ഇസ്ലാമാബാദ്: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിന് കാരണം വ്യക്തമാക്കി പാകിസ്ഥാന്‍. കായിക രംഗത്ത് രാഷ്ട്രീയമുണ്ടാകരുതെന്നും ബംഗ്ലാദേശിനെ പിന്തുണച്ചാണ് ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌ക്കരിക്കുന്നതെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഇസ്ലാമാബാദില്‍ മന്ത്രിസഭയെ അഭിസംബോധന ചെയ്തു അറിയിച്ചു.
ഫെബ്രുവരി 15ന് ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന ഗ്രൂപ്പ് മത്സരത്തില്‍ കളിക്കില്ലെന്ന് നേരത്തെ പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ലോകകപ്പില്‍ ഇന്ത്യയുമായുള്ള മത്സരങ്ങള്‍ ബഹിഷ്‌കരിച്ചാല്‍ പാകിസ്ഥാനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ടൂര്‍ണമെന്റിന്റെ സംപ്രേഷണാവകാശമുള്ള ജിയോ സ്റ്റാര്‍ വ്യക്തമാക്കി. ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനമെടുത്തത്. എന്നാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം ഔദ്യോഗികമായി അന്താരാഷ്ട്ര ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഐ സി സിക്ക് മുന്നറിയിപ്പ് കൊടുക്കാനാവാത്ത അവസ്ഥയാണുള്ളത്.
