രാജി സമയക്രമം പ്രഖ്യാപിക്കണമെന്ന സമ്മര്‍ദത്തില്‍ സ്റ്റാര്‍മര്‍; ആന്‍ഡി ബേണ്‍ഹാമിന് പിന്തുണ ശക്തമാകുന്നു

രാജി സമയക്രമം പ്രഖ്യാപിക്കണമെന്ന സമ്മര്‍ദത്തില്‍ സ്റ്റാര്‍മര്‍; ആന്‍ഡി ബേണ്‍ഹാമിന് പിന്തുണ ശക്തമാകുന്നു


ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കെയര്‍ സ്റ്റാര്‍മറോട് പദവി ഒഴിയുന്നതിനുള്ള സമയക്രമം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ലേബര്‍ പാര്‍ട്ടിയിലെ എം പിമാരും മന്ത്രിമാരും സമ്മര്‍ദം ശക്തമാക്കി. മേക്കര്‍ഫീല്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ആന്‍ഡി ബേണ്‍ഹാം നേടിയ വന്‍ വിജയം നേതൃത്വമാറ്റത്തിനുള്ള ചര്‍ച്ചകള്‍ക്ക് പുതിയ ഊര്‍ജം പകര്‍ന്നിരിക്കുകയാണ്.

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മുന്‍ മേയറായ ബേണ്‍ഹാമിന് അധികാരം കൈമാറുന്നതിനുള്ള നീക്കങ്ങള്‍ ഔപചാരിക നേതൃത്വ തെരഞ്ഞെടുപ്പ് ഒഴിവാക്കി തന്നെ നടപ്പാക്കണമെന്നാണ് ലേബര്‍ എം പിമാരില്‍ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍, ഏത് വെല്ലുവിളിയെയും നേരിടുമെന്നും സ്ഥാനമൊഴിഞ്ഞ് മാറിനില്‍ക്കില്ലെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി.

ബേണ്‍ഹാമിന്റെ അനുയായികള്‍ പ്രധാനമന്ത്രി വാരാന്ത്യത്തില്‍ ആലോചിച്ച് മന്ത്രിസഭാംഗങ്ങളുടെയും എം പിമാരുടെയും കുടുംബാംഗങ്ങളുടെയും അഭിപ്രായം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ബേണ്‍ഹാമും മറ്റൊരു സാധ്യതാ നേതാവായ വെസ് സ്ട്രീറ്റിംഗും ഈ വാരാന്ത്യത്തില്‍ മാധ്യമങ്ങളെ ഒഴിവാക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

വെള്ളിയാഴ്ച സ്റ്റാര്‍മര്‍ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരുമായി ഫോണില്‍ സംസാരിച്ച് പിന്തുണയുടെ തോത് വിലയിരുത്തി. പദവി ഒഴിയുന്നതിനുള്ള സമയക്രമം പ്രഖ്യാപിക്കുന്നത് പരിഗണിക്കണമെന്ന് ഗതാഗത സെക്രട്ടറി ഹെയ്ഡി അലക്‌സാണ്ടര്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ധനമന്ത്രി റേച്ചല്‍ റീവ്‌സ് സ്റ്റാര്‍മറോട് പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തിന് പിന്നാലെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദും ഊര്‍ജമന്ത്രി എഡ് മിലിബാന്‍ഡും ഉള്‍പ്പെടെ ചില മന്ത്രിമാര്‍ രാജിക്കായുള്ള സമയക്രമം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മേക്കര്‍ഫീല്‍ഡ് വിജയത്തിന് ശേഷം ഷബാന മഹ്മൂദും സ്റ്റാര്‍മറും സംസാരിച്ചിട്ടില്ലെന്നാണ് വിവരം.

ചൊവ്വാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗം സ്റ്റാര്‍മറുടെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന നിര്‍ണായക ഘട്ടമായി കണക്കാക്കപ്പെടുന്നു. രാജിക്കുള്ള സമയക്രമം പ്രഖ്യാപിക്കുമോയെന്ന ചോദ്യത്തിന്, രണ്ട് വര്‍ഷം മുമ്പ് ലഭിച്ച ജനവിധിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ സേവിക്കാനാണ് താന്‍ തിരഞ്ഞെടുക്കപ്പെട്ടതെന്നും സാമ്പത്തിക സ്ഥിരത കൈവരിക്കുകയും കുടിയേറ്റം നിയന്ത്രണവിധേയമാക്കുകയും ചെയ്തിട്ടുണ്ടെന്നും സ്റ്റാര്‍മര്‍ പ്രതികരിച്ചു.

നേതൃത്വ മത്സരമുണ്ടായാല്‍ താന്‍ മത്സരിക്കുമെന്നും മാറിനില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മേക്കര്‍ഫീല്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ലേബറിന്റെ വോട്ടുശതമാനം 10 ശതമാനം വര്‍ധിപ്പിക്കുകയും റിഫോം യു കെ സ്ഥാനാര്‍ഥിയെ 9,000-ത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുകയും ചെയ്തതോടെ ബേണ്‍ഹാമിനെ നേതൃസ്ഥാനത്തേക്ക് എത്തിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

രാജ്യത്തെ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനുള്ള അവസരമാണിതെന്നും ഈ പ്രചാരണത്തിന്റെ ഊര്‍ജം മുന്നോട്ടുകൊണ്ടുപോയി ബ്രിട്ടീഷ് രാഷ്ട്രീയത്തെ എന്നെന്നേക്കുമായി മാറ്റുമെന്നും  വിജയാഘോഷത്തിനിടെ ബേണ്‍ഹാം പറഞ്ഞു.

മുന്‍ ഗതാഗത സെക്രട്ടറി ലൂയിസ് ഹെയ്ഗ് നേതൃത്വമാറ്റം ക്രമബദ്ധമായും സമാധാനപരമായും നടക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയെ പിന്തുണച്ച് മുമ്പ് കത്തില്‍ ഒപ്പുവെച്ചിരുന്ന ബ്രാക്ക്‌നെല്‍ എം പി പീറ്റര്‍ സ്വാലോ, സ്റ്റാര്‍മര്‍ രാജിവെക്കേണ്ട സമയമായെന്ന് അഭിപ്രായപ്പെട്ടു.

ബാസെറ്റ്ലോ എം പി ജോ വൈറ്റ്, സ്റ്റാര്‍മര്‍ തന്റെ നിലപാട് ഗൗരവമായി പുനഃപരിശോധിക്കണമെന്നും തിങ്കളാഴ്ച തന്നെ സുഗമമായ അധികാര കൈമാറ്റം പ്രഖ്യാപിച്ച് ആന്‍ഡി ബേണ്‍ഹാമിനെ അടുത്ത പ്രധാനമന്ത്രിയാക്കണമെന്നും ആവശ്യപ്പെട്ടു. തന്റെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ സ്റ്റാര്‍മറെ പ്രധാനമന്ത്രിയായി ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു.

അതേസമയം നീതിന്യായ സഹമന്ത്രി കാതറിന്‍ ആറ്റ്കിന്‍സണ്‍ ഉള്‍പ്പെടെയുള്ള ചില ലേബര്‍ നേതാക്കള്‍ സ്റ്റാര്‍മറുടെ പിന്നില്‍ ഉറച്ചുനില്‍ക്കുകയാണ്. കണ്‍സര്‍വേറ്റീവ് ഭരണകാലത്തെപ്പോലെ നിരന്തരം പ്രധാനമന്ത്രിമാര്‍ മാറുന്നത് രാജ്യത്തിന് ഗുണകരമല്ലെന്നും ചെയ്യാനുള്ള കാര്യങ്ങള്‍ ഏറെ ബാക്കിയുണ്ടെന്നും അവര്‍ പറഞ്ഞു.

ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വെസ്റ്റ്മിന്‍സ്റ്ററിലേക്ക് എം പിയായി മടങ്ങിയെത്തുന്ന ബേണ്‍ഹാമിന് ഇനി ലേബര്‍ നേതൃസ്ഥാനത്തേക്ക് മത്സരിക്കാനാകും. നേതൃത്വ മത്സരം ആരംഭിക്കാന്‍ 81 ലേബര്‍ എം പിമാരുടെ പിന്തുണ ആവശ്യമാണ്. ഇത് ബേണ്‍ഹാമിന് എളുപ്പത്തില്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം സ്‌കോട്ട്‌ലന്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എസ് എന്‍ പി ആര്‍ബ്രോത്ത് ആന്‍ഡ് ബ്രൗട്ടി ഫെറി സീറ്റ് നിലനിര്‍ത്തിയപ്പോള്‍ അബര്‍ഡീന്‍ സൗത്ത് മണ്ഡലം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പിടിച്ചെടുത്തു. 50 വര്‍ഷത്തിനുശേഷമുള്ള പാര്‍ട്ടിയുടെ ആദ്യ സ്‌കോട്ടിഷ് ഉപതെരഞ്ഞെടുപ്പ് വിജയമാണിത്.

കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബാഡെനോക്, നോര്‍ത്ത് സീയിലെ എണ്ണ- വാതക ഖനനത്തിന് കൂടുതല്‍ പിന്തുണ നല്‍കണമെന്ന സന്ദേശമാണ് വോട്ടര്‍മാര്‍ നല്‍കിയതെന്ന് പ്രതികരിച്ചു. ലേബര്‍ പാര്‍ട്ടി ആഭ്യന്തര രാഷ്ട്രീയ നാടകങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ജനങ്ങളുടെ ജീവിതച്ചെലവ് ഉള്‍പ്പെടെയുള്ള യഥാര്‍ഥ പ്രശ്‌നങ്ങള്‍ അവഗണിക്കുകയാണെന്നും അവര്‍ ആരോപിച്ചു.