ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡിലെ സ്‌കീ റിസോര്‍ട്ടിലെ ബാറില്‍ പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ തീപിടിത്തത്തില്‍ 40 പേര്‍ മരിച്ച സംഭവത്തില്‍, ബാര്‍ ഉടമ ജാക്‌സ് മൊറെട്ടിയുടെ വിവാദ ഭൂതകാലം പുറത്തുവരുന്നു. ലൈംഗിക വ്യാപാരവുമായി ബന്ധപ്പെട്ട കേസുകളില്‍ നേരത്തെ ശിക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് മൊറെട്ടിയെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫ്രാന്‍സിന്റെ തെക്കന്‍ നഗരമായ ആനസിയിലെ ക്രിമിനല്‍ കോടതിയില്‍ 2008ല്‍ 'പിമ്പിങ്' കേസില്‍ ജാക്‌സ് മൊറെട്ടി ശിക്ഷിക്കപ്പെട്ടിരുന്നു. ഫ്രഞ്ച് സ്ത്രീകളെ ജനീവയിലെ 'ഹോട്ട് റാബിറ്റ് റണ്ടെവൂ' എന്ന പേരിലുള്ള എറോട്ടിക് മസാജ് പാര്‍ലറില്‍ ജോലി ചെയ്യാന്‍ റിക്രൂട്ട് ചെയ്ത കേസിലായിരുന്നു ശിക്ഷ. ഫ്രഞ്ച് പൊലീസ് നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്ന് സ്വിസ് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് കേസ് പുറത്തുവന്നത്.
ലൈംഗിക വ്യാപാരം, തട്ടിപ്പ്, ആളെ തട്ടിക്കൊണ്ടുപോകല്‍, അന്യായ തടങ്കല്‍ തുടങ്ങിയ നിരവധി കേസുകളില്‍ ഇയാള്‍ക്ക് നേരത്തെ പങ്കുണ്ടായിരുന്നുവെന്ന് 'ലെ പാരിസിയന്‍' റിപ്പോര്‍ട്ട് ചെയ്തു. 12 മാസം തടവുശിക്ഷ വിധിച്ചെങ്കിലും നാല് മാസം മാത്രമാണ് മൊറെട്ടി ജയിലില്‍ കഴിഞ്ഞത്. ശിക്ഷയുടെ ഭാഗമായി ഫ്രാന്‍സില്‍ കമ്പനികള്‍ നടത്തുന്നതില്‍നിന്ന് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ഈ വിലക്ക് മറ്റ് രാജ്യങ്ങളില്‍ ബാധകമല്ലാത്തതിനാല്‍, സ്വിറ്റ്‌സര്‍ലന്‍ഡിലെ സ്‌കീ റിസോര്‍ട്ടില്‍ 'ലെ കോണ്‍സ്‌റ്റെലേഷന്‍' എന്ന നൈറ്റ് ക്ലബും, ക്രാന്‍സ്‌മൊണ്ടാനയില്‍ 'ലെ സെന്‍സോ' എന്ന ബാര്‍റസ്‌റ്റോറന്റും, ലെന്‍സില്‍ 'ലെ വ്യൂഷാലെ' എന്ന കോഴ്‌സിക്കന്‍ ഇന്‍നും ഇയാള്‍ നടത്തി വരികയായിരുന്നു.
പുതുവത്സര രാത്രിയില്‍ 'ലെ കോണ്‍സ്‌റ്റെലേഷന്‍' ബാറില്‍ ആഘോഷത്തിനിടെ ഉപയോഗിച്ച ഷാംപെയിന്‍ ബോട്ടിലുകളില്‍ ഘടിപ്പിച്ച സ്പാര്‍ക്ലറുകളില്‍നിന്ന് തീപടര്‍ന്ന് മേല്‍ക്കൂര കത്തുകയായിരുന്നു. ഇതാണ് വന്‍ ദുരന്തത്തിന് കാരണമായത്. സംഭവത്തില്‍ മൊറെട്ടിയെയും ഭാര്യ ജെസിക്ക മൊറെട്ടിയെയും 'അശ്രദ്ധ മൂലമുള്ള മാന്‌സ്ലോട്ടര്‍' കുറ്റം ചുമത്തി സ്വിസ് അധികൃതര്‍ കേസെടുത്തിട്ടുണ്ട്.
മൊറെട്ടിയുടെ അഭിഭാഷക അനിക് ഹിന്‍ഗ്രെസ്, കേസുകള്‍ ദുര്‍ബലമാണെന്നും സ്ത്രീകള്‍ സ്വമേധയാ പങ്കെടുത്തതാണെന്നും പ്രതികരിച്ചു. എന്നാല്‍, ഒരുകാലത്ത് ലൈംഗിക റാക്കറ്റുകളുടെ കേന്ദ്രകഥാപാത്രമായിരുന്ന മൊറെട്ടിയുടെ ജീവിതം വീണ്ടും യൂറോപ്പിനെ നടുക്കിയ ദുരന്തവുമായി ബന്ധപ്പെട്ടു നില്‍ക്കുകയാണ്.
ലൈംഗിക റാക്കറ്റ് മുതല്‍ നൈറ്റ് ക്ലബ് ദുരന്തം വരെ: ജാക്‌സ് മൊറെട്ടിയുടെ ഇരുണ്ട ഭൂതകാലം പുറത്ത്
