ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമായി. മുന്‍ മുഖ്യമന്ത്രിയും പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് (പി ടി ഐ) നേതാവുമായ അലി അമീന്‍ ഗണ്ഡാപൂറിനെ വീട്ടുതടങ്കലിലാക്കി. മുന്‍ മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദിയെയും പ്രവിശ്യയിലെ പാര്‍ട്ടി അധ്യക്ഷന്‍ ജുനൈദ് അക്ബറിനെയും കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പി ടി ഐ ഭരിക്കുന്ന പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള ഫെഡറല്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ ശക്തമായി. പ്രവിശ്യയിലെ ക്രമസമാധാന നില വഷളായെന്നും വര്‍ധിച്ചുവരുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ പ്രാദേശിക ഭരണകൂടം പരാജയപ്പെട്ടെന്നുമുള്ള ആരോപണങ്ങളാണ് അടിയന്തരാവസ്ഥയ്ക്ക് പിന്നില്‍. എന്നാല്‍ പി ടി ഐ ഈ ആരോപണങ്ങള്‍ തള്ളി.
ഗണ്ഡാപൂറിനെ വീട്ടുതടങ്കലിലാക്കിയ വിവരം പി ടി ഐയുടെ ഖൈബര്‍ പഖ്തുന്‍ഖ്വ നേതൃത്വം എക്‌സിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് അറിയിച്ചത്. പാര്‍ട്ടിയെ ഭയപ്പെടുത്താനുള്ള ശ്രമമാണിതെന്ന് നേതൃത്വം ആരോപിച്ചു.
ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് ഫെഡറല്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ശക്തമാക്കുന്നതിനിടെയാണ് പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇസ്ലാമാബാദിലേക്ക് മാര്‍ച്ച് നടത്താനുള്ള നീക്കത്തിലാണ് പി ടി ഐ. തലസ്ഥാനത്ത് പ്രതിഷേധങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത സര്‍ക്കാരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ സൈനികരെ വിന്യസിക്കാന്‍ പാകിസ്താന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. തെഹ്രീകെ താലിബാന്‍ പാകിസ്താന്‍ (ടി ടി പി) ഉള്‍പ്പെടെയുള്ള സായുധസംഘങ്ങളുടെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ നേരിടുന്ന പ്രവിശ്യയാണിത്.
ചില ജില്ലകളിലെ സുരക്ഷാ സാഹചര്യം ഗണ്യമായി വഷളായതായി ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്വി പറഞ്ഞു.
ഭീകരവാദ ഭീഷണി നേരിടുന്നതില്‍ പ്രവിശ്യാ ഭരണകൂടം വേണ്ടത്ര നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് ഫെഡറല്‍ സര്‍ക്കാരിന്റെ ആരോപണം. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പ്രവിശ്യാ സര്‍ക്കാര്‍ മനഃപൂര്‍വം സഹകരിക്കുന്നില്ലെന്ന വിഷയം ഫെഡറല്‍ മന്ത്രിസഭ പരിഗണിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സാധാരണക്കാര്‍ക്കും നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമായി നോക്കിനില്‍ക്കാനാവില്ലെന്ന് ഷഹബാസ് ഷരീഫ് മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു.
ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്ക് സായുധസംഘങ്ങളോടും അഫ്ഗാന്‍ താലിബാനോടും അനുഭാവമുണ്ടെന്നും ഇസ്ലാമാബാദ് ആരോപിച്ചിട്ടുണ്ട്. പി ടി ഐയും അഫ്ഗാന്‍ താലിബാനും ഈ ആരോപണങ്ങള്‍ നിഷേധിച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ പി ടി ഐ അധ്യക്ഷന്‍ ഗോഹര്‍ അലി ഖാന്‍ ശക്തമായി അപലപിച്ചു. ജനാധിപത്യവിരുദ്ധമായ നടപടിയാണിതെന്നും പ്രവിശ്യയുടെ സ്വയംഭരണത്തെയും ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും ഇത് ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ ശക്തമായി അപലപിക്കുകയും നടപടി പൂര്‍ണമായും തള്ളിക്കളയുകയും ചെയ്യുന്നുവെന്നും അതീവ ആശങ്കാജനകവും ഗുരുതരവുമായ രാഷ്ട്രീയ പിഴവും ജനാധിപത്യവിരുദ്ധമായ നടപടിയുമാണിതെന്നും ജനങ്ങളുടെ അവകാശങ്ങള്‍ക്കെതിരായ ഇത്തരം നീക്കങ്ങള്‍ അവര്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും ഗോഹര്‍ അലി ഖാന്‍ പറഞ്ഞു.
ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ജനങ്ങളുടെ ജനവിധി ഭരണഘടനാപരവും നിയമപരവുമായ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ മാറ്റിനിര്‍ത്തി സുരക്ഷ ഉറപ്പാക്കാനാവില്ലെന്നാണ് പി ടി ഐയുടെ നിലപാട്. ഭീകരവാദത്തിനെതിരായ പോരാട്ടത്തെ രാഷ്ട്രീയമായി തങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ഉപാധിയായി ഇസ്ലാമാബാദ് ഉപയോഗിക്കുകയാണെന്നും പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു.
ഇമ്രാന്‍ ഖാന്റെ അടുത്ത സഹായിയും പാര്‍ട്ടി വക്താവുമായ സുല്‍ഫിക്കര്‍ ബുഖാരി അടിയന്തരാവസ്ഥയെ മറവിലുള്ള അട്ടിമറി എന്നാണ് വിശേഷിപ്പിച്ചത്.
പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിയും ഭീകരവാദത്തിനെതിരായ പോരാട്ടവും ഒരുപോലെ നിര്‍ണായകമായ മേഖലയാണ് ഖൈബര്‍ പഖ്തുന്‍ഖ്വ. ഇമ്രാന്‍ ഖാന്റെ പി ടി ഐയുടെ ശക്തികേന്ദ്രവും അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സുരക്ഷാപ്രധാനമായ പ്രവിശ്യയുമായ ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് പ്രവിശ്യാ സ്വയംഭരണം, ജനാധിപത്യ പ്രാതിനിധ്യം, സുരക്ഷാ നയം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പുതിയ മാനം നല്‍കിയിരിക്കുകയാണ്.
ഫെഡറല്‍ മന്ത്രിസഭയുടെ തീരുമാനത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ ശുപാര്‍ശയിലാണ് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അടിയന്തരാവസ്ഥയ്ക്ക് അംഗീകാരം നല്‍കിയത്. ഇതോടെ സുഹൈല്‍ അഫ്രീദിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രവിശ്യാ ഭരണകൂടത്തിന്റെ അധികാരങ്ങള്‍ ഫലത്തില്‍ സസ്പെന്‍ഡ് ചെയ്യപ്പെടും. പ്രവിശ്യാ ഗവര്‍ണര്‍ ഉപദേശക സമിതിയുടെ സഹായത്തോടെ ഭരണച്ചുമതല ഏറ്റെടുക്കുമെന്നും പ്രാരംഭ ഘട്ടത്തില്‍ ആറുമാസത്തേക്കായിരിക്കും ഈ ക്രമീകരണമെന്നും നിയമമന്ത്രി അസം നസീര്‍ തരാര്‍ പറഞ്ഞു.
പാകിസ്താന്‍ ഭരണഘടനയിലെ 232, 234 അനുച്ഛേദങ്ങള്‍ പ്രകാരമാണ് അടിയന്തര ഇടപെടല്‍. സുരക്ഷാ ഭീഷണിയോ ഭരണഘടനാപരമായ ഭരണസംവിധാനത്തിന്റെ തകര്‍ച്ചയോ പോലുള്ള നിശ്ചിത സാഹചര്യങ്ങളില്‍ പ്രവിശ്യാ ഭരണത്തില്‍ ഫെഡറല്‍ സര്‍ക്കാരിന് ഇടപെടാന്‍ ഈ വ്യവസ്ഥകള്‍ അധികാരം നല്‍കുന്നു.
എന്നാല്‍, എല്ലാ മൗലികാവകാശങ്ങളും റദ്ദാക്കുന്നതായല്ല സര്‍ക്കാര്‍ നടപടിയെ അവതരിപ്പിച്ചിട്ടുള്ളത്. അടിയന്തര നടപടികള്‍ക്കും ഗവര്‍ണര്‍ ഭരണത്തിനും പാര്‍ലമെന്റിന്റെ പരിശോധനയും അംഗീകാരവും ഉള്‍പ്പെടെയുള്ള ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.
