ഇറാന്‍ കപ്പലിന്റേയും നാവികരുടേയും സുരക്ഷ ഏറ്റെടുത്ത് ശ്രീലങ്ക

ഇറാന്‍ കപ്പലിന്റേയും നാവികരുടേയും സുരക്ഷ ഏറ്റെടുത്ത് ശ്രീലങ്ക


കൊളംബോ: ഇറാനിയന്‍ യുദ്ധക്കപ്പല്‍ ഐറിസ് ദേനയ്ക്കു നേരെ യു എസ് മുങ്ങിക്കപ്പലില്‍ നിന്നുണ്ടായ ടൊര്‍പിഡോ ആക്രമണത്തെ തുടര്‍ന്ന് ഇറാനിയന്‍ നാവിക സേന കപ്പല്‍ ഐറിസ് ബുഷഹറിലെ 208 നാവികരേയും ശ്രീലങ്ക സുരക്ഷിതമായി കരയിലെത്തിച്ചു. കപ്പല്‍ ഇപ്പോള്‍ ശ്രീലങ്കന്‍ നാവികസേനയുടെ നിയന്ത്രണത്തിലായി. കപ്പലിന്റെ സുരക്ഷയ്ക്കായി ട്രിങ്കോമാലി തുറമുഖ ഭാഗത്തേക്ക് മാറ്റുമെന്ന് അധികാരികള്‍ അറിയിച്ചു. 

ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ച്കപ്പല്‍ രാജ്യത്തെ തുറമുഖത്ത് പ്രവേശിക്കാന്‍ അനുമതി തേടിയതായും നിഷ്പക്ഷ രാഷ്ട്രം എന്ന നിലയില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ട് നടപടി സ്വീകരിക്കുകയും ചെയ്തതായി പ്രസിഡന്റ് ഡിസ്സനായകെ പറഞ്ഞു.

ശ്രീലങ്കന്‍ അധികൃതര്‍ കപ്പലിലെ ജീവനക്കാരും ക്യാപ്റ്റനുമായും ശ്രീലങ്കയിലെ ഇറാന്‍ എംബസിയുമായും നിരന്തരം ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കപ്പലും ജീവനക്കാരും താത്ക്കാലികമായി ശ്രീലങ്കയുടെ സംരക്ഷണത്തില്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.

കപ്പല്‍ ആദ്യം കൊളംബോ തുറമുഖത്തിന് സമീപമായിരുന്നുവെങ്കിലും ഇത് രാജ്യത്തിന്റെ പ്രധാന വ്യാപാര തുറമുഖമായതിനാല്‍ അവിടെ ഇത്തരമൊരു സൈനിക കപ്പല്‍ തടഞ്ഞുവെക്കുന്നത് മാരിടൈം വ്യാപാരത്തെ ബാധിക്കാമെന്ന് സര്‍ക്കാര്‍ വിലയിരുത്തിയതിനാലുമാണ് ട്രിങ്കോമാലി തുറമുഖത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. 

53 ഓഫീസര്‍മാര്‍, 84 കേഡറ്റ് ഓഫീസര്‍മാര്‍, 48 സീനിയര്‍ സെയിലര്‍മാര്‍, 21 സെയിലര്‍മാര്‍ എന്നിങ്ങനെയാണ് ഇറാന്‍ കപ്പലിലുണ്ടായിരുന്നത്. തങ്ങള്‍ യാതൊരു രാജ്യത്തിന്റെയും പക്ഷം പിടിക്കുന്നില്ലെന്നും സ്വതന്ത്രവും സ്വാധീനവുമുള്ള രാജ്യമായി അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ എം പി മുജീബുര്‍റഹ്മാന്‍ പാര്‍ലമെന്റില്‍ ആരോപിച്ചത് മുങ്ങിയ ഐറിസ് ദേന ദല്ലെ തുറമുഖത്ത് പ്രവേശിക്കാന്‍ അനുമതി തേടിയിരുന്നെങ്കിലും സര്‍ക്കാര്‍ സമയത്ത് പ്രതികരിച്ചില്ല എന്നാണ്.