള്ള പ്രാറ്റാസ് ദ്വീപുകൾക്ക് സമീപവും തായ്‌വാന്റെ സമുദ്രമേഖലകളിലും ചൈനീസ് കപ്പലുകളുടെ സാന്നിധ്യം വർധിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു.

യുദ്ധവിമാനങ്ങളും നാവികസേനാ കപ്പലുകളും ഉപയോഗിച്ച് ചൈന തായ്‌വാനെ ചുറ്റിപ്പറ്റി പതിവായി സൈനിക സാന്നിധ്യം ശക്തമാക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. ഫിലിപ്പീൻസിന് കിഴക്കുള്ള പസഫിക് സമുദ്രത്തിൽ ചൈനയുടെ 'ലയോണിങ്' വിമാനവാഹിനിക്കപ്പലിന്റെ ദീർഘദൗത്യവും തായ്‌വാൻ നിരീക്ഷിച്ചുവരികയാണ്.

തായ്‌വാൻ ചൈനയുടെ ഭാഗമാണെന്നാണ് ബെയ്ജിങ്ങിന്റെ നിലപാട്. ആവശ്യമെങ്കിൽ ബലം പ്രയോഗിച്ചും ദ്വീപിനെ സ്വന്തം നിയന്ത്രണത്തിലാക്കുമെന്ന മുന്നറിയിപ്പ് ചൈന പലതവണ ആവർത്തിച്ചിട്ടുണ്ട്. എന്നാൽ ചൈനയുടെ പരമാധികാര അവകാശവാദം തായ്‌വാൻ സർക്കാർ നിരന്തരം തള്ളിക്കളയുകയാണ്.