വിഷ്ണു പ്രതിമ തകര്‍ത്തത് അപമാനകരം; തായ്-കംബോഡിയ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ ആശങ്ക

വിഷ്ണു പ്രതിമ തകര്‍ത്തത് അപമാനകരം; തായ്-കംബോഡിയ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ ആശങ്ക


ന്യൂഡല്‍ഹി:  തായ്‌ലാന്‍ഡ്-കംബോഡിയ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രസമുച്ചയത്തില്‍ നിന്ന് ഭഗവാന്‍ വിഷ്ണുവിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ഇന്ത്യ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ഇത്തരത്തിലുള്ള അപമാനകരമായ നടപടികള്‍ ലോകമെമ്പാടുമുള്ള വിശ്വാസികളുടെ വികാരങ്ങളെ വേദനിപ്പിക്കുന്നതാണെന്നും ഇത് ഒരിക്കലും സംഭവിക്കരുതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 'ഹിന്ദു-ബൗദ്ധ ദേവതകള്‍ ഈ പ്രദേശത്തിന്റെ പങ്കുവയ്ക്കുന്ന സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണ്; അവയെ ആഴത്തില്‍ ആരാധിക്കുന്നവരാണ് ഈ മേഖലയിലെ ജനങ്ങള്‍' എന്നും പ്രസ്താവനയില്‍ പറയുന്നു.

ഡിസംബര്‍ 22നാണ് കംബോഡിയന്‍ ക്ഷേത്രപരിസരത്തില്‍ സ്ഥാപിച്ചിരുന്ന വിഷ്ണു പ്രതിമ തായ് സൈന്യം തകര്‍ത്തതെന്ന് ആരോപണമുയര്‍ന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. എന്നാല്‍ അതിര്‍ത്തി സംബന്ധിച്ച തര്‍ക്കങ്ങളില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയില്ല. പകരം, ഇരുരാജ്യങ്ങളും സംവാദത്തിലേക്കും നയതന്ത്ര ചര്‍ച്ചകളിലേക്കും മടങ്ങണമെന്നും, സമാധാനം പുനഃസ്ഥാപിച്ച് ജീവനും സ്വത്തിനും പൈതൃകത്തിനും കൂടുതല്‍ നാശം സംഭവിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും ഇന്ത്യ ആഹ്വാനം ചെയ്തു.

തായ്‌ലാന്‍ഡ്-കംബോഡിയ സംഘര്‍ഷ പശ്ചാത്തലത്തില്‍, അതിര്‍ത്തിപ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യ ബാങ്കോക്കിലെ ഇന്ത്യന്‍ എംബസിയിലൂടെ യാത്രാ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. സംഘര്‍ഷത്തില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുകയും സംവാദം വഴിയുള്ള പരിഹാരമാണ് ആവശ്യപ്പെടുന്നതെന്നും വ്യക്തമാക്കി.

തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍, 2013ല്‍ കംബോഡിയന്‍ സേന സ്ഥാപിച്ച പ്രതിമ തായ്‌ലാന്‍ഡ് അവകാശപ്പെടുന്ന പ്രദേശത്താണെന്നതാണ് തകര്‍ക്കലിന് പിന്നിലെ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉബോണ്‍ റാച്ചത്താനി പ്രവിശ്യയിലെ ചോങ് ആന്‍ മാ മേഖലയിലുള്ള, ഒരു കാസിനോയ്ക്ക് സമീപമുള്ള പ്രദേശത്ത് നിയന്ത്രണം തിരിച്ചുപിടിച്ചതിന്റെ ഭാഗമായി തങ്ങളുടെ പരമാധികാരം ഉറപ്പാക്കാനായിരുന്നു നടപടിയെന്നാണ് തായ് സൈന്യത്തിന്റെ വിശദീകരണം.
അതേസമയം, സംഘര്‍ഷപരിഹാരത്തിനായി ചൈന ഇടപെടാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഏഷ്യന്‍ കാര്യങ്ങളിലെ ചൈനയുടെ പ്രത്യേക ദൂതനായ ഡെങ് ഷിജുന്‍ ഇരുരാജ്യങ്ങളും സന്ദര്‍ശിക്കുകയും, ചര്‍ച്ചകള്‍ക്ക് വേദി ഒരുക്കാന്‍ ബെയ്ജിങ് തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാനും പരസ്പര വിശ്വാസം വീണ്ടെടുക്കാനും ഇരുരാജ്യങ്ങളും ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ, ഡിസംബര്‍ 24ന് തായ്‌ലാന്‍ഡിലെ ചാന്തബുരി പ്രവിശ്യയിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ തായ്‌ലാന്‍ഡ്-കംബോഡിയ ചര്‍ച്ചകള്‍ ആരംഭിച്ചു.