ഖാർത്തൂം: വടക്കുകിഴക്കൻ സുഡാനിൽ സ്വർണഖനിയുടെ ഭാഗം തകർന്നുവീണ് 11 തൊഴിലാളികൾ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. ഞായറാഴ്ച ചെങ്കടൽ സംസ്ഥാനത്തെ ഒനി എന്ന വിദൂര പ്രദേശത്താണ് അപകടമുണ്ടായത്.
ശനിയാഴ്ച രാത്രിയോടെയാണ് ഖനി തകർന്നുവീഴാൻ തുടങ്ങിയതെന്ന് പ്രദേശത്ത് ജോലി ചെയ്തിരുന്ന അബ്ദൽഹായ് ഖരീഫ് അബാകർ പറഞ്ഞു. ഞായറാഴ്ചയോടെ 11 മൃതദേഹങ്ങൾ പുറത്തെടുത്തതായി സുഡാൻ മിനറൽ റിസോഴ്‌സസ് കമ്പനിയിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. 30 പേരെ രക്ഷപ്പെടുത്തിയതായും കാണാതായ തൊഴിലാളികൾക്കായി തിരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കമ്പനി അനുശോചനം രേഖപ്പെടുത്തിയെങ്കിലും മരണസംഖ്യ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സുഡാനിൽ സുരക്ഷാ മാനദണ്ഡങ്ങൾ വ്യാപകമായി പാലിക്കപ്പെടാത്ത അനൗദ്യോഗിക സ്വർണഖനികളിൽ അപകടങ്ങൾ പതിവാണ്. ഒരാഴ്ചയ്ക്കിടെ രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ ഖനി അപകടമാണിത്. കഴിഞ്ഞ ഞായറാഴ്ച പടിഞ്ഞാറൻ സുഡാനിലെ മറ്റൊരു സ്വർണഖനിയിൽ നിരവധി ഖനിത്തുരങ്കങ്ങൾ തകർന്നുവീണ് 82 പേരെങ്കിലും മരിച്ചിരുന്നു. അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ നിയന്ത്രണത്തിലുള്ള മേഖലയിലായിരുന്നു അപകടം.
2023 ഏപ്രിലിൽ സുഡാൻ സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചതോടെയാണ് രാജ്യത്ത് ആഭ്യന്തരയുദ്ധം രൂക്ഷമായത്. ആംഡ് കോൺഫ്‌ളിക്ട് ലൊക്കേഷൻ ആൻഡ് ഇവന്റ് ഡേറ്റ എന്ന നിരീക്ഷണസംഘടനയുടെ കണക്കനുസരിച്ച് സംഘർഷത്തിൽ ഇതുവരെ 59,000ത്തിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
സുഡാനിൽ സ്വർണഖനി തകർന്നുവീണ് 11 മരണം; 30 പേർക്ക് പരിക്ക്; കുടുങ്ങിയവർക്കായി തിരച്ചിൽ
