ക്രെംലിൻ : റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ കിഴക്കൻ ഉക്രെയ്‌നിലെ നിർണായക നഗരമായ കോസ്ത്യാന്തിനിവ്ക പൂർണമായും പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. കഴിഞ്ഞ മാസങ്ങളിലെ ഏറ്റവും വലിയ സൈനിക നേട്ടങ്ങളിലൊന്നായാണ് മോസ്‌കോ ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ റഷ്യയുടെ ഈ അവകാശവാദം സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
കോസ്ത്യാന്തിനിവ്ക ഇപ്പോൾ റഷ്യൻ സൈന്യത്തിന്റെ പൂർണ നിയന്ത്രണത്തിലാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. തുടർന്ന് സൈനിക ഉദ്യോഗസ്ഥർക്കൊപ്പം പ്രത്യക്ഷപ്പെട്ട പ്രസിഡന്റ് വ്‌ലാദിമിർ പുട്ടിൻ, ഇത് 'തന്ത്രപ്രധാനമായ വൻ വിജയം' ആണെന്ന് വിശേഷിപ്പിക്കുകയും റഷ്യൻ സൈന്യത്തെ അഭിനന്ദിക്കുകയും ചെയ്തു.
യുദ്ധത്തിന് മുമ്പ് 78,000ത്തോളം ജനസംഖ്യയുണ്ടായിരുന്ന കോസ്ത്യാന്തിനിവ്ക, കിഴക്കൻ ഉക്രെയ്‌നിലെ ക്രമാറ്റോർസ്‌ക്, സ്ലോവ്യാൻസ്‌ക് എന്നീ പ്രധാന നഗരങ്ങളിലേക്കുള്ള നിർണായക കവാടമായാണ് കണക്കാക്കപ്പെടുന്നത്. ഈ നഗരം പിടിച്ചെടുത്താൽ ഡൊനെസ്‌ക് മേഖലയിലേക്കുള്ള റഷ്യയുടെ മുന്നേറ്റത്തിന് കൂടുതൽ ശക്തി ലഭിക്കുമെന്നാണ് സൈനിക വിദഗ്ധരുടെ വിലയിരുത്തൽ.
കോസ്ത്യാന്തിനിവ്കയിലെ തകർന്ന കെട്ടിടങ്ങളിലും ഭൂഗർഭ മുറികളിലും ഒളിച്ചിരിക്കുന്നതായി കരുതുന്ന ഉക്രെയ്ൻ സൈനികർക്കെതിരെ 'തിരച്ചിൽനിർമാർജന നടപടികൾ' തുടരുകയാണെന്ന് റഷ്യൻ സൈനിക കമാൻഡർ ആന്റൺ ഗ്രുനിസ് അറിയിച്ചു.
റഷ്യൻ സൈന്യം യുദ്ധഭൂമിയിൽ ഇപ്പോഴും തന്ത്രപരമായ മുൻതൂക്കം നിലനിർത്തുകയാണെന്ന് പുട്ടിൻ അവകാശപ്പെട്ടു. ലുഹാൻസ്‌ക് മേഖല മുഴുവനും റഷ്യയുടെ നിയന്ത്രണത്തിലാണെന്നും ജനറൽ സ്റ്റാഫ് മേധാവി വലേരി ഗെരാസിമോവ് അറിയിച്ചു.
അതേസമയം, സപ്പോറിഷ്യ നഗരത്തിൽ നിന്ന് ഒമ്പത് കിലോമീറ്ററും വടക്കൻ ഉക്രെയ്‌നിലെ സുമി നഗരത്തിൽ നിന്ന് പത്ത് കിലോമീറ്ററും അകലെയാണ് റഷ്യൻ സൈന്യമെന്നാണ് റഷ്യയുടെ മറ്റൊരു അവകാശവാദം. ഈ വിവരങ്ങൾക്കും സ്വതന്ത്ര സ്ഥിരീകരണമില്ല.
കോസ്ത്യാന്തിനിവ്ക പിടിച്ചെടുത്തെന്ന് റഷ്യ; 'നിർണായക തന്ത്രവിജയം' എന്ന് പുട്ടിൻ
