അമേരിക്ക-റഷ്യ സമ്മർദ്ദങ്ങൾക്കിടയിൽ കാനഡ: ആർക്ടിക് അതിർത്തി സംരക്ഷിക്കാനുള്ള വലിയ പരീക്ഷണം

അമേരിക്ക-റഷ്യ സമ്മർദ്ദങ്ങൾക്കിടയിൽ കാനഡ: ആർക്ടിക് അതിർത്തി സംരക്ഷിക്കാനുള്ള വലിയ പരീക്ഷണം


ഒട്ടാവ: ലോകത്തിലെ ഏറ്റവും വിശാലവും അപകടകരവുമായ പ്രദേശങ്ങളിലൊന്നായ കാനഡയുടെ ആർക്ടിക് മേഖല രാജ്യത്തിന്റെ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാകുന്നു. ഏകദേശം 40 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശത്ത് താമസിക്കുന്നത് ഇംഗ്ലണ്ടിലെ ബ്ലാക്ക്‌ബേൺ നഗരത്തിലോ അമേരിക്കയിലെ സിറാക്യൂസിലോ ഉള്ള ജനസംഖ്യയ്ക്ക് സമാനമായ കുറച്ച് ആളുകൾ മാത്രം.

'യൂറോപ്പിന്റെ ഭൂപടം മുഴുവൻ എടുത്ത് കാനഡയുടെ ആർക്ടിക്കിൽ വെച്ചാലും ഇടം ബാക്കി വരും. അത്രയും അപകടകരമായ പ്രദേശമാണ് അത്,' കാനഡിയൻ സൈന്യത്തിന്റെ വടക്കൻ മേഖലയുടെ മുൻ കമാൻഡർ പിയർ ലെബ്ലാങ്ക് ബിബിസിയോട് പറഞ്ഞു.

ഇത്ര വലിയ പ്രദേശത്തിന്റെ സുരക്ഷയ്ക്കായി കാനഡയ്ക്കുള്ളത് പഴക്കമേറിയ മുന്നറിയിപ്പ് റഡാറുകൾ, എട്ട് സൈനിക താവളങ്ങൾ, 1.62 ലക്ഷം കിലോമീറ്റർ നീളമുള്ള തീരപ്രദേശത്ത് പ്രവർത്തിക്കുന്ന ഏകദേശം 100 സ്ഥിരം കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ മാത്രമാണ്. ഇത് രാജ്യത്തിന്റെ ആകെ തീരരേഖയുടെ 60 ശതമാനത്തോളം വരും.

റഷ്യയും അമേരിക്കയും വടക്കേ ധ്രുവത്തിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്നതിനാൽ ആർക്ടിക് മേഖല കടുത്ത അവകാശ തർക്കത്തിന്റെ കേന്ദ്രമായി മാറുകയാണ്. ചൈനയും സ്വയം 'നിയർ ആർക്ടിക് സ്റ്റേറ്റ്' എന്ന് പ്രഖ്യാപിച്ച് മേഖലയിൽ സാന്നിധ്യം ശക്തമാക്കുകയാണ്. ഈ ശക്തികളുടെ നടുവിലാണ് കാനഡ.

റഷ്യ യുക്രെയ്ൻ അധിനിവേശം നടത്തിയതിനു ശേഷം ആർക്ടിക് സുരക്ഷ വീണ്ടും അന്താരാഷ്ട്ര ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇപ്പോൾ ഗ്രീൻലാൻഡിനെക്കുറിച്ചുള്ള ഡോണൾഡ് ട്രംപിന്റെ പരാമർശങ്ങൾ ഈ വിഷയം വീണ്ടും സജീവമാക്കി. ഗ്രീൻലാൻഡ് അമേരിക്കയുടെ സുരക്ഷയ്ക്ക് നിർണായകമാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.

ആർക്ടിക്കിലെ സുരക്ഷാ ദൗർബല്യങ്ങളെ കുറിച്ച് യുഎസ് ഭരണകൂടം ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിൽ കാനഡയും നേറ്റോ സഖ്യരാജ്യങ്ങളും മേഖലയുടെ സംരക്ഷണത്തിന് കൂടുതൽ നടപടികൾ സ്വീകരിക്കുന്നതായി അറിയിച്ചു. ലോക സാമ്പത്തിക ഫോറത്തിൽ സംസാരിച്ച കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി, റഡാർ സംവിധാനങ്ങൾ, സബ്മറീനുകൾ, വിമാനങ്ങൾ, ഭൂതല സൈനിക സാന്നിധ്യം എന്നിവയ്ക്കായി രാജ്യം 'ചരിത്രത്തിലില്ലാത്ത അത്ര നിക്ഷേപങ്ങൾ' നടത്തുകയാണെന്ന് വ്യക്തമാക്കി.

പ്രതിരോധ ചെലവ് ജിഡിപിയുടെ 2 ശതമാനത്തിൽ നിന്ന് 2035 ഓടെ 5 ശതമാനമായി ഉയർത്താനുള്ള തീരുമാനം ആർക്ടിക് സുരക്ഷയിൽ വലിയ മാറ്റം സൃഷ്ടിച്ചുവെന്ന് പൊതു സുരക്ഷാ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ ആർക്ടിക് കേന്ദ്രീകൃത സമീപനമാണ് ഇതിന് പ്രേരണയായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ വെല്ലുവിളികൾ തുടരുകയാണ്. തുറമുഖ സൗകര്യങ്ങളുടെ കുറവ്, ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള സൈനിക താവളങ്ങളിലേക്കുള്ള സാധനവിതരണ ബുദ്ധിമുട്ടുകൾ എന്നിവ പ്രധാന പ്രശ്‌നങ്ങളാണ്.

പുതിയ തലമുറ ഹൈപ്പർസോണിക് മിസൈലുകളെ കുറിച്ചാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത് . ശബ്ദവേഗത്തിന്റെ അഞ്ചിരട്ടിയിലേറെ വേഗത്തിൽ സഞ്ചരിക്കുന്ന ഇവ കണ്ടെത്താനും തടയാനും നിലവിലെ സംവിധാനങ്ങൾ പര്യാപ്തമല്ല. റഷ്യ യുക്രെയ്‌നിൽ ഇത്തരം മിസൈലുകൾ ഇതിനകം ഉപയോഗിച്ചതോടെ ഭീഷണി സാങ്കൽപികമല്ലെന്നതും വ്യക്തമായി.

'നിലവിലുള്ള വടക്കേ അമേരിക്കൻ പ്രതിരോധ സംവിധാനം ഹൈപ്പർസോണിക് മിസൈലുകൾക്കെതിരെ പൂർണമായും അശക്തമാണ്,' ആർക്ടിക് സുരക്ഷാ വിദഗ്ധനായ ട്രോയ് ബൂഫാർഡ് പറഞ്ഞു.

ഇതിനിടെ, അമേരിക്കയുടെ 'ഗോൾഡൻ ഡോം' മിസൈൽ പ്രതിരോധ പദ്ധതിയിൽ കാനഡയുടെ പങ്ക് എന്താകുമെന്നത് ഇനിയും വ്യക്തമല്ല. ഈ വിഷയത്തിൽ യുഎസ്-കാനഡ ബന്ധത്തിൽ വാക്കുതർക്കങ്ങൾ ഉണ്ടെങ്കിലും, ആർക്ടിക്കിലെ പ്രായോഗിക സഹകരണം ഇപ്പോഴും തുടരുന്നതായി വിദഗ്ധർ പറയുന്നു.

'രാഷ്ട്രീയ പ്രസ്താവനകൾ കാര്യങ്ങളെ സങ്കീർണ്ണമാക്കിയിട്ടുണ്ട്. പക്ഷേ നിലത്തുള്ളവർ ഇപ്പോഴും ഒരുമിച്ച് പ്രവർത്തിക്കുകയാണ്,' ബൂഫാർഡ് വ്യക്തമാക്കി.

ആഗോള ശക്തികളുടെ താൽപര്യങ്ങൾ മുട്ടുന്ന ആർക്ടിക്കിൽ, സ്വന്തം അതിർത്തി സംരക്ഷിക്കാനുള്ള കഴിവ് കാനഡയ്ക്ക് തെളിയിക്കേണ്ട നിർണായക ഘട്ടമാണിത്.