ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിനെ 'ഇറാന്റെ ആണവായുധം' എന്ന് വശേഷിപ്പിച്ച് ഇറാൻ പാർലമെന്റ് ഉപാധ്യക്ഷൻ അലി നിക്‌സാദ്. ഇറാനിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഹോർമുസ് കടലിടുക്കിന് ആണവബോംബിനേക്കാൾ പ്രാധാന്യമുണ്ടെന്നും അതാണ് ഇറാന്റെ ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 28 മുതൽ ആരംഭിച്ച യുദ്ധത്തിനുശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരസ്പരവിരുദ്ധ പ്രസ്താവനകൾക്ക് വിശ്വാസ്യതയില്ലെന്നും നിക്‌സാദ് ആരോപിച്ചു. യുദ്ധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇറാന്റെ നിലപാട് വ്യക്തമായ ആശയപരമായ അടിത്തറയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്കിന്റെ നിലവിലെ സാഹചര്യം പഴയ നിലയലേക്ക് മടങ്ങില്ലെന്നും അതുമായി ബന്ധപ്പെട്ട നിയമനടപടികൾ ഇറാൻ പാർലമെന്റിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 'അമേരിക്കയ്ക്ക് ആയിരക്കണക്കിന് ആണവായുധങ്ങളുണ്ട്. എന്നാൽ ഞങ്ങൾക്ക് ആണവായുധം ഉണ്ടായിരുന്നാലും അത് ഒരിക്കലും ഉപയോഗിക്കില്ല. ഹോർമുസ് കടലിടുക്കാണ് ഞങ്ങളുടെ യഥാർത്ഥ ശക്തി,' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇതിനിടെ ഗൾഫ് മേഖലയിലെ സൈനിക സംഘർഷം വീണ്ടും രൂക്ഷമായിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര കപ്പൽഗതാഗതത്തിന് ഭീഷണിയായ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ച് തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. വെള്ളിയാഴ്ചയും നാല് ഇറാനിയൻ ഡ്രോണുകൾ തകർത്തതായി അമേരിക്ക അവകാശപ്പെട്ടു. കൂടാതെ ഇറാന്റെ തീരദേശ നിരീക്ഷണ റഡാർ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായും യുഎസ് വ്യക്തമാക്കി.
അതേസമയം, സിറിക്, ഖെഷം ദ്വീപുകളിലെ അമേരിക്കൻ ആക്രമണങ്ങൾക്ക് മറുപടിയായി മേഖലയിലെ 'ശത്രു താവളങ്ങൾ' ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് അറിയിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും ബഹ്രൈൻ തലസ്ഥാനമായ മനാമയിലും സ്‌ഫോടന ശബ്ദങ്ങളും വ്യോമാക്രമണ മുന്നറിയിപ്പുകളും മുഴങ്ങി.
കുവൈത്തിനും ബഹ്രൈനുമെതിരെ ഇറാൻ ഏഴ് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചുവെന്ന് യുഎസ് സൈന്യം അറിയിച്ചു. ഇതിൽ ആറ് മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായും ഏഴാമത്തേത് ലക്ഷ്യത്തിലെത്തിയില്ലെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ബഹ്രൈനിലുള്ള യുഎസിന്റെ അഞ്ചാം നാവികസേന ആസ്ഥാനം ആക്രമണത്തിൽ തകർന്നെന്ന ഇറാന്റെ അവകാശവാദവും അമേരിക്ക തള്ളി.
'ഹോർമുസ് കടലിടുക്ക് തന്നെയാണ് ഞങ്ങളുടെ ആണവായുധം'; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ പാർലമെന്റ് ഉപാധ്യക്ഷൻ
